മില്‍ക്ക് ഷേക്ക് യുകെയില്‍ രാഷ്ട്രീയ ആയുധമാക്കുന്നു

മില്‍ക്ക് ഷേക്ക് യുകെയില്‍ രാഷ്ട്രീയ ആയുധമാക്കുന്നു

ലണ്ടന്‍: യുകെയിലെ തെരുവ് പ്രക്ഷോഭങ്ങളില്‍ മില്‍ക്ക് ഷേക്കുകള്‍ ഒരു ജനപ്രിയ രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുകയാണ്. മേയ് 23 മുതല്‍ 26 വരെ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ടോമി റോബിന്‍സണ്‍ എന്ന തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ഏതാനും നാളുകള്‍ക്കു മുമ്പ് പ്രചരണത്തിനിറങ്ങിയപ്പോള്‍ അദ്ദേഹത്തിനോടുള്ള പ്രതിഷേധം സൂചിപ്പിച്ചത് സ്‌ട്രോബെറി മില്‍ക്ക് ഷേക്ക് എറിഞ്ഞു കൊണ്ടായിരുന്നു. ഈ സംഭവത്തിനു ശേഷം യു ട്യൂബറും യുകെ ഇന്‍ഡിപെന്‍ഡന്റ് സ്ഥാനാര്‍ഥിയുമായ കാള്‍ ബെഞ്ചമിനെതിരേയും മില്‍ക്ക് ഷേക്ക് എറിയുകയുണ്ടായി. ഒരു വനിതാ രാഷ്ട്രീയക്കാരിയെ ബലാല്‍സംഗം ചെയ്യുന്നതിനെ കുറിച്ചു പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്നായിരുന്നു ബെഞ്ചമിനെതിരേ പ്രതിഷേധം അരങ്ങേറിയത്. സംഭവത്തില്‍ ബെഞ്ചമിന്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചതും പ്രതിഷേധത്തിന് കാരണമായി. നീല്‍ ഫരാഗെ എന്ന യുകെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിക്കാരനും യുകെയിലെ തീവ്ര വലതുപക്ഷ നിലപാടുകാരനുമായ നേതാവിനെ കഴിഞ്ഞ ദിവസം നടത്താനിരുന്ന റാലിക്കു മുന്‍പ് മില്‍ക്ക് ഷേക്ക് വില്‍ക്കരുതെന്ന് പൊലീസ് മക് ഡൊണാള്‍ഡ്‌സിനോട് നിര്‍ദേശിക്കുകയുണ്ടായി.

സമീപകാലം വരെ യുകെയില്‍ മില്‍ക്ക് ഷേക്ക് പ്രതിഷേധിക്കാനുള്ള രാഷ്ട്രീയ ഉപകരണമായിരുന്നില്ല. ചീമുട്ടയായിരുന്നു പൊതുവേ പ്രതിഷേധിക്കാന്‍ ഉപയോഗിച്ചിരുന്ന ഭക്ഷ്യ വസ്തു. ചീമുട്ടയ്ക്കു പുറമേ ചെരുപ്പ്, ഷൂസ് എന്നിവയും പ്രതിഷേധിക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ചീമുട്ടയ്ക്കു പകരം ഇപ്പോള്‍ മില്‍ക്ക് ഷേക്ക് പ്രതിഷേധത്തിന് ഉപയോഗിക്കുന്നതിനു കാരണം അവയ്ക്ക് ചില ഗുണങ്ങളുണ്ടെന്നതു കൊണ്ടാണ്. ഒരു ചീമുട്ട കൊണ്ടു നടക്കുന്നതിനേക്കാള്‍ എളുപ്പമാണ് മില്‍ക്ക് ഷേക്ക് കൊണ്ടുനടക്കാന്‍. മാത്രമല്ല, മില്‍ക്ക് ഷേക്ക് ഒരാള്‍ക്കു നേരേ എറിയുമ്പോള്‍ ചീമുട്ടയെക്കാള്‍ വിഷ്വല്‍ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കും.

Comments

comments

Categories: FK News