തൊഴില്‍ വിപണി ഉണരുന്നു; നിയമന പ്രവര്‍ത്തനങ്ങളില്‍ 16% വര്‍ധന

തൊഴില്‍ വിപണി ഉണരുന്നു; നിയമന പ്രവര്‍ത്തനങ്ങളില്‍ 16% വര്‍ധന
 • 2,477 നിയമനങ്ങളാണ് കഴിഞ്ഞ മാസം നടന്നത്
 • ഐടി വിഭാഗത്തിലെ നിയമനങ്ങള്‍ 39 ശതമാനം വര്‍ധിച്ചു
 • കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമനങ്ങളിലുണ്ടായ ശരാശരി വളര്‍ച്ച 12 ശതമാനമാണ്

ന്യൂഡെല്‍ഹി: ഏപ്രില്‍ മാസം നിയമന പ്രവര്‍ത്തനങ്ങളില്‍ 16 ശതമാനം വാര്‍ഷിക വര്‍ധന നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ഐടി വിഭാഗത്തിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നും ജോബ് പോര്‍ട്ടലായ നൗക്രിയുടെ ജോബ്‌സ്പീക്ക് സൂചിക വ്യക്തമാക്കുന്നു.

2,477 നിയമനങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. 2018 ഏപ്രിലില്‍ 2,139 നിയമനങ്ങള്‍ നടന്ന സ്ഥാനത്താണിത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏപ്രിലില്‍ നിയമന പ്രവര്‍ത്തനങ്ങള്‍ 16 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഐടി വിഭാഗത്തിലെ നിയമനങ്ങളില്‍ 39 ശതമാനം വാര്‍ഷിക വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. സൈറ്റ് എന്‍ജിനീയറിംഗ് വിഭാഗത്തിലേക്കുള്ള നിയമനങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനവും സെയ്ല്‍സ്, ബിസിനസ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലേക്കുള്ള നിയമനങ്ങള്‍ ഒന്‍പത് ശതമാനവും വര്‍ധിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമനങ്ങളിലുണ്ടായ ശരാശരി വളര്‍ച്ച 12 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ നിയമന പ്രവര്‍ത്തനങ്ങള്‍ക്ക് 16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തികൊണ്ട് തുടക്കം കുറിച്ചതായും വിവിധ മേഖലകളിലായി മികച്ച നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്താന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവരുന്നുണ്ടെന്നും ഇന്‍ഫോഎഡ്ജ് ഇന്ത്യ സിഎംഒ സുമീത് സിംഗ് പറഞ്ഞു.

ഏപ്രില്‍ മാസത്തെ നിയമന പ്രവണത കണക്കിലെടുക്കുമ്പോള്‍ വരും മാസങ്ങളിലും തൊഴില്‍ വിപണിയില്‍ അനുകൂലമായ തരംഗമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൗക്രി ഡോട്ട് കോം വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യുന്ന തൊഴിലുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ജോബ്‌സ്പീക്ക് സൂചിക ഓരോ മാസത്തെയും നിയമനങ്ങള്‍ കണക്കാക്കുന്നത്.

ഐടി, എന്‍ജിനീയറിംഗ്, റിയല്‍റ്റി, എഫ്എംസിജി മേഖലകളിലെ നിയമനങ്ങളിലാണ് ഏപ്രിലില്‍ വലിയ വര്‍ധന നിരീക്ഷിച്ചിട്ടുള്ളത്. അതേസമയം, ബാങ്കിംഗ് ധനകാര്യ സേവന മേഖലയിലെ നിയമനങ്ങളില്‍ 15 ശതമാനവും ഓട്ടോ മേഖലയിലെ നിയമനങ്ങളില്‍ ഒരു ശതമാനവും ഇടിവുണ്ടായി. പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കെടുത്താല്‍ എന്‍ട്രി തലത്തിലുള്ള ജോലികളിലും മൂന്ന് വര്‍ഷം വരെ പരിചയസമ്പത്തുള്ളവരുടെ വിഭാഗത്തിലേക്കുമുള്ള നിയമനങ്ങള്‍ 18 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

നാല് മുതല്‍ ഏഴ് വര്‍ഷം വരെ പ്രവൃത്തി പരിചയം ആവശ്യമുള്ള മിഡ് ലെവല്‍ എക്‌സിക്യൂട്ടീവുകളുടെ നിയമനത്തില്‍ 17 ശതമാനം വര്‍ധനയുണ്ടായി. എട്ട് മുതല്‍ പന്ത്രണ്ട് വര്‍ഷം വരെ പ്രവൃത്തി പരിചയം ആവശ്യമുള്ള മിഡ് മാനേജ്‌മെന്റ് തലത്തിലെ നിയമനങ്ങള്‍ 11 ശതമാനവും സീനിയര്‍ മാനേജ്‌മെന്റ് പദവിയിലേക്കുള്ള നിയമനങ്ങള്‍ ഒന്‍പത് ശതമാനവും വര്‍ധിച്ചു.

നഗരങ്ങള്‍ തിരിച്ചുള്ള കണക്കെടുത്താല്‍ ഡെല്‍ഹിയിലെയും ചെന്നൈയിലെയും നിയമന പ്രവര്‍ത്തനങ്ങളില്‍ 13 ശതമാനം വീതം വര്‍ധനയുണ്ടായി. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നിയമനങ്ങള്‍ യഥാക്രമം 11 ശതമാനവും 19 ശതമാനവും വര്‍ധിച്ചു. പുനെയിലെ നിയമനങ്ങളില്‍ 11 ശതമാനവും ബെംഗളൂരുവിലെ നിയമനങ്ങളില്‍ 23 ശതമാനവും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

നിയമങ്ങളിലെ ഇടിവും വര്‍ധനയും

 • സൈറ്റ് എന്‍ജിനീയറിംഗ് വിഭാഗത്തിലേക്കുള്ള നിയമനങ്ങള്‍ 26% വര്‍ധിച്ചു
 • സെയ്ല്‍സ്, ബിസിനസ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലേക്കുള്ള നിയമനങ്ങള്‍ 9% വര്‍ധിച്ചു
 • ബാങ്കിംഗ് ധനകാര്യ സേവന മേഖലയിലെ നിയമനങ്ങളില്‍ 15% ഇടിവുണ്ടായി
 • ഓട്ടോ മേഖലയിലെ നിയമനങ്ങള്‍ ഒരു ശതമാനം കുറഞ്ഞു

നഗരം നിയമന വര്‍ധന

 • ഡെല്‍ഹി 13%
 • ചെന്നൈ 13%
 • മുംബൈ 11%
 • ഹൈദരാബാദ് 19%
 • പൂനെ 11%
 • ബെംഗളൂരു 23%

Comments

comments

Categories: FK News