സര്‍ക്കാര്‍ രൂപീകരണം വിപണിയെ നയിക്കും

സര്‍ക്കാര്‍ രൂപീകരണം വിപണിയെ നയിക്കും

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതും കാത്ത് ഓഹരി വിപണി

മുംബൈ: കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യം വരും ആഴ്ചകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ മുന്നോട്ട് നയിക്കുമെന്ന് വിലയിരുത്തല്‍. സാമ്പത്തിക ഏകീകരണം, അടിസ്ഥാനസൗകര്യങ്ങള്‍ക്കായുള്ള ചെലവഴിക്കല്‍, വിദേശ നിക്ഷേപം, ശക്തമായ വിദേശ നയം എന്നിവയോടൊപ്പം സാമ്പത്തിക വളര്‍ച്ചയിലും വിപണി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് എസ്എംസി ഇന്‍വെസ്റ്റ്‌മെന്റ്‌സ് അഡൈ്വസേഴ്‌സ് സിഎംഡി ഡി കെ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. പുതിയ സര്‍ക്കാര്‍ കൈകൊള്ളുന്ന സാമ്പത്തിക വളര്‍ച്ചാ പദ്ധതികള്‍ക്കൊപ്പം ഓട്ടോമോബീല്‍, എഫ്എംസിജി, വ്യോയാന മേഖലകളിലെ മാന്ദ്യവും വിപണിയില്‍ മാറ്റങ്ങളുണ്ടാക്കും. രാജ്യത്തെ മണ്‍സൂണിന്റെ ലഭ്യതക്കൊപ്പം അസംസ്‌കൃത എണ്ണയുടെ വില, യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍, വാണിജ്യ സംഘര്‍ഷം മുതലായ ആഗോള വിപണി സാഹചര്യങ്ങളും നിക്ഷേപകര്‍ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് പുറമേ രാജ്യത്തിന്റെ ധനകമ്മി, എട്ട് കോടി വ്യാവസായങ്ങളുടെ സൂചിക, സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ജിഡിപി എന്നിവയും നിക്ഷേപകര്‍ നിരീക്ഷിക്കും. ഗെയ്ല്‍, സ്‌പൈസ്‌ജെറ്റ്, സണ്‍ഫാര്‍മ, പഞ്ചാബ് നാഷണല്‍ ബാങ്ക് പോലുള്ള പ്രമുഖ കമ്പനികളുടെ നാലാം പാദഫലങ്ങള്‍ വരുന്ന ആഴ്ച പുറത്തുവിടുമെന്നാണ് സൂചന.

രൂപയുടെ മൂല്യം കഴിഞ്ഞ ആഴ്ച 70.23 വരെ കുറഞ്ഞിരുന്നു. നിലവില്‍ ഡോളറിനെതിരെ 69.38 എന്ന നിലയിലാണ് രൂപ. രൂപ 69.20-70.20 റേഞ്ചില്‍ വിനിമയം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അഭിപ്രായപ്പെട്ട ഈഡില്‍വൈസ് സെക്യൂരിറ്റീസ് ഫോറെക്‌സ് ആന്‍ഡ് റേറ്റ്‌സ് മേധാവി സജല്‍ ഗുപ്ത, പ്രഖ്യാപിക്കാനിരിക്കുന്ന ധനനയത്തില്‍ പലിശ നിരക്കില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതു മുതല്‍ ആഭ്യന്തര ഓഹരി വിപണിയില്‍ കണ്ട ഉണര്‍വ് ഫലപ്രഖ്യാപനത്തിന് ശേഷവും സജീവമാണെന്നും മധ്യവര്‍ത്തി മുന്നേറ്റം തുടരുമെന്നും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയല്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി അഭിപ്രായപ്പെട്ടു.

Categories: FK News, Slider