ഇറാനില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ല: ട്രംപ്

ഇറാനില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ല: ട്രംപ്

ആണവായുധ നിര്‍മാണം നടക്കാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം

ടോക്യോ: ഇറാനില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതേ നേതൃത്വത്തിന് കീഴില്‍ മികച്ചൊരു രാഷ്ട്രമാകാനുള്ള അവസരമാണ് ഇറാനുള്ളതെന്ന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ടോക്യോയില്‍ ട്രംപ് പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയും ഇറാനെ പ്രതിരോധിക്കുന്നതിനായി അമേരിക്ക പശ്ചിമേഷ്യയില്‍ അധിക സേനാ വിഭാഗങ്ങള്‍ അടക്കം സൈനിക സന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാനില്‍ നിന്നുള്ള നിരവധി ആളുകളെ തനിക്കറിയാമെന്നും അവരെല്ലാം വളരെ നല്ല ആളുകളാണെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ ഭരണമാറ്റമല്ല തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവിടെ ആണവായുധങ്ങള്‍ ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.

അതേസമയം സാമ്പത്തികമായോ സൈനികമായോ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ ഇറാന്‍ അതിനെ സ്വന്തമായി പ്രതിരോധിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫ് വ്യക്തമാക്കി. ബാഗ്ദാദില്‍ ഇറാഖ് വിദേശകാര്യ മന്ത്രിയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സരീഫ് ഇക്കാര്യം പറഞ്ഞത്. അറേബ്യന്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായി സന്തുലിതമായ ബന്ധം സ്ഥാപിക്കാനാണ് ഇറാന്‍ ആഗ്രഹിക്കുന്നതെന്നും അതിനായി അനാക്രമണ സന്ധിക്ക് തയ്യാറാണെന്നും സരീഫ് പറഞ്ഞു.

ഇറാന്‍-അമേരിക്ക പ്രശ്‌നത്തില്‍ ഇറാനൊപ്പമാണ് തങ്ങളെന്ന് ഇറാഖും അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇരുരാഷ്ട്രങ്ങളുടെയും സഖ്യരാഷ്ട്രമായ ഇറാഖ് വ്യക്തമാക്കി. സാമ്പത്തിക ഉപരോധം ഫലപ്രദമാകുമെന്ന് കരുതുന്നില്ലെന്നും അമേരിക്കയുടെ ഇറാന്‍ ഉപരോധം പരാമര്‍ശിച്ച് കൊണ്ട് ഇറാഖ് വിദേശകാര്യ മന്ത്രി മുഹമ്മദ് അല്‍ ഹക്കീം പറഞ്ഞു. അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും ഇറാനൊപ്പം അവരുടെ എതിര്‍പക്ഷത്താണ് തങ്ങളെന്നും ഹക്കീം പറഞ്ഞു.

Comments

comments

Categories: Arabia
Tags: Iran-US