റെനോ ട്രൈബര്‍ ജൂണ്‍ 19 ന് അനാവരണം ചെയ്യും

റെനോ ട്രൈബര്‍ ജൂണ്‍ 19 ന് അനാവരണം ചെയ്യും

റെനോയുടെ ഇന്ത്യയിലെ വാഹന നിരയില്‍ ക്വിഡിന് മുകളിലായിരിക്കും ട്രൈബറിന് സ്ഥാനം. 5.3 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെയായിരിക്കും വില

ന്യൂഡെല്‍ഹി : റെനോയുടെ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനമായ (എംപിവി) ട്രൈബര്‍ അടുത്ത മാസം 19 ന് ഇന്ത്യയില്‍ അനാവരണം ചെയ്യും. 7 സീറ്ററിന്റെ ആഗോള അരങ്ങേറ്റം കൂടിയാണ് അന്ന് നടക്കുന്നത്. ജൂലൈ മാസത്തില്‍ വാഹനം ഷോറൂമുകളിലെത്തും. റെനോയുടെ ഇന്ത്യയിലെ വാഹന നിരയില്‍ ക്വിഡിന് മുകളിലായിരിക്കും ട്രൈബറിന് സ്ഥാനം. 5.3 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെയായിരിക്കും വിലയെന്ന് പ്രതീക്ഷിക്കാം. പുതിയ ഹെഡ്‌ലൈറ്റുകള്‍, പുതിയ ‘വി’ ആകൃതിയിലുള്ള ക്രോം ഗ്രില്‍, ബംപറില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍ എന്നിവ കാണാനാകും.

ക്വിഡ് ഉപയോഗിക്കുന്ന സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് ട്രൈബര്‍ നിര്‍മ്മിക്കുന്നത്. വാഹനത്തിനകത്ത് കൂടുതല്‍ സ്ഥലസൗകര്യം ഉണ്ടായിരിക്കും. ഇരട്ട നിറമുള്ളതായിരിക്കും ഇന്റീരിയര്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തോടെയായിരിക്കും റെനോയുടെ കോംപാക്റ്റ് 7 സീറ്റര്‍ വരുന്നത്. ക്വിഡ്, ലോഡ്ജി, ഡസ്റ്റര്‍, കാപ്ചര്‍ മോഡലുകള്‍ ഉപയോഗിക്കുന്ന 7.0 ഇഞ്ച് സിസ്റ്റത്തേക്കാള്‍ വലുത്. ഡ്രൈവര്‍ സ്‌റ്റൈല്‍ കോച്ചിംഗ്, ഡ്രൈവര്‍ ഇക്കോണമി റേറ്റിംഗ് എന്നിവ സവിശേഷതകളായിരിക്കും. മൂന്നാം നിര സീറ്റുകള്‍ക്കായി പ്രത്യേക എസി വെന്റ് ഉണ്ടായിരിക്കും. കൂടുതല്‍ ലഗേജ് കൊണ്ടുപോകണമെങ്കില്‍ മൂന്നാം നിര സീറ്റുകള്‍ നീക്കാം.

ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളായിരിക്കും. റിവേഴ്‌സ് കാമറ, കൂടുതല്‍ എയര്‍ബാഗുകള്‍ എന്നിവ ഉയര്‍ന്ന വേരിയന്റുകളില്‍ പ്രതീക്ഷിക്കാം.

ക്വിഡ് ഉപയോഗിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്റെ ട്യൂണ്‍ ചെയ്ത വേര്‍ഷനായിരിക്കും റെനോ ട്രൈബര്‍ മള്‍ട്ടി പര്‍പ്പസ് വാഹനത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7 എച്ച്പി കൂടുതല്‍ (75 എച്ച്പി) കരുത്ത് പുറപ്പെടുവിക്കും. ക്വിഡിന്റെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കും. 5 സ്പീഡ് എഎംടി പിന്നീട് നല്‍കുമായിരിക്കും. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കുമെന്നും സംസാരമുണ്ട്.

Comments

comments

Categories: Auto