ഇനിയും കൂടുതല്‍ വനിതകള്‍ ലോക്‌സഭയിലെത്തട്ടെ

ഇനിയും കൂടുതല്‍ വനിതകള്‍ ലോക്‌സഭയിലെത്തട്ടെ

പുതിയ ലോക്‌സഭയിലേക്ക് 78 വനിതകള്‍ എത്തുന്നുവെന്നത് ശുഭസൂചകമാണ്. കൂടുതല്‍ വനിതകള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനും മല്‍സരിക്കുന്നതിനുമെല്ലാം ഇത് ഊര്‍ജമേകും. ഇതിലും കൂടുതല്‍ വനിതകള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്

ചരിത്രം തിരുത്തിയ ജനവിധിയിലൂടെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൊണ്ടും പുതിയ ലോക്‌സഭ ശ്രദ്ധ നേടുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ പ്രാതിനിധ്യമാണ് ഇത്തവണ ലോക്‌സഭയിലേത്. ആകെ മല്‍സരിച്ച 726 വനിതകളില്‍ നിന്ന് 78 പേരാണ് വിജയശ്രീലാളിതരായി പാര്‍ലമെന്റിലേക്ക് നടന്നുകയറുന്നത്.

ജനസംഖ്യയുടെ കാര്യത്തില്‍ നാം മുന്‍നിരയിലുണ്ടെങ്കിലും വനിതാശാക്തീകരണത്തിന്റെ കാര്യത്തില്‍ അത്ര കേമത്വമൊന്നും ഇന്ത്യക്ക് അവകാശപ്പെടാനില്ലെന്ന വിമര്‍ശനങ്ങളുണ്ട്. എങ്കിലും ലോക്‌സഭയിലേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന ഉണ്ടാകുന്നുവെന്നത് ശുഭപ്രതീക്ഷ നല്‍കുന്നു. വനിതകളുടെ പ്രാതിനിധ്യം കൂടുന്നതിലൂടെ മാത്രം വനിതാ ശാക്തീകരണം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കപ്പെടുമെന്ന് കരുതാനാകില്ലെങ്കിലും സാമൂഹ്യ ആവാസവ്യവസ്ഥയില്‍ പുതിയ മാറ്റങ്ങളുണ്ടാക്കാന്‍ അതിന് സാധിച്ചേക്കും.

ആദ്യ ലോക്‌സഭയില്‍ അഞ്ച് ശതമാനം മാത്രമായിരുന്നു വനിതാ പ്രാതിനിധ്യം. 1957ലെ ലോക്‌സഭയില്‍ 22 പേരായിരുന്നു വനിതകളായി ഉണ്ടായിരുന്നത്. 17ാം ലോക്‌സഭയിലെത്തിയപ്പോഴേക്കും അത് 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2014ല്‍ 62 വനിതാ പ്രതിനിധികളാണ് പാര്‍ലമെന്റിലെത്തിയത്. 303 സീറ്റ് നേടിയ ബിജെപി ടീമില്‍ 40 പേര്‍ വനിതകളായുണ്ട്, അതായത് 13.53 ശതമാനം. എന്നാല്‍ 33 ശതമാനം വനിതകളെ മല്‍സരത്തിനിറക്കിയ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാ ദള്‍ പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും വനിതാ ശാക്തീകരണത്തിന്റെ കാര്യത്തില്‍ മാതൃക കാട്ടി. ബിജെഡിയെ പ്രതിനിധീകരിച്ച് അഞ്ച് വനിതകളും തൃണമൂലിനുവേണ്ടി ഒമ്പത് വനിതകളുമാണ് ഇത്തവണ ലോക്‌സഭയിലെത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ നിഷ്പ്രഭമാക്കിയുള്ള, ബിജെപിയുടെ പ്രമുഖ വനിതാ നേതാവായ സ്മൃതി ഇറാനിയുടെ അതിഗംഭീരവിജയം വനിതാ മുന്നേറ്റത്തില്‍ ഇത്തവണ ശ്രദ്ധേയമാകുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നേരത്തെ പറഞ്ഞ പോലെ 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് നിന്ന് ലോക്‌സഭയിലെത്തുന്നവരില്‍ 14 ശതമാനം മാത്രമാണ് വനിതകളെന്നത് അത്രവലിയ കാര്യമല്ല. റുവാണ്ടയില്‍ വനിതാ എംപിമാരുടെ പ്രാതിനിധ്യം 61 ശതമാനം വരും. സൗത്ത് ആഫ്രിക്കയില്‍ ഇത് 43 ശതമാനവും യുകെയില്‍ 32 ശതമാനവുമാണ്. ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ 24 ശതമാനവും നമ്മുടെ അയല്‍ക്കാരായ ബംഗ്ലാദേശില്‍ 21 ശതമാനവും വരും പാര്‍ലമെന്റിലെ വനിതാ പ്രാതിനിധ്യം.

സംരംഭകരംഗത്തും രാഷ്ട്രീയത്തിലുമെല്ലാം കൂടുതല്‍ സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുകയെന്നത് വനിതാ ശാക്തീകരണ മുന്നേറ്റത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കൂടുതല്‍ വനിതകള്‍ക്ക് അവരുടെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ അത് പ്രചേദനമാകും. മാത്രമല്ല, ലിംഗനീതിയെന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ചവിട്ടുപടിയായി അത് മാറുകയും ചെയ്യും. അടുത്ത ലോക്‌സഭയില്‍ സ്ത്രീകളുടെ എണ്ണം 100 കടത്താനാകാണം നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ പരിശ്രമിക്കേണ്ടത്.

Categories: Editorial, Slider