പരിണാമത്തിന്റെ അവസ്ഥാന്തരങ്ങള്‍

പരിണാമത്തിന്റെ അവസ്ഥാന്തരങ്ങള്‍

ഒരു വ്യക്തി ഒരു ദിവസം ഏറ്റവും കൂടുതല്‍ കാണുന്നതും കേള്‍ക്കുന്നതും നെഗറ്റീവ് ആയ വസ്തുതകളാണോ? ആണെങ്കില്‍ ആ വ്യക്തിയുടെ വ്യക്തിത്വവും മാനസികാവസ്ഥയും അതിനനുസരിച്ചായിരിക്കില്ലേ രൂപപ്പെടുന്നത്? കുടുംബാന്തരീക്ഷങ്ങളെ മലീമസമാക്കുന്ന സീരിയലുകളും പരസ്പരമുള്ള ചീത്ത വിളികളും ആരോപണ പ്രത്യാരോപണങ്ങള്‍ അടങ്ങിയ വീഡിയോകളും നമ്മുടെ മാനസിക വ്യാപാരത്തില്‍ വലിയ ഒരു സ്വാധീനം ചെലുത്തുന്നുണ്ട് എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല

”വരൂ, വീട്ടിലൊന്നു കയറിയിട്ട് പോകാം. ഏതായാലും ഈ വഴി വന്നതല്ലേ. ഇനിയെപ്പോള്‍ വരും എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് വീട്ടില്‍ കയറിയിട്ടേ ഞാന്‍ വിടുകയുള്ളു,” ആ ചെറുപ്പക്കാരന്‍ നിര്‍ബന്ധിക്കുകയാണ്.

”വേണ്ട, ഇനിയൊരിക്കലാവാം. സന്ധ്യാസമയത്ത് വീട്ടില്‍ ചെന്നു കയറിയാല്‍ ആളുകള്‍ക്ക് മുഷിച്ചിലാവും. എല്ലാവരും സീരിയലിന്റെ തിരക്കിലാവും. ആകാംക്ഷാഭരിതരായി സീരിയല്‍ കണ്ടിരിക്കുമ്പോള്‍ വീട്ടില്‍ വന്നു കയറുന്ന അതിഥി ഒരു ശല്യമായി മാറും. അതുകൊണ്ട് എപ്പോഴെങ്കിലും പകല്‍ സമയം വരുമ്പോള്‍ ഞാന്‍ തീര്‍ച്ചയായും വരാം,” ഞാന്‍ ഒഴിയാന്‍ പരമാവധി ശ്രമിക്കുകയാണ്.

”അത് സാര്‍ പേടിക്കേണ്ട. ഞങ്ങളുടെ വീട്ടില്‍ ആരും സീരിയല്‍ കാണാറില്ല,” ആ ചെറുപ്പക്കാരന്‍ നിറഞ്ഞ ചിരിയോടെ പറഞ്ഞു. ഞാനൊന്ന് ഞെട്ടി. സീരിയല്‍ കാണാത്ത ഒരു വീടോ? അതും കേരളത്തില്‍. എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ അയാളെടുത്ത ഒരു അടവായി മാത്രമേ ഞാനതിനെ കണ്ടുള്ളൂ. ഇനി ഒഴിഞ്ഞുമാറാന്‍ മറ്റ് കാരണങ്ങളില്ല. വീട്ടില്‍ പോയേ പറ്റൂ.

ഞങ്ങള്‍ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോള്‍. വീട് നിശബ്ദമാണ്. ഉമ്മറത്തിണ്ണ നിറഞ്ഞ് നിലവിളക്കിന്റെ ശോഭ. ടെലിവിഷനില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന ആക്രോശങ്ങളില്ല. പരസ്പരമുള്ള വാഗ്വാദങ്ങളില്ല. വെല്ലുവിളികളില്ല. പൂര്‍ണ്ണമായ ശാന്തത മാത്രം. അയാളുടെ മകള്‍ നിലത്തിരുന്ന് പുസ്തകത്തില്‍ എന്തോ ചിത്രം വരക്കുന്നു. അമ്മ ഒരു കസേരയില്‍ ശാന്തമായി കണ്ണടച്ചിരിക്കുന്നു. ഭാര്യ ഞങ്ങളുടെ ശബ്ദം കേട്ടപ്പോള്‍ അടുക്കളയില്‍ നിന്നും ഓടിയെത്തി.

അവിടെയിരുന്ന് എത്രനേരം വര്‍ത്തമാനം പറഞ്ഞു എന്ന് ഓര്‍മ്മയില്ല. ഇറങ്ങുമ്പോള്‍ രാത്രി വല്ലാതെ ഇരുണ്ടിരുന്നു. നാളെ പോകാം എന്നവര്‍ നിര്‍ബന്ധിച്ചു. എറണാകുളത്ത് രാവിലെ എത്തേണ്ട ആവശ്യമുള്ളത് കൊണ്ട് ആഹാരം കഴിഞ്ഞ് ഞാന്‍ യാത്ര പറഞ്ഞിറങ്ങി. എന്റെ മനസില്‍ അഗാധമായ ശാന്തത നിറഞ്ഞു നിന്നിരുന്നു. ആ വീടിനെ ചൂഴ്ന്നു നിന്നിരുന്ന അസാധാരണമായ ശാന്തഭാവം മനസിലേക്ക് പടര്‍ന്നത് പോലെ.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എന്റെ ഒരു വീഡിയോ കണ്ട ഒരു സഹൃദയന്‍ പറഞ്ഞു, ‘ഇത് പോലെ ആളുകളെ നന്നാക്കാന്‍ വീഡിയോ ഇട്ടിട്ടൊന്നും കാര്യമില്ല. ഇതൊന്നും കാണാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമില്ല. ശ്രദ്ധിക്കപ്പെടണമെങ്കില്‍ മറ്റാരെയെങ്കിലും വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യണം. കല വഴങ്ങുന്നില്ലെങ്കില്‍ പിന്നെ അതേ മാര്‍ഗ്ഗമുള്ളൂ. മറ്റുള്ളവരെ ചീത്ത വിളിക്കുന്ന വീഡിയോകള്‍ക്കാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഡിമാന്റ്. താങ്കള്‍ക്ക് ആരെ വേണമെങ്കിലും വിമര്‍ശിക്കാം. പക്ഷേ അത് അതിരൂക്ഷമായ വിമര്‍ശനമായിരിക്കണം. പ്രസിദ്ധരായ ആളുകളെയാണെങ്കില്‍ വളരെ നല്ലത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പറക്കും. നെഗറ്റീവ് കേള്‍ക്കാന്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യമുള്ള ലോകത്തെ ഏക ജനതയായിരിക്കും മലയാളികള്‍’.

സത്യമാണോ? അറിയില്ല. ഒരുപക്ഷേ നാം ഗൗരവമായി ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ് ഇത്. ഒരു വ്യക്തി ഒരു ദിവസം ഏറ്റവും കൂടുതല്‍ കാണുന്നതും കേള്‍ക്കുന്നതും നെഗറ്റീവ് ആയ വസ്തുതകളാണോ? ആണെങ്കില്‍ ആ വ്യക്തിയുടെ വ്യക്തിത്വവും മാനസികാവസ്ഥയും അതിനനുസരിച്ചായിരിക്കില്ലേ രൂപപ്പെടുന്നത്? കുടുംബാന്തരീക്ഷങ്ങളെ മലീമസമാക്കുന്ന സീരിയലുകളും പരസ്പരമുള്ള ചീത്ത വിളികളും ആരോപണ പ്രത്യാരോപണങ്ങള്‍ അടങ്ങിയ വീഡിയോകളും നമ്മുടെ മാനസിക വ്യാപാരത്തില്‍ വലിയ ഒരു സ്വാധീനം ചെലുത്തുന്നുണ്ട് എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല.

മറ്റുള്ളവരില്‍ തിന്മ കണ്ടെത്തുമ്പോള്‍, കുറ്റം ആരോപിക്കപ്പെടുമ്പോള്‍, അവരെ ക്രൂശിക്കുമ്പോള്‍, ചീത്ത പറയുമ്പോള്‍ നാം എന്തെങ്കിലും മാനസിക സുഖം അനുഭവിക്കുന്നുണ്ടോ? എങ്കില്‍ അത് അതിഭീകരമായ ഒരു അവസ്ഥ തന്നെയാണ്. നാം ഇത്തരം കാര്യങ്ങള്‍ ആസ്വദിക്കുന്നു എന്നതാണ് സീരിയലുകളുടെ ജനപ്രീതി വെളിവാക്കുന്ന നഗ്‌നസത്യം. മറ്റുള്ളവരെ ചീത്ത വിളിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുമ്പോള്‍ അതിനര്‍ഥം നാമത് ആസ്വദിക്കുന്നു എന്നു തന്നെയല്ലേ? നിഷേധാത്മക പ്രവര്‍ത്തികളെ നാം ഇഷ്ടപ്പെടുന്നു എന്നത് മലയാളിയുടെ സംസ്‌കാരത്തിന് മേല്‍ ഒരു കരിനിഴല്‍ തന്നെയാണ്.

പൂര്‍ണ്ണ സാക്ഷരര്‍ എന്നഭിമാനിക്കുന്ന, രാഷ്ട്രീയ പ്രബുദ്ധതയുള്ള, ആത്മീയ ഔന്നത്യമുള്ള, ബുദ്ധിമാന്മാരായ ഒരു ജനതയെ ഇപ്രകാരം വിഷലിപ്തമാക്കുന്നതിന്റെ ഉത്തരാവാദിത്വം ആര്‍ക്കാണ്? ലോകത്തിന്റെ മുന്‍നിരയില്‍ എത്തേണ്ട ഒരു സമൂഹത്തിന്റെ സംസ്‌കാരത്തെ നശിപ്പിക്കുന്നത് ആരാണ്? ഇവയൊക്കെ ആസ്വദിച്ച് ചിരിക്കുന്ന, ഇവയില്‍ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളായ നാം തന്നെയാണോ?

അതേ, നമുക്കിടയില്‍ ആ ചെറുപ്പക്കാരനും കുടുംബവും വേറിട്ട് നില്‍ക്കുന്നത് ഇവിടെയാണ്. ജീവിതത്തിന്റെ സന്തോഷവും ശാന്തതയും എന്താണെന്ന് അറിയുന്ന ചില കുടുംബങ്ങളെങ്കിലും കേരളത്തിലുണ്ട്.

Categories: FK Special, Slider