മാന്ദ്യത്തിനൊപ്പം വാണിജ്യ കമ്മിയും ഉയരുന്നു

മാന്ദ്യത്തിനൊപ്പം വാണിജ്യ കമ്മിയും ഉയരുന്നു

15.33 ബില്യണ്‍ ഡോളറാണ് കഴിഞ്ഞമാസം രാജ്യത്തിന്റെ വാണിജ്യ കമ്മി

ന്യൂഡെല്‍ഹി: ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന മാന്ദ്യത്തിനൊപ്പം ഇന്ത്യയുടെ വാണിജ്യ കമ്മിയും വര്‍ധിക്കുന്നതായി നിരീക്ഷണം. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കൊപ്പം ഉയര്‍ന്നു വരുന്ന വാണിജ്യ സംരക്ഷണവാദങ്ങള്‍ രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കുന്നുണ്ട്. ഇത് ഏപ്രില്‍ മാസത്തിലേത് പോലെ വാണിജ്യ കമ്മി ഉയരാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 1988 മുതല്‍ ഇന്ത്യ വാണിജ്യ കമ്മി നേരിടുന്നുണ്ടെങ്കിലും ആഭ്യന്തര ഉപഭോഗം കൂടി കുറഞ്ഞ സാഹചര്യത്തില്‍ ഇരട്ടി വെല്ലുവിളിയാകും. 15.33 ബില്യണ്‍ ഡോളറാണ് കഴിഞ്ഞമാസം രാജ്യത്തിന്റെ വാണിജ്യ കമ്മി. 2018 ഏപ്രിലില്‍ ഇത് 13.72 ബില്യണ്‍ ഡോളറായിരുന്നു.

ഏപ്രില്‍ മാസം ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയില്‍ 0.64 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 25.91 ബില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 26.07 ബില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്. അതേ സമയം ഇറക്കുമതിയില്‍ 4.48 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഒരു വര്‍ഷത്തിനവിടെ 39.63 ബില്യണ്‍ ഡോളറില്‍ നിന്ന് 41.49 ബില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ച്ച. കഴിഞ്ഞ മാസം ഇന്ത്യയുടെ മൊത്തം ചരക്ക് സേവന കയറ്റുമതി മുന്‍വര്‍ഷം ഇതേ മാസത്തേക്കാള്‍ 1.34 ശതമാനത്തിന്റെ വളര്‍ച്ചയും നേടിയിട്ടുണ്ട്. വാണിജ്യ കയറ്റുമതിയിലുണ്ടായ 0.64 ശതമാനം വളര്‍ച്ച എംഎസ്എംഇ മേഖല ആധിപത്യം പുലര്‍ത്തുന്ന ലെതര്‍, ജുവല്‍റി, എന്‍ജിനീയറിംഗ് ഗുഡ്‌സ് തുടങ്ങിയ വലിയ അധ്വാനം ആവശ്യമുള്ള മേഖലകള്‍ക്ക് പ്രോല്‍സാഹനം നല്‍കിയിട്ടില്ലെന്നും ഈ മേഖലകള്‍ വാണിജ്യ യുദ്ധം ഉള്‍പ്പെടയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുകയാണെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഗണേഷ് കുമാര്‍ ഗുപ്ത പറഞ്ഞു.

Comments

comments

Categories: FK News