മക്കയിലെ അടിയന്തര ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം

മക്കയിലെ അടിയന്തര ജിസിസി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് സല്‍മാന്‍ രാജാവിന്റെ ക്ഷണം

ഉച്ചകോടിയില്‍ ഖത്തറിനെ ഒഴിച്ചുനിര്‍ത്തിയത് ചര്‍ച്ചയായിരുന്നു

ജിദ്ദ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന അടിയന്തര ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിന് ക്ഷണം. ഈ മാസം 30ന് മക്കയില്‍ നടക്കുന്ന രണ്ട് ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിന് ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവില്‍ നിന്നും ഔദ്യോഗിക ക്ഷണം ലഭിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്ലാ ബന്ധങ്ങളും അറുത്തുമാറ്റി ഒറ്റപ്പെടുത്തിയ അയല്‍രാഷ്ട്രത്തെ അമേരിക്ക-ഇറാന്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടെക്കൂട്ടാനുള്ള സൗദിയുടെ ശ്രമം സുപ്രധാനമായ നയതന്ത്ര നീക്കമായിട്ട് വേണം വിലയിരുത്താന്‍.

ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുള്‍ലത്തീഫ് അല്‍ സയാനിയുമായി ദോഹയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സല്‍മാന്‍ രാജാവിന്റെ എഴുതിത്തയ്യാറാക്കിയ സന്ദേശം ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ മാസം ആദ്യമാണ് പശ്ചിമേഷ്യയില്‍ സമീപകാലത്തുണ്ടായ ആക്രമണങ്ങളും അവയുടെ പ്രത്യാഘാതങ്ങളും അമേരിക്ക-ഇറാന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി മക്കയില്‍ ഗള്‍ഫ് രാഷ്ട്രത്തലവന്മാരുടെയും അറബ് ലീഗ് രാഷ്ട്രങ്ങളുടെയും രണ്ട് അടിയന്തര ഉച്ചകോടികള്‍ നടത്താന്‍ സൗദി അറേബ്യ തീരുമാനിച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എല്ലാ അറബ് ലീഗ് രാഷ്ട്രങ്ങള്‍ക്കും ഗള്‍ഫ് നേതാക്കള്‍ക്കും ക്ഷണം ലഭിച്ചെങ്കിലും ഖത്തറിനെ ഉച്ചകോടിയില്‍ നിന്നും ഒഴിച്ചുനിര്‍ത്തിയത് ചര്‍ച്ചയായിരുന്നു. അയല്‍രാജ്യങ്ങള്‍ ഇപ്പോഴും ഒറ്റപ്പെടുത്തുന്ന ഖത്തറിന് രണ്ട് ഉച്ചകോടികളിലും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡയറക്റ്റര്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചര്‍ച്ചകളില്‍ ഖത്തറിനെയും ഒപ്പം കൂട്ടാന്‍ സൗദി തീരുമാനിക്കുകയായിരുന്നു.

2017 ജൂണിലാണ് സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇ തുടങ്ങി പ്രധാന അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള എല്ലാ സാമ്പത്തിക, വ്യാപാര, നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചത്. തുടര്‍ന്ന് ഖത്തറുമായുള്ള കര, കടല്‍, വ്യോമ മാര്‍ഗങ്ങളും ഈ രാഷ്ട്രങ്ങള്‍ അടച്ചിട്ടിരുന്നു. ഇറാനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കുന്നു എന്നതായിരുന്നു ഖത്തര്‍ ബഹിഷ്‌കരണത്തിന്റെ പ്രധാന കാരണമായി പ്രസ്തുത രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല, മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയിലും സൗദിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതേസമയം ആരോപണങ്ങളെല്ലാം തന്നെ ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെയും യുഎഇ തീരത്ത് സൗദിയുടെ എണ്ണക്കപ്പലുകള്‍ അടക്കം നാല് ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉച്ചകോടി വിളിച്ചുചേര്‍ത്തിരിക്കുന്നത്. സൗദി അരാംകോയുടെ രണ്ട് എണ്ണ പമ്പിംഗ് സറ്റേഷനുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി സംഘം നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത് ഇറാനാണെന്നാണ് സൗദിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല എന്നാണ് ഇറാനിലെ മിലിട്ടറി കമാന്‍ഡര്‍ വ്യക്തമാക്കിയത്.

ഞായറാഴ്ച സൗദിയിലെ വിമാനത്താവളം ലക്ഷ്യമാക്കിയും ഡ്രോണ്‍ ആക്രമണം ഉണ്ടായി. യെമന്‍ അതിര്‍ത്തിക്കടുത്തുള്ള ജിസാന്‍ വിമാനത്താവളം ലക്ഷ്യമാക്കി വന്ന ബോംബുകള്‍ നിറച്ച ഡ്രോണ്‍ സൗദി വ്യോമസേന വെടിവെച്ചിട്ടതായി മേഖലയിലെ ഹൂത്തി വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന സൗദി-യുഎഇ സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഹൂത്തി നേതാവ് വിമതരുടെ സമാധാന ശ്രമങ്ങളെ പുച്ഛിച്ചു തള്ളുന്ന സഖ്യസേനയ്ക്കുള്ള മറുപടിയെന്നോണമാണ് സൗദിയിലെ കൂടുതല്‍ മേഖലകളെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും വ്യക്തമാക്കി.

പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിമാന വാഹിനിക്കപ്പലും ബോംബര്‍ വിമാനങ്ങളും അയച്ചതോടെയാണ് ഗള്‍ഫ് മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായത്. ഇറാനില്‍ നിന്നും സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ സൈനിക സന്നാഹങ്ങളുമായി പശ്ചിമേഷ്യയില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ ഇറാനില്‍ നിന്നും മേഖലയ്ക്ക് ആക്രമണഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. ബാഗ്ദാദില്‍ കഴിഞ്ഞിടെ നടന്ന റോക്കറ്റ് ആക്രമണങ്ങളും ഗള്‍ഫ് സമുദ്ര മേഖലയില്‍ ചരക്ക് കപ്പലുകള്‍ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളും സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ത്ത് നേരെയുണ്ടായ ആക്രമണവുമാണ് സൈനിക മുന്നൊരുക്കങ്ങള്‍ കാരണമായി അമേരിക്ക പറയുന്നത്.

Comments

comments

Categories: Arabia
Tags: GCC Summit

Related Articles