പക്ഷാഘാതം നേരത്തേ ചികില്‍സിച്ചു ഭേദമാക്കാം

പക്ഷാഘാതം നേരത്തേ ചികില്‍സിച്ചു ഭേദമാക്കാം

പക്ഷാഘാതം വന്നു മിനുറ്റുകള്‍ക്കുള്ളില്‍ മസ്തിഷ്‌കകോശങ്ങള്‍ നിര്‍ജ്ജീവമായി തുടങ്ങുന്നു. എത്രയും പെട്ടെന്നുള്ള വൈദ്യസഹായമാണ് രോഗികളില്‍ നിര്‍ണായകം

തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത് രക്തപ്രവാഹം തടസ്സപ്പെടുന്നതിലൂടെ ഉണ്ടാകുന്ന രോഗാവസ്ഥയാണ് പക്ഷാഘാതം. മസ്തിഷ്‌കാഘാതം ആന്തരിക രക്തസ്രാവം എന്നും സാധാരണക്കാര്‍ ഇതിനെ വിളിക്കുന്നു. നമ്മുടെ തലച്ചോര്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് തുടര്‍ച്ചയായുള്ള ഓക്‌സിജന്‍ വിതരണം ആവശ്യമാണ്. ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചുതുടങ്ങുന്നു. ഇതാണ് പക്ഷാഘാതം എന്ന അടിയന്തര വൈദ്യസഹായം ആവശ്യമായ അവസ്ഥയിലേക്ക് നയിക്കുന്നത്. പലപ്പോഴും രോഗി ഗുരുതരമായ സ്ഥിതിവിശേഷത്തിലെത്തിച്ചേരുന്നു. കൂടാതെ ഓക്‌സിജനും അവശ്യപോഷണങ്ങളും തലച്ചോറിലേക്ക് എത്താതിരിക്കുകയും ചെയ്യും. പക്ഷാഘാതം സംഭവിച്ച് മിനുറ്റുകള്‍ക്കുള്ളില്‍ മസ്തിഷ്‌കകോശങ്ങള്‍ നിര്‍ജ്ജീവമാകാന്‍ തുടങ്ങുന്നതിനാല്‍, രോഗികള്‍ക്ക് അതിവേഗം വൈദ്യസഹായിമെത്തിക്കുകയെന്നതാണ് ഏറ്റവും നിര്‍ണായകം.

പ്രധാനമായും നാലു തരത്തിലുള്ള പക്ഷാഘാതങ്ങളാണ് ഉണ്ടാകുന്നത്. ഇസ്മിക് പക്ഷാഘാതമാണ് ഏറ്റവും സാധാരണമായത്. തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സമുണ്ടാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. ത്രോംബോട്ടിക് പക്ഷാഘാതത്തില്‍ ധമനികളില്‍ രക്തം കട്ടപിടിക്കുന്നതു മൂലം ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുന്നു. എംബോലിക് പക്ഷാഘാതത്തില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് കട്ടപിടിച്ച രക്തം തലച്ചോറിലേക്ക് സഞ്ചരിക്കുകയും ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. ഹെമറാജിക് പക്ഷാഘാതമാണ് ഏറ്റവും മാരകമായി കണക്കാക്കപ്പെടുന്നത്. തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുകയോ രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്നതാണ് ഹെമറാജിക് പക്ഷാഘാതം. ഇത് സബരാക്കനോയിഡ് പക്ഷാഘാതമോ ഇന്‍ട്രാസെറിബ്രല്‍ പക്ഷാഘാതമോ ആകാം.
ട്രാന്‍സിയന്റ് ഇസ്മിക് പക്ഷാഘാത(ടിഐഎ)ത്തിലാകട്ടെ, വളരെക്കുറച്ച് സമയത്തേക്കു മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുന്നുള്ളൂ. അതിനെ മിനി സ്‌ട്രോക്ക് എന്നും വിളിക്കുന്നു. രക്തധമനികളില്‍ ഉണ്ടാകുന്ന താല്‍ക്കാലികമായ തടസ്സമാണ് ഇതിനു കാരണമാകുന്നത്. കടുത്ത പക്ഷാഘാതത്തിനുള്ള മുന്നറിയിപ്പ് സൂചനയായി ഇതിനെ കണക്കാക്കാം.

കഴിഞ്ഞ ദിവസം 61 കാരനായ രോഗിയെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാനായി. ആഘാതം സംഭവിച്ച് ആറു മണിക്കൂറിനു ശേഷം ശസ്ത്രക്രിയയിലൂടെയാണിത് സാധ്യമാക്കിയത്. വ്യാഴാഴ്ച രാത്രി 8.30 ന് യവട്മാല്‍ ജില്ലയില്‍ പക്ഷാഘാതം സംഭവിച്ച രോഗിയെ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് നാഗ്പൂരിലെത്തിച്ചു. അരമണിക്കൂറിനകം, മൂന്നു മണിയോടെ ശസ്ത്രക്രിയ ചെയ്തു. ചികില്‍സ ഫലപ്രദമാണെന്നു കാണിക്കുന്നതിനാല്‍ രോഗി ഭാഗ്യവാന്‍ ആണെന്ന് മെഡിട്രീന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സഞ്ജയ് പാല്‍ത്തേവാര്‍ പറഞ്ഞു. പക്ഷാഘാതം സംഭവിച്ച രോഗിയെ നാലു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ നഷ്ടം വളരെ കുറവായിരിക്കുമെന്നും, ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരല്‍ വേഗതയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

മെക്കാനിക്കല്‍ ത്രോംബെക്റ്റമി ചികില്‍സയാണ് രോഗിയില്‍ നടത്തിയത്. രോഗിയുടെ തലച്ചോറിന്റെ വലതുഭാഗത്ത് മിഡില്‍ സെറിബ്രല്‍ ആര്‍ട്ടറിയില്‍ കട്ട പിടിച്ച രക്തം നീക്കം ചെയ്യുന്ന നടപടിയാണിത്. മിഡില്‍ സെറിബ്രല്‍ ആര്‍ട്ടറിയെ പൂര്‍ണമായി പുനര്‍രൂപവത്കരിക്കുന്നതില്‍ വൈദ്യസംഘം വിജയിച്ചു. അതായത്, രക്തം കട്ടപിടിച്ച തലച്ചോറിന്റെ ഭാഗത്തുണ്ടായ രക്തപ്രവാഹം പുനസ്ഥാപിക്കാനായി എന്നതാണ്. രോഗി ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണെങ്കിലും, അദ്ദേഹം നല്ല രീതിയില്‍ വീണ്ടെടുക്കല്‍ ലക്ഷണങ്ങളാണ് കാണിക്കുന്നത്. പക്ഷാഘാതം സംഭവിച്ച് ആദ്യം തന്നെ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അതിന്റെ ആഘാതം കുറയ്ക്കാനാകും എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. പക്ഷാഘാതം മൂലമുണ്ടാകുന്ന തളര്‍ച്ച വിട്ട് രോഗി ഒരിക്കലും എഴുന്നേല്‍ക്കില്ലെന്ന തെറ്റിദ്ധാരണ പൊതുവേ ഉണ്ടെന്ന് ഡോ. പാല്‍ത്തേവാര്‍ പറയുന്നു. ആധുനിക ചികില്‍സക്കു പകരം ആളുകള്‍ രോഗികളെ അക്യൂപങ്ചര്‍ കേന്ദ്രങ്ങളിലും പ്രകൃതിചികില്‍സക്കും കൊണ്ടു പോകുന്നു. എന്നാല്‍ ഇതിനു ചികില്‍സ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ എത്തിക്കുകയാണെങ്കില്‍, അതാണ് ഏറ്റവും നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമായും സുവര്‍ണ സമയം എന്നറിയപ്പെടുന്ന ആഘാതത്തിനു ശേഷമുള്ള ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍ കാര്യമായി ഭേദപ്പെടുത്താനാകും. ഉദാഹരണത്തിന് നാലു മണിക്കൂറിനുള്ളില്‍ രോഗിയെ എത്തിച്ചാല്‍ രക്തം കട്ടപിടിക്കുന്നത് അലിയിച്ചു കളയാന്‍ പറ്റുന്ന മരുന്നുകള്‍ കുത്തിവെക്കുന്നത് ഫലം ചെയ്യും. പെട്ടെന്നു തന്നെ രോഗി അതിജീവിക്കാന്‍ സാധ്യതയുണ്ട് മാത്രമല്ല സങ്കീര്‍ണതകളും കുറയ്ക്കും. നാലു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഡോക്റ്റര്‍മാര്‍ ഒരു നീണ്ട, നേര്‍ത്ത ട്യൂബ് (കത്തീറ്റര്‍) ഇട്ട് തലച്ചോറിലെ ധമനികളിലൂടെ മരുന്നു കയറ്റി വിടുന്നു. ഇങ്ങനെ നേരിട്ടു തലച്ചോറിനുള്ളില്‍ മരുന്നു കയറ്റി വിടുന്നതിലൂടെ രക്തം കട്ടപിടിച്ച ഭാഗത്ത് ചെന്ന് തടസം മാറ്റുന്നു. ഇതിനെ ഇന്‍ട്ര ആര്‍ട്ടറല്‍ ത്രോംബോളിസിസ് എന്ന് വിളിക്കുന്നു. അതേ സമയം പക്ഷാഘാതം സംഭവിച്ച് ആറു മണിക്കൂര്‍ കഴിഞ്ഞ് രോഗിയെ എത്തിച്ചാല്‍ തടസം സംഭവിച്ച രക്തക്കുഴലിലേക്ക് കത്തീറ്റര്‍ ഉപയോഗിച്ച് തടസം നീക്കുകയാണ് ചെയ്യുക. മെക്കാനിക്കല്‍ ത്രോംബസ് ഇവാക്വേഷന്‍ എന്നറിയപ്പെടുന്ന ഈ പ്രക്രിയ, വലിയ ബ്ലോക്കുള്ളവരിലാണ് നടത്തുക.

Comments

comments

Categories: Health
Tags: stroke