അപൂര്‍വ്വയിനം ആല്‍ബിനോ പാണ്ടയെ ചൈനയില്‍ കണ്ടെത്തി

അപൂര്‍വ്വയിനം ആല്‍ബിനോ പാണ്ടയെ ചൈനയില്‍ കണ്ടെത്തി

ബീജിംഗ്: തെക്ക്പടിഞ്ഞാറന്‍ ചൈനയിലുള്ള വൊലോങ് നാഷണല്‍ നേച്വര്‍ റിസര്‍വ് എന്ന സംരക്ഷിത വനമേഖലയില്‍ (നേച്വര്‍ റിസര്‍വ്) കഴിഞ്ഞദിവസം വെളുത്ത നിറത്തിലുള്ള അപൂര്‍വ്വയിനം ആല്‍ബിനോ പാണ്ടയെ കണ്ടെത്തി. പാണ്ട വര്‍ഗത്തിലും ആല്‍ബിനിസം നിലനില്‍ക്കുന്നുണ്ടെന്നതിനുള്ള തെളിവ് കൂടിയായി ഇത്. മെലാനിന്‍ എന്ന വര്‍ണ്ണവസ്തുവിന്റെ ഉത്പാദനത്തിലുണ്ടാകുന്ന തകരാറ് ഉണ്ടാക്കുന്ന രോഗമാണ് ആല്‍ബിനിസം. ഈ രോഗമുള്ള മൃഗങ്ങള്‍ പലപ്പോഴും ഇരയായി മാറുന്നത് പതിവാണ്. കാരണം ഇവയുടെ വെള്ള നിറം വേട്ടക്കാരന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. അതിനു പുറമേ കാഴ്ച ശക്തിയും കുറവായതിനാല്‍ ഇവയെ വേട്ടയാടാനും എളുപ്പമാണ്.

ചൈനയിലെ തെക്ക് പടിഞ്ഞാറുള്ള സിച്ചുവാന്‍ പ്രവിശ്യയിലെ വനത്തിനുള്ളിലൂടെ ഏപ്രില്‍ മധ്യത്തില്‍ ട്രെക്കിംഗ് നടത്തുമ്പോഴാണ് ഈ അപൂര്‍വ്വയിനം പാണ്ടയെ കണ്ടെത്തിയത്. ഒന്നിനും രണ്ടിനും മധ്യേ പ്രായമുള്ളതാണ് ഈ പാണ്ടയെന്നു പീകിങ് സര്‍വകലാശാലയില്‍ കരടിയെ കുറിച്ചു ഗവേഷണം നടത്തുന്ന ലീ ഷെംഗ് പറഞ്ഞു. ലോകത്തില്‍ വൈല്‍ഡ് പാണ്ടകളുടെ 80 ശതമാനവും വസിക്കുന്നത് സിച്ചുവാനിലാണ്. പിന്നെ ഷാംഗ്‌സിയിലും ഗാന്‍സു പ്രവിശ്യയിലുമുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ പ്രകാരമുള്ള കണക്ക്പ്രകാരം ലോകത്തില്‍ കൂട്ടിലടയ്ക്കപ്പെട്ട പാണ്ടകളുടെ എണ്ണം 548 ആണെന്നു ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ പറയുന്നു. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ കണക്ക്പ്രകാരം വനത്തില്‍ വസിക്കുന്ന പാണ്ടകള്‍ 2,000-ത്തിലും താഴെയാണ്. അടുത്ത ബന്ധത്തിന്റെ പ്രതീകമെന്ന നിലയില്‍ ചൈന പാണ്ടയെ സുഹൃദ് രാജ്യങ്ങള്‍ക്കു സമ്മാനിക്കാറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ പട്ടികയിലിടം നേടിയ മൃഗമാണു പാണ്ട.

Comments

comments

Categories: World
Tags: Albino panda

Related Articles