വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ കേരളം

വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ കേരളം

വനിതകളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആകര്‍ഷകമായ പ്രോത്സാഹന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

  • മേളകളില്‍ പങ്കെടുക്കുന്നതിനായി നാലു യാത്രകള്‍ നടത്തുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ നല്‍കും
  • ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വീതം രണ്ടു വര്‍ഷത്തേക്ക് നല്‍കും
  • കൂടുതല്‍ വനിതകളെ സ്റ്റാര്‍ട്ടപ്പ് ലോകത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം

തിരുവനന്തപുരം: കേരളത്തില്‍ വനിതകളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി നൂതന പദ്ധതികള്‍ പ്രഖ്യാപിച്ചു.

നിലവില്‍ കേരളത്തില്‍ വനിതകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ 11 ശതമാനത്തോളം വരും. ഇത് വര്‍ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ അവര്‍ക്ക് കൂടൂതല്‍ പ്രാതിനിധ്യവും തൊഴിലവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രീ ഇന്‍കുബേഷന്‍, വിപണനം, ഉല്‍പ്പന്ന വികസനം എന്നീ മേഖലകളിലാണ് ഈ പദ്ധതികള്‍.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ഇതിനായി തയാറാക്കി സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘യുവജന സംരംഭക വികസന പരിപാടി’യുടെ ഭാഗമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് സമര്‍പ്പിച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.

ഇതനുസരിച്ച് വനിതകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ആദ്യകാല വളര്‍ച്ചയ്ക്ക് അടിസ്ഥാനമിടുന്നതിനായി മൂന്നു മാസത്തെ സൗജന്യ ഇന്‍കുബേഷന്‍ സഹായം ലഭിക്കും. ഈ സമയത്ത് സാങ്കേതികവിദ്യാ സഹായം, മാര്‍ഗനിര്‍ദ്ദേശം തുടങ്ങിയവ കെഎസ്‌യുഎം വഴി ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

ഇതിനായി വനിതകളുടെ മാത്രമായ പത്തു സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് യുവജന സംരംഭക വികസന പരിപാടിയില്‍പെടുത്തി പ്രീ ഇന്‍കുബേഷന്‍ സഹായം നല്‍കും. കൃത്യമായ ഉല്‍പ്പന്നങ്ങളുള്ള വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവ ദേശീയ, അന്തര്‍ദേശീയ മേളകളില്‍ എത്തിക്കുന്നതിനുള്ള റജിസ്‌ട്രേഷന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഇത്തരം മേളകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനായി നാലു യാത്രകള്‍ നടത്തുന്നതിനുള്ള യാത്രാചെലവ് സര്‍ക്കാര്‍ നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം കൃത്യമായി അവലോകനം ചെയ്തശേഷമായിരിക്കും ഇത് നല്‍കുന്നത്.

വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവയുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വീതം രണ്ടു വര്‍ഷത്തേക്ക് നല്‍കും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ്‌യുഎം നല്‍കുന്ന സീഡ് ഫണ്ടിംഗ് മോറട്ടോറിയം ഇപ്പോഴത്തെ ഒരു വര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷത്തേയ്ക്ക് നീട്ടും.

പര്‍ച്ചേസ് ഓര്‍ഡറുകള്‍ നടപ്പാക്കാനും സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനും രണ്ടു വര്‍ഷത്തെ അതിവേഗ ലളിത വായ്പ, സാങ്കേതികവിദ്യ കൈമാറ്റം സാധ്യമാക്കുന്നതിന് പത്തു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനാര്‍ഥം സംഘടിപ്പിക്കുന്ന രാജ്യാന്തര പരിപാടികളില്‍ പത്തു ശതമാനം സീറ്റ് വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്യും.

സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് കൂടുതല്‍ വനിതകളെ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് ആധുനിക സാങ്കേതികവിദ്യയില്‍ വനിതാ ശാക്തീകരണം സുഗമമാക്കാനാണ് കെഎസ്‌യുഎം ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy