റെനോയുമായി സഖ്യം സ്ഥാപിക്കാന്‍ എഫ്‌സിഎ

റെനോയുമായി സഖ്യം സ്ഥാപിക്കാന്‍ എഫ്‌സിഎ

റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യത്തില്‍ ചേരുന്നതുപോലും എഫ്‌സിഎ ആലോചിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

മിലാന്‍/പാരിസ് : വിവിധ മേഖലകളില്‍ പങ്കാളിത്തം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സും (എഫ്‌സിഎ) റെനോയും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യത്തില്‍ ചേരുന്നതുപോലും എഫ്‌സിഎ ആലോചിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്് ചെയ്യുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ നിസാന്‍ ഇതുവരെ പങ്കെടുത്തിട്ടില്ല.

വാണിജ്യ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എഫ്‌സിഎയും റെനോയും തമ്മില്‍ നിലവില്‍ പങ്കാളിത്തമുണ്ട്. കൂടാതെ, പ്ലാറ്റ്‌ഫോമുകള്‍ പങ്കുവെയ്ക്കുന്നതിന് നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇപ്പോള്‍ പുതിയ തലത്തിലെത്തിയെന്നാണ് മനസ്സിലാക്കുന്നത്. എഫ്‌സിഎയും റെനോയും തമ്മില്‍ പരസ്പരം ഓഹരി കൈമാറുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നതായി അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനെ അറിയിച്ചു. റെനോ-നിസാന്‍ സഖ്യം ഇത്തരത്തിലുള്ളതാണ്.

സഖ്യം യാഥാര്‍ത്ഥ്യമായാല്‍ എഫ്‌സിഎ, റെനോ എന്നീ ഇരുകൂട്ടര്‍ക്കും അത് വിന്‍-വിന്‍ സാഹചര്യം ആയിരിക്കും. റെനോയ്ക്ക് സാന്നിധ്യമില്ലാത്ത വടക്കേ അമേരിക്കയില്‍ ജീപ്പ്, റാം ബ്രാന്‍ഡുകളിലൂടെ എഫ്‌സിഎ ശക്തമാണ്. അതേസമയം, എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതില്‍ എഫ്‌സിഎ പിന്നിലാണ്. ഈ മേഖലയില്‍ റെനോയുടെയും നിസാന്റെയും അനുഭവസമ്പത്ത് എഫ്‌സിഎ ഗ്രൂപ്പിന് ഉപകാരപ്പെടും. ഫിയറ്റ്, ആല്‍ഫ റോമെയോ, മാസെറാറ്റി ബ്രാന്‍ഡുകള്‍ കൂടി ഉള്‍പ്പെടുന്നതാണ് എഫ്‌സിഎ.

പങ്കാളിത്തത്തിനായി പിഎസ്എ ഗ്രൂപ്പുമായും എഫ്‌സിഎ ചര്‍ച്ചകള്‍ നടത്തിയതായാണ് മനസ്സിലാക്കുന്നത്. പ്യൂഷോ, ഡിഎസ്, സിട്രോണ്‍, വോക്‌സ്ഹാള്‍, ഓപല്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് പിഎസ്എ ഗ്രൂപ്പ്. മറ്റ് കാര്‍ കമ്പനികളുമായി സഹകരിക്കുന്നതിന് തയ്യാറാണെന്ന് ജനീവ മോട്ടോര്‍ ഷോയില്‍വെച്ച് എഫ്‌സിഎ മേധാവി മൈക് മാന്‍ലി പറഞ്ഞിരുന്നു.

Comments

comments

Categories: Auto
Tags: Renault FCA