നിക്ഷേപസമാഹരണത്തില്‍ ഉണര്‍വ് പ്രതീക്ഷിച്ച് വിപണി

നിക്ഷേപസമാഹരണത്തില്‍ ഉണര്‍വ് പ്രതീക്ഷിച്ച് വിപണി

2019 ല്‍ രൂപയുടെ മൂല്യം ശരാശരി 70 ല്‍ സ്ഥിരപ്പെടുമെന്ന് ബ്ലൂംബെര്‍ഗ് സര്‍വേ

മുംബൈ: എന്‍ഡിഎ നേടിയ അട്ടിമറി വിജയത്തോടെ രാജ്യത്തെ പൊതു വിപണിയിലെ നിക്ഷേപ സമാഹരണ ഇടപാടുകളില്‍ പുത്തനുണര്‍വ് ഉണ്ടാകുമെന്ന് പ്രതീക്ഷ. രാഷ്ട്രീയ അസ്ഥിരതകള്‍ കാരണം മൂന്നു മാസമായി വിപണി മാന്ദ്യാവസ്ഥയിലായിരുന്നു. ഭരണത്തുടര്‍ച്ചയുണ്ടാകുകയും സാമ്പത്തിക പരിഷ്‌കാര നടപടികള്‍ സര്‍ക്കാര്‍ തുടരുമെന്ന് സൂചന ലഭിക്കുകയും ചെയ്തതോടെ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെത്തുടര്‍ന്ന് മാന്ദ്യത്തിലായ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന), ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപി, പൊതുവിപണിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഓഹരി, കടപത്രം തുടങ്ങിയ സെക്യൂരിറ്റീസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന് വിറ്റുകൊണ്ട് നിക്ഷേപം സമാഹരിക്കാനുള്ള മാര്‍ഗം) അടക്കമുള്ള ഇടപാടുകള്‍ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്.

വിപണി ഗവേഷണ സ്ഥാപനമായ പ്രൈം ഡാറ്റാബേസിന്റെ കണക്കുകളനുസരിച്ച് മാര്‍ച്ച് 31 മുതല്‍ ഏകദേശം 59 കമ്പനികളാണ് ഐപിഒയ്ക്കായി സെബിയുടെ അനുവാദം നേടിയിരിക്കുന്നത്. 53,000 കോടി രൂപയാണ് ഇവരുടെ സമാഹരണ ലക്ഷ്യം. എന്നാല്‍ ഈ വര്‍ഷം ഇതുവരെ ഏഴു കമ്പനികള്‍ മാത്രമാണ് ഐപിഒ നടത്തിയിട്ടുള്ളത്. 5,033 കോടി രൂപയാണ് ഇവര്‍ സംയുക്തമായി സമാഹരിച്ച നിക്ഷേപം. മുന്‍ വര്‍ഷം 24 കമ്പനികള്‍ ഐപിഒ നടത്തുകയും 30,959 കോടി രൂപ സമാഹരിക്കുകയും ചെയ്തിരുന്നു. ഐപിഒ പദ്ധതിയിട്ട കമ്പനികള്‍ അനുമതി ലഭിച്ചതിനുശേഷവും സ്ഥിരതയുള്ള സര്‍ക്കാരുണ്ടാകുമോയെന്ന കാര്യം നിരീക്ഷിച്ച് കാത്തിരിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഐപിഒ ഇടപാടുകളില്‍ വന്‍ കുതിച്ചു ചാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്യുഐപി ഇടപാടുകളാകും ആദ്യം ഉണര്‍വുണ്ടാകുകയെന്നാണ് വിദഗ്ധാഭിപ്രായം. പണലഭ്യത ക്ഷാമം ഉള്‍പ്പെടയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം നടക്കാതിരുന്ന പല ക്യുഐപി ഇടപാടുകളും ഉടനെ ശക്തി പ്രാപിക്കുമെന്ന് നിയമസ്ഥാപനമായ എല്‍& എല്‍ പാര്‍ട്‌ണേഴ്‌സ് പങ്കാളി രവി ദുബൈ പറഞ്ഞു. പല കമ്പനികളും നിക്ഷേപ സമാഹരണ ഇടപാടുകള്‍ക്കായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞതായും ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന ഐപിഒ വിപണിയില്‍ നല്ല ഇടപാടുകളുണ്ടാകുമെന്നും മുംബൈ ആസ്ഥാനമായ നിക്ഷേപക ബാങ്കായ ഇക്വിറസ് കാപ്പിറ്റല്‍ ഡയറക്റ്റര്‍ മുനീഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

രൂപ സ്ഥിരപ്പെടുമോ?

മോദിയുടെ വിജയം കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്കൊഴുകാന്‍ കാരണമാകുമെന്നാണ് നോമുറ ഹോള്‍ഡിംഗ്‌സിന്റെ വിലയിരുത്തല്‍. രൂപ ഒരു ശതമാനം മൂല്യവര്‍ധവാണ് ഇതുവരെ നേടിയിരിക്കുന്നത്. രൂപയുടെ മൂല്യം ഉയര്‍ത്താനുതkുന്ന നയങ്ങള്‍ തുടരാനുള്ള സാധ്യത കുറവാണെന്ന് സിറ്റിഗ്രൂപ്പിലെ നയതന്ത്രജ്ഞന്‍ ഗൗരവ് ഗാര്‍ഗ് അഭിപ്രായപ്പെടുന്നു. അതേസമയം ഈ വര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യം ശരാശരി 70 ആയി തുടരുമെന്നാണ് ബ്ലൂംബെര്‍ഗ് സര്‍വേ പ്രവചിക്കുന്നത്.

Categories: Business & Economy, Slider