അല്‍സ്‌ഹൈമേഴ്‌സ് ലക്ഷണങ്ങള്‍ 30 വര്‍ഷം മുമ്പേ പ്രകടമാകും

അല്‍സ്‌ഹൈമേഴ്‌സ് ലക്ഷണങ്ങള്‍ 30 വര്‍ഷം മുമ്പേ പ്രകടമാകും

മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ എടുക്കുന്നത് രോഗനിര്‍ണ്ണയത്തിനും പ്രതിരോധത്തിനും ചികിത്സയ്ക്കും സഹായിക്കുമെന്ന് ഗവേഷകര്‍

സ്മൃതിഭ്രംശരോഗങ്ങളില്‍ ഏറ്റവും മാരകമായ രോഗമാണ് അല്‍സ്‌ഹൈമേഴ്‌സ്. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം മാത്രമേ തിരിച്ചറിയപ്പെടാറുള്ളൂ. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ രോഗസാധ്യതയുള്ളവരെ തിരിച്ചറിയാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. മുപ്പതു വര്‍ഷം മുമ്പെങ്കിലും ഇത്തരക്കാരില്‍ ഓര്‍മക്കുറവ് കാണാന്‍ കഴിയും. അല്‍സ്‌ഹൈമേഴ്‌സുമായി ബന്ധപ്പെട്ട മസ്തിഷ്‌കമാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞതായി ജോണ്‍സ് ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണു വ്യക്തമാക്കിയത്.

പാരമ്പര്യമായി അല്‍സ്‌ഹൈമേഴ്‌സ് രോഗസാധ്യതയുള്ള നാല്‍പ്പതുകാരായ 290 പേരില്‍ നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്. രോഗസാധ്യത നോക്കിയാണ് ഇവരെ തെരഞ്ഞെടുത്തതെന്നും ഇവര്‍ക്ക് നിലവില്‍ രോഗമില്ലെന്നും ഗവേഷകനായ മൈക്കല്‍ മില്ലര്‍ പറയുന്നു. ചിലര്‍ക്ക് 1995 മുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇതേത്തുടര്‍ന്ന് 20 മുതല്‍ 30 വര്‍ഷം മുമ്പുള്ള ഇവരുടെ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പഠനം കഴിഞ്ഞതോടെ 81 പേരില്‍ നേരിയ തിരിച്ചറിയല്‍ പ്രശ്‌നങ്ങളോ ഓര്‍മക്കുറവോ കണ്ടെത്തി.

അവരുടെ രേഖകള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ നിലവില്‍ പ്രശ്‌നം കാണാത്തവരിലും സുപ്രധാനവ്യത്യാസങ്ങള്‍ കണ്ടെത്താനായി. 15 വര്‍ഷത്തിനുമുന്‍പ് അവര്‍ നേടിയ മാനസിക ശേഷി സംബന്ധിച്ച ടെസ്റ്റ് സ്‌കോറുകളില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ ഉണ്ടെന്നു കണ്ടെത്തി. ഇവരുടെ സെറിബ്രോസ്‌പൈനല്‍ ഫഌയിഡ് നിലകള്‍ പരിശോധിക്കുമ്പോള്‍, അല്‍സ്‌ഹൈമേഴ്‌സിനു കാരണമായ ടൗ പ്രോട്ടീനുകളുടെ സാന്നിധ്യം ഏകദേശം 35 വര്‍ഷം മുമ്പേ വികസിച്ചതായി കണ്ടെത്തി. മാത്രമല്ല രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനു 10 വര്‍ഷം മുമ്പേ ഇവരില്‍ തിരിച്ചറിയല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായും മനസിലാക്കാനായി. ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നതോടെ കുറഞ്ഞത് 10 വര്‍ഷം മുമ്പ് തന്നെ ബ്രെയിന്‍ ഇമേജിംഗ്, സ്‌പൈനല്‍ ഫഌയിഡ് അനാലിസിസ് തുടങ്ങിയ സങ്കേതങ്ങളിലൂടെ ഭാവി രോഗസാധ്യത തിട്ടപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു.

നിലവില്‍, അല്‍സ്‌ഹൈമേഴ്‌സ് രോഗം നിര്‍ണ്ണയിക്കുന്നത് ഒരു പറ്റം തിരിച്ചറിയല്‍ പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. പക്ഷേ ഇതിനകം തന്നെ മസ്തിഷക കോശങ്ങളില്‍ വലിയൊരു പങ്ക് നാശമടഞ്ഞിട്ടുണ്ടാകും. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ വികസിക്കുന്ന ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍ അളക്കാന്‍ കഴിയുമോ എന്ന് ആദ്യം നിശ്ചയമില്ലായിരുന്നുവെന്ന് മില്ലര്‍ പറഞ്ഞു. അതിനാല്‍ പുതിയ കണ്ടെത്തല്‍ വളരെ ആശ്ചര്യകരമായിരുന്നു. ചിലരിലെ തിരിച്ചറിയല്‍വൈകല്യങ്ങള്‍ മസ്തിഷ്‌ക ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ മുമ്പ് എടുത്തിട്ടുള്ള അളവുകളേക്കാള്‍ കൂടുതലായിരുന്നുവെന്നു മനസിലാക്കാനായി. ഇത്തരം ബയോമേക്കറുകളാണ് രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അല്‍സ്‌ഹൈമേഴ്‌സ് രോഗനിര്‍ണ്ണയവും തുടര്‍ജീവിതവും സംബന്ധിച്ച ചര്‍ച്ചയില്‍ സമയം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. നേരത്തേയുള്ള രോഗനിര്‍ണയം മരുന്നു പരീക്ഷണങ്ങളില്‍ പങ്കാളിയാകാനുള്ള അവസരം രോഗിക്കു നല്‍കും. കുടുംബാംഗങ്ങളുമായി അവരുടെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താനും സാമ്പത്തിക ആസൂത്രണത്തിനും മതിയായ മാറ്റം വരുത്താനും രോഗീപരിചരണ പരിപാടികളെക്കുറിച്ച് സജീവമായി ചിന്തിക്കാനും അവസരമൊരുക്കുന്നു. നേരത്തേയുള്ള രോഗനിര്‍ണയം മരുന്ന് പരീക്ഷണങ്ങളെപ്പോലും ഒഴിവാക്കാന്‍ സഹായിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അല്‍സ്‌ഹൈമേഴ്‌സ് ഒരു പാരമ്പര്യരോഗമാണ്. മാതാപിതാക്കള്‍ക്കോ സഹോദരീസഹോദരന്മാര്‍ക്കോ രോഗമുണ്ടായാല്‍ ഇത് രക്തബന്ധുക്കള്‍ക്കും വരാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാരമ്പര്യഘടകങ്ങള്‍ നിര്‍ണായകമായ പ്രമേഹവും ഹൃദ്രോഗവും പോലെയാണിത്. പരമ്പര്യഘടകങ്ങള്‍ ഒഴിവാക്കാനായില്ലെങ്കിലും രോഗം പ്രതിരോധിക്കാനും നീട്ടിവെക്കാനും വ്യായാമത്തിനും ആഹാരക്രമത്തിനുമാകും. മസ്തിഷ്‌കാരോഗ്യം വളര്‍ത്താനുള്ള സമീകൃതമായ ഭക്ഷണക്രമം പിന്തുടരുകയാണ് ഒരു പോംവഴി. അല്‍സ്‌ഹൈമേഴ്‌സ് അസോസിയേഷന്റെ അഭിപ്രായത്തില്‍ കൊഴുപ്പ് കുറഞ്ഞ ആഹാരങ്ങളും പഴം, പച്ചക്കറികള്‍ എന്നിവയും കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് സ്മൃതിഭ്രംശരോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Comments

comments

Categories: Health
Tags: Alzheimers