മോദി വിജയത്തില്‍ മൂല്യമുയര്‍ത്തി കമ്പനികള്‍

മോദി വിജയത്തില്‍ മൂല്യമുയര്‍ത്തി കമ്പനികള്‍
 • ഏഴ് പ്രമുഖ കമ്പനികളുടെ സംയോജിത മൂല്യം 1.42 ലക്ഷം കോടി രൂപ ഉയര്‍ന്നു
 • ഏറ്റവുമധികം നേട്ടമുണ്ടായത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്
 • എസ്ബിഐക്കും ഐസിഐസിഐ ബാങ്കിനും കൊട്ടാക് മഹീന്ദ്ര ബാങ്കിനും മികച്ച മുന്നേറ്റം
 • ബിഎസ്ഇ സെന്‍സെക്‌സ് വ്യാഴാഴ്ച ചരിത്രത്തിലെ റെക്കോഡ് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ തെരഞ്ഞെടുപ്പ് വിജയം ഓഹരി വിപണിയും ആവേശത്തോടെ ഏറ്റെടുത്തതോടെ ഏറ്റവും മൂല്യമുള്ള കമ്പനികള്‍ക്കും ഉണ്ടായത് സ്വപ്‌നതുല്യമായ മുന്നേറ്റം. വിപണിയിലെ ഏറ്റവും വലിയ 10 കമ്പനികള്‍ക്ക് സംയോജിതമായി 1,42,468.1 കോടി രൂപയുടെ മൂല്യവര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല്‍ നടന്ന വ്യാഴാഴ്ച തനിച്ച് കേവലഭൂരിപക്ഷം നേടി അധികാരത്തുടര്‍ച്ച സ്വന്തമാക്കിയ ബിജെപിയുടെ നേട്ടം വിപണിയില്‍ ശക്തമായ തിരയിളക്കമാണ് സൃഷ്ടിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് (40,124.96 പോയന്റ്) ബിഎസ്ഇ സെന്‍സെക്‌സ് അന്ന് ഉയര്‍ന്നിരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരംഭിച്ച വിപണി മുന്നേറ്റം ആഴ്ചയിലുടനീളം തുടര്‍ന്നതോടെ റെക്കോഡ് നേട്ടമാണ് ബാങ്കിംഗ്, ഓട്ടോ അടക്കമുള്ള ഓഹരികള്‍ സ്വന്തമാക്കിയതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് മൂല്യ വര്‍ധനയിലും ഒന്നാമത്. 45,069.66 കോടി രൂപയില്‍ നിന്ന് 8,47,385.77 കോടി രൂപയിലേക്കാണ് റിലയന്‍സ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് മൂല്യമുയര്‍ത്തിയത്. അഞ്ച് ദിവസം കൊണ്ട് ഏകദേശം ഇരട്ടി മൂല്യം. മൂല്യമുയര്‍ത്തലില്‍ റിലയന്‍സിന് തൊട്ടു പിന്നില്‍ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉണ്ട്. 31,816.24 കോടി രൂപയാണ് ഒരാഴ്ച കൊണ്ട് എസ്ബിഐ മൂല്യത്തോട് കൂട്ടിച്ചേര്‍ത്തത്. ആഴ്ചാവസാനം എസ്ബിഐയുടെ വിപണി മൂലധനം 3,16,466.72 കോടി രൂപയാണ്.

ബാങ്കിംഗ് ഓഹരികളാണ് പൊതുവെ മോദിയുടെ വിജയത്തില്‍ നിന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്കിന്റെ മൂല്യം 26,856.43 കോടി രൂപ ഉയര്‍ന്ന് 2,78,269.34 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സിയുടെ മൂല്യം 23,024.22 കോടി വര്‍ധിച്ച് 3,66,235.80 കോടി രൂപയായി. കൊട്ടാക് മഹീന്ദ്ര ബാങ്ക് 10,157. 84 കോടി രൂപയാണ് മൂല്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ബാങ്കിന്റെ ആഴ്ചാവസാനത്തെ മൂല്യം 2,88,981.46 കോടി രൂപയാണ്. ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറും കഴിഞ്ഞയാഴ്ച മികച്ച മുന്നേറ്റം നടത്തി. 2,911.52 കോടി രൂപ വര്‍ധിച്ച് എച്ച്‌യുഎലിന്റെ മൂല്യം 3,78,650.09 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 2,902.17 കോടി രൂപ ഉയര്‍ന്ന് 6,46,462.22 കോടിയായി.

നേട്ടമുണ്ടാക്കിയവര്‍

 • റിലയന്‍സ് ഇന്‍ഡസ്ട്രീസ്
 • എസ്ബിഐ
 • ഐസിഐസിഐ ബാങ്ക്
 • എച്ച്ഡിഎഫ്‌സി
 • കൊട്ടാക് മഹീന്ദ്ര ബാങ്ക്
 • ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
 • എച്ച്ഡിഎഫ്‌സി ബാങ്ക്

നഷ്ടം ഇവര്‍ക്ക്

മൂല്യത്തില്‍ ആദ്യ പത്തിലുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഐടിസി, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്ക് അപ്രതീക്ഷീത തിരിച്ചടിയും മോദിയുടെ മുന്നേറ്റം സമ്മാനിച്ചു. ടിസിഎസിന്റെ മൂല്യം 17,523.6 കോടി ഇടിഞ്ഞ് 7,69,107.53 കോടിയായി. ഐടിയിയുടെ മൂല്യം 13,791 കോടി രൂപ കുറഞ്ഞ് വാരാന്ത്യത്തോടെ 3,55,684.20 കോടിയിലെത്തി. ഇന്‍ഫോസിസിന്റെ മൂല്യം 6,269.42 കോടി രൂപയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 3,09,953.84 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

Categories: Business & Economy, Slider
Tags: share market