ചീറ്റിപ്പോയ കച്ചവടം-2

ചീറ്റിപ്പോയ കച്ചവടം-2

വിമാന ഇന്ധന എണ്ണയുടെ വിലയില്‍ ഉണ്ടായ വര്‍ധനവ് എല്ലാ വിമാനക്കമ്പനികളെയും ഒരുപോലെ ബാധിക്കുമെന്നിരിക്കെ എന്തുകൊണ്ടാണ് ജെറ്റിനെ മാത്രം ഇത് പ്രതിസന്ധിയിലാക്കിയതെന്ന അന്വേഷണം ആരും നടത്തിക്കാണുന്നില്ല. ചെലവേറിയതും ഏറെ സ്ഥലം നഷ്ടപ്പെടുത്തുന്നതുമായ ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് സീറ്റുകള്‍ കൂടുതലായി കുത്തിനിറച്ചാണ് ജെറ്റ് തിരിച്ചടി വാങ്ങിക്കൂട്ടിയത്. ഇക്കണോമി ക്ലാസുകള്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയും സാധാരണക്കാര്‍ സഞ്ചരിക്കുന്ന റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തിയും മറ്റ് വിമാനക്കമ്പനികള്‍ പിടിച്ചു നിന്നു. കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവരെന്ന് ചിന്തിച്ച് മുന്നോട്ടു നീങ്ങിയ നരേഷ് ഗോയലിന്റെ കമ്പനി പൊളിയുകയും ചെയ്തു

എയര്‍ ഡെക്കാന്‍ സാധാരണക്കാരെ പറക്കാന്‍ പഠിപ്പിച്ച ശേഷം അന്തര്‍ദ്ധാനം ചെയ്തു. ഈ ഒഴിവിലേക്ക് സമര്‍ത്ഥമായി കടന്ന് കയറിയ കമ്പനികളാണ് ഇന്‍ഡിഗോയും സ്പൈസ്ജെറ്റും. ഇതിനിടയില്‍ പാരമൗണ്ട്, എയര്‍ പെഗാസസ് തുടങ്ങി പ്രാദേശികമായി ചില പുതിയ വിമാനക്കമ്പനികള്‍ ആകാശത്ത് ഒന്ന് മിന്നി മാഞ്ഞ് പോകുന്നുണ്ട്. സ്‌പൈസ്‌ജെറ്റ്, ഗോഎയര്‍ തുടങ്ങിയവ അവിടവിടെ ഒരു സാന്നിദ്ധ്യമറിയിച്ച് നിലനിന്നു. ഇന്‍ഡിഗോ ആണ് വലിയ രീതിയില്‍ ജനമനസ്സിലേയ്ക്ക് പറന്നെത്തി ലാന്‍ഡ് ചെയ്തത്. ഇന്ത്യയിലാകെ ഇന്‍ഡിഗോയുടെ നീല വിമാനം വട്ടമിട്ട് പറന്നു. ചെലവ് കുറഞ്ഞ എയര്‍ലൈന്‍ എന്ന പേര് അത് നേടിയത് എയര്‍ഡെക്കാനെ പോലെ മൂന്നക്ക സംഖ്യയില്‍ ടിക്കറ്റ് മുറിച്ച് കൊടുത്തിട്ടല്ല. മറിച്ച്, മറ്റ് വിമാനക്കമ്പനികളെക്കാള്‍ ഒരല്‍പ്പം മാത്രം താഴ്ത്തി നിരക്കീടാക്കിയാണ്. ഏത് ട്രാവല്‍ വെബ്‌സൈറ്റ് എടുത്താലും, ടിക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ ഫില്‍റ്റര്‍ ചെയ്താല്‍ ഇന്‍ഡിഗോ തെളിഞ്ഞ് മുകളില്‍ നിന്നു. വ്യോമയാന വ്യവസായത്തില്‍ കാര്യശേഷിയുടെ രണ്ട് അളവുകോലുകളാണ് കോസ്റ്റ് പെര്‍ അവെയ്‌ലബിള്‍ സീറ്റ് കിലോമീറ്ററും റവന്യു പെര്‍ അവെയ്‌ലബിള്‍ സീറ്റ് കിലോമീറ്ററും. അതായത് ഒരു സീറ്റുമായി ഒരു കിലോമീറ്റര്‍ പറക്കുമ്പോഴുള്ള വരവും ചെലവും. ഇതുരണ്ടിലും ജെറ്റ് എയര്‍വേയ്സ് മറ്റെല്ലാവരേക്കാളും മുന്നിലായിരുന്നു. വരവ്, വ്യവസായ ശരാശരിയെക്കാള്‍ 20% കൂടുതല്‍ നിന്നപ്പോള്‍ ചെലവ് 35% കൂടുതല്‍ വന്നു.

വിമാന ഇന്ധന എണ്ണയുടെ വിലയില്‍ ഉണ്ടായ വര്‍ധനവ് എല്ലാ വിമാനക്കമ്പനികളെയും ഒരുപോലെ ബാധിക്കുമെന്നിരിക്കെ എന്തുകൊണ്ടാണ് ജെറ്റിനെ മാത്രം ഇത് പ്രതിസന്ധിയിലാക്കിയതെന്ന അന്വേഷണം ആരും നടത്തിക്കാണുന്നില്ല. ഒരു സമയത്ത് ജെറ്റിന് 190 വിമാനങ്ങള്‍ വരെ ഉണ്ടായിരുന്നു. അതില്‍ 24 ഉം 42 അല്ലെങ്കില്‍ 72 സീറ്റുകളുള്ള എടിആര്‍ ഇനത്തില്‍ പെട്ടവയായിരുന്നു. ഇന്ന് 229 വിമാനങ്ങള്‍ ഉള്ള ഇന്‍ഡിഗോയ്ക്ക് ആവട്ടെ ഇത് വെറും 16 ആണ്. എന്നിട്ടും ഇന്‍ഡിഗോയുടെ കോസ്റ്റ് പെര്‍ അവെയ്‌ലബിള്‍ സീറ്റ് കിലോമീറ്റര്‍ ജെറ്റിനെക്കാള്‍ വളരെ താഴെയാണ്. ഇതിന് ഒരു കാരണമേയുള്ളൂ. ഇന്‍ഡിഗോയില്‍ എല്ലാം കാറ്റില്‍ ക്ലാസ് എന്ന് ഇരട്ടപ്പേരുള്ള ഇക്കണോമി ക്ലാസ് സീറ്റുകള്‍ ആണ്. ജെറ്റിന് ആവട്ടെ ഫസ്റ്റ് ക്ലാസ്സ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിങ്ങനെ മൂന്ന് തരം സീറ്റുകള്‍ ഉണ്ടായിരുന്നു. ആദ്യം പറഞ്ഞ രണ്ടും കൊണ്ടുനടക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. ഒന്ന്, അതിലെ യാത്രക്കാര്‍ക്ക് പലതരം മുന്തിയ ഭക്ഷ്യപാനീയങ്ങള്‍ കരുതണം. രണ്ട്, അഞ്ച് ഇക്കണോമി സീറ്റ് വയ്ക്കാനുള്ള സ്ഥലം വേണം ഒരു ഫസ്റ്റ് ക്ളാസ് സീറ്റ് സ്ഥാപിക്കാന്‍. ബിസിനസ് ക്ലാസ് സീറ്റ് മൂന്ന് ഇക്കണോമി ക്ലാസ് സീറ്റിന്റെ സ്ഥലം എടുക്കുന്നു. ഈ സീറ്റുകള്‍ പലപ്പോഴും മുഴുവന്‍ വിലയ്ക്ക് വില്‍ക്കപ്പെടുന്നുമില്ല. ഒന്നുകില്‍ കാലിയടിച്ച് പോകണം. അല്ലെങ്കില്‍ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് നല്‍കി ഇക്കണോമിയേക്കാള്‍ അല്‍പ്പം മാത്രം കൂടിയ നിരക്കില്‍ നല്‍കണം. കാലി പോകല്‍ ഒരു വലിയ വേദന തന്നെയാണ്. അപ്പോഴെല്ലാം ഇക്കണോമി ക്ലാസില്‍ കൂടുതല്‍ സീറ്റുകള്‍ നിറയ്ക്കാന്‍ അതില്‍ ടിക്കറ്റ് എടുത്തവരില്‍ ചിലരെ സൗജന്യമായി ബിസിനസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നു. അങ്ങിനെ മറ്റൊരു പ്രവര്‍ത്തന മാനദണ്ഡമായ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ (പിഎല്‍എഫ്) ഒപ്പിച്ചെടുക്കുന്നു. വരവ് കൂടാതെ തന്നെ ഇങ്ങനെ ചെലവ് കൂടുന്നു.

മാര്‍ച്ച് മാസത്തില്‍ പോലും ജെറ്റിന്റെ പിഎല്‍എഫ് ഇന്‍ഡിഗോയെക്കാള്‍ ഒരല്‍പ്പം മുന്നില്‍ നിന്നു; യഥാക്രമം 86.70 / 86.00. (ഇത് മറ്റൊരു കാരണം കൊണ്ടുകൂടിയാണ്. ലീസിന് എടുത്ത വിമാനങ്ങള്‍ തിരികെ കൊടുത്ത് സീറ്റ് കപ്പാസിറ്റി വലിയ തോതില്‍ കുറച്ച്, നല്ല ബുക്കിംഗ് ഉള്ള സെക്ടറില്‍ മാത്രം സര്‍വീസ് നടത്തിയാവാം. അവസാന കാലത്ത് ജെറ്റിന് 40 വിമാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്‍ഡിഗോ വികസനപാതയില്‍ കൂടുതല്‍ സെക്ടറുകള്‍ പരീക്ഷിച്ച് വരികയുമായിരുന്നു). പ്രശ്‌നങ്ങള്‍ നേരിട്ടുതുടങ്ങിയ സമയത്ത് തന്നെ ഇതില്‍ ഫസ്റ്റ് ക്ലാസ് നിര്‍ത്തലാക്കിയിരുന്നെങ്കില്‍ ഇത്രയും വഷളാവില്ലായിരുന്നു. എന്നാല്‍, അബുദാബിയിലെ ഇത്തിഹാദ് എയര്‍ലൈന് ഇരുപത്തിനാല് ശതമാനം ഓഹരി വിറ്റ് 2,060 കോടി രൂപ സമാഹരിക്കുകയാണ് ഗോയല്‍ ചെയ്തത്. പകരം ജെറ്റ് ബോര്‍ഡില്‍ രണ്ട് സ്ഥിരാംഗങ്ങളെ ഇത്തിഹാദ് നല്‍കി. ഈ രണ്ടായിരം കോടി തീര്‍ന്നപ്പോള്‍ കാര്യങ്ങള്‍ വീണ്ടും തഥൈവ!

ഇന്‍ഡിഗോ ലോ കോസ്റ്റ് എയര്‍ലൈന്‍ എന്ന പേര് നേടിയെടുത്ത ശേഷം ഓരോന്നിനും ചാര്‍ജ് ചെയ്യാന്‍ തുിടങ്ങി. ബാഗേജ് നിശ്ചിത തൂക്കത്തിന് അപ്പുറം ഉണ്ടെങ്കില്‍ അതിന് ചാര്‍ജ്. ഹാന്‍ഡ് ബാഗ് ഏഴ് കിലോയില്‍ കൂടിയാല്‍ അതിന് ചാര്‍ജ്. മുന്‍നിരയിലെ സീറ്റുകള്‍ക്ക് വന്‍ ചാര്‍ജ്. ജനല്‍ ഭാഗത്തുള്ള സീറ്റിന് പ്രത്യേക നിരക്ക്. അകത്തെ അറ്റത്തുള്ള സീറ്റിനും കൂടുതല്‍ നിരക്ക്. ഭക്ഷണത്തിന് ചാര്‍ജ്, അങ്ങനെ ഓരോന്നിനും ചാര്‍ജ്! പശുവിന് ഒരു രൂപ വില; കയറിന് നൂറ് രൂപ എന്ന തത്വം. എല്ലാം കൂടി കൂട്ടുമ്പോള്‍ സത്യത്തില്‍ പലപ്പോഴും ഫുള്‍ സര്‍വീസ് എയര്‍ലൈനിനെ കവച്ചുവെയ്ക്കുന്നുണ്ട് മൊത്തം ചെലവ്. എന്നാലും ജനം വിശ്വസിച്ചു; ഇന്‍ഡിഗോ ചെലവ് കുറഞ്ഞതാണ്. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി ടിക്കറ്റ് എടുക്കുന്നവര്‍ ഇന്‍ഡിഗോ സഹായത്തിനുണ്ട് എന്ന് ആശ്വസിച്ചു. ഇതാണ് പുറത്തേയ്ക്കുള്ള കാഴ്ച മുഴുവന്‍ മറച്ചിരുന്ന ജെറ്റ് എയര്‍വേയ്സ് കാണാതെ പോയത്. തങ്ങളുടെ വിപണി കോര്‍പറേറ്റുകളുടേതാണ്, വ്യക്തികളുടെ അല്ല എന്ന് ജെറ്റ് അപ്പോഴും ഉറച്ച് വിശ്വസിച്ചതാണ് കാരണം.

2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കോര്‍പ്പറേറ്റുകള്‍ മുഴുവനായി കരയ്ക്ക് കയറിയിട്ടില്ല. ആര്‍ഭാടവും ധാരാളിത്തവും അവര്‍ അന്ന് മാറ്റിവെച്ചതാണ്. ഫസ്റ്റ് ക്ലാസിലും ബിസിനസ് ക്ലാസിലും ഉള്ള യാത്ര അവര്‍ മറന്നു പോയെന്ന് മാത്രമല്ല, ഒരു രൂപയെങ്കില്‍ ഒരു രൂപ എവിടെ ചെലവ് ചുരുക്കാമോ അതും പഠിച്ചു. കോര്‍പ്പറേറ്റുകളുടെ ട്രാവല്‍ ഡെസ്‌കുകള്‍ ഏറ്റവും ചെലവ് കുറഞ്ഞ ടിക്കറ്റുകള്‍ മാത്രം അവരുടെ എക്‌സിക്യൂട്ടീവുകള്‍ക്ക് ബുക്ക് ചെയ്യുന്നതും മനപൂര്‍വം കൈക്കൊണ്ട് തീരുമാന പ്രകാരമാണ്. കമ്പനി ബോര്‍ഡ് റൂമുകളില്‍ വരവ് ചെലവ് അനുപാതം തലനാരിഴ കീറി വിശകലനം ചെയ്യുന്ന ഡയറക്ടര്‍മാര്‍ക്ക് മറിച്ചൊന്നും പറയാനാവില്ല. ജെറ്റിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകി ഒലിച്ച് ലോകോസ്റ്റ് എയര്‍ലൈനുകളിലേയ്ക്ക് പോയി. സമൂഹത്തിലെ സാമ്പത്തികമായി മുകള്‍ത്തട്ടിലുള്ളവര്‍ മാത്രം യാത്ര ചെയ്തിരുന്ന ആകാശയാനത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ യാത്രചെയ്യാന്‍ തുടങ്ങിയത് മുതലാക്കാന്‍ ജെറ്റിന് ആയില്ല എന്ന് മാത്രമല്ല, തങ്ങളുടെ സ്വന്തം എന്ന് വിശ്വസിച്ചിരുന്ന കോര്‍പ്പറേറ്റ് യാത്രക്കാരും കൈയൊഴിഞ്ഞു.

കോര്‍പ്പറേറ്റുകള്‍ ആണ് തങ്ങളുടെ ഉപഭോക്താക്കള്‍ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ജെറ്റ് അവര്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്‍ഡിഗോയും സ്പൈസ്ജെറ്റുമെല്ലാം സാധാരണ ജനങ്ങള്‍ യാത്ര ചെയ്യുന്ന റൂട്ടുകള്‍ ആദ്യം കൈയടക്കി. എന്ന് മാത്രമല്ല, പുതിയ റൂട്ടുകളില്‍ വിമാനമിറക്കി അവരെ യാത്ര ചെയ്യിക്കുക കൂടി ചെയ്തു. സര്‍ക്കാരിന്റെ റീജണല്‍ കണക്ടിവിറ്റി നിര്‍ബന്ധങ്ങളെ കച്ചവട അവസരമായി മനസ്സിലാക്കി സമര്‍ത്ഥമായി ഉപയോഗിച്ചതും അവരാണ്. ആളുകള്‍ കൂടുതലായി യാത്ര ചെയ്യുന്ന റൂട്ടുകളില്‍ കൂടുതല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തി സെക്ടറുകള്‍ പിടിച്ചടക്കുക എന്ന തന്ത്രം അതിവിദഗ്ധമായി പയറ്റിയത് ഇന്‍ഡിഗോ ആണ്. ജനങ്ങള്‍ സാധാരണ യാത്ര ചെയ്യുന്ന സമയത്ത് വിമാനമോടിക്കുന്നതിന് പുറമെ അസമയങ്ങളില്‍ യാത്ര ചെയ്യുന്നത് ലാഭകരം ആണെന്നും അവരെ പഠിപ്പിച്ചു. രാപ്പകലില്ലാതെ അവരുടെ വിമാനങ്ങള്‍ പറന്നുയര്‍ന്നു. അര്‍ദ്ധരാത്രിയിലെ സഞ്ചാരത്തിന് ഒരല്‍പ്പം നിരക്ക് കുറവ്. ജനം ഇടിച്ചു കയറി. അത് കണക്ഷന്‍ ഫ്ളൈറ്റുകളുടെ സാധ്യത വര്‍ധിപ്പിച്ചു. ആകാശത്ത് പുതിയൊരു വിപണി സൃഷ്ടിക്കപ്പെടുകയായിരുന്നു. ജെറ്റിന്റെ വിപണി വിഹിതം അതിവേഗം കുറഞ്ഞ് അതെല്ലാം ലോകോസ്റ്റ് എന്ന് വിളിക്കപ്പെടുന്ന കമ്പനികള്‍ സ്വന്തമാക്കി. ജെറ്റ് ഒരു പരാജയപ്പെട്ട ദൈവമായി.

കഴിഞ്ഞയാഴ്ച ഈ ലേഖനം ആരംഭിച്ചത് അദ്ധ്യാത്മ രാമായണത്തിലെ നാല് വരികളോടെ ആണ്: ‘..നാരദതുംബുരുമുഖ്യജനങ്ങളും മറ്റും വിമാനാഗ്രചാരികളൊക്കവേ ചുറ്റും നിറഞ്ഞിതു, രാമന്‍ തിരുവടി നിന്നരുളും പ്രദേശത്തിങ്കലന്നേരം വന്ദിച്ചിതെല്ലാവരെയും നരേന്ദ്രനും..,’ നരേശന്‍ നരന്മാരില്‍ ഇന്ദ്രനാണ്. വിമാനത്തിന്റെ അഗ്രത്താണ് കോക്പിറ്റ്. അവിടെയിരിക്കുമ്പോള്‍ നരേന്ദ്രന്‍ എല്ലാവരെയും വന്ദിച്ചുകാണണം. എന്നാല്‍ തന്റെ വായുപഥത്തിന് ചുറ്റുമുള്ള അന്തരീക്ഷത്തെ അദ്ദേഹം മനസ്സിലാക്കുവാന്‍ ശ്രമിച്ചിട്ടില്ല. ജെറ്റ് എന്ന് പറഞ്ഞാല്‍ ചീറ്റുക എന്നാണര്‍ത്ഥം. കച്ചവടം ചീറ്റിപ്പോയത് സ്വയംകൃതാനര്‍ത്ഥമാണ്. ഇത് ഒരു വിമാനക്കമ്പനിയ്‌ക്കോ, വ്യോമയാന വ്യവസായത്തിനോ മാത്രം സംഭവിക്കുന്ന, സംഭവിക്കാവുന്ന അപകടങ്ങള്‍ അല്ല. വ്യവസായ-വാണിജ്യ രംഗത്തുള്ള എല്ലാവര്‍ക്കും ജെറ്റ് എയര്‍വേയ്സ് ഒരു പാഠപുസ്തകമാണ്. തന്റെ വിപണിയിലെ ചെറുസ്പന്ദനം പോലും ഏതൊരു വ്യവസായിയും തിരിച്ചറിയണം. ചുറ്റുപാടുകള്‍ സശ്രദ്ധം വീക്ഷിക്കാത്ത, അതനുസരിച്ച് കച്ചവട തന്ത്രങ്ങള്‍ മാറ്റാത്ത എല്ലാ സംരംഭകര്‍ക്കും വിപണി തിരിച്ചടി നല്‍കും. നമ്മുടെ മുന്നില്‍ എച്ച്എംടി വാച്ച് മുതല്‍ അംബാസഡര്‍ കാര്‍ വരെ തകര്‍ച്ചയുടെ പല ഉദാഹരണങ്ങള്‍ ഉണ്ട്. അവയെല്ലാം നമുക്ക് പഠിക്കാനുള്ള പുസ്തകങ്ങള്‍ ആണ്. ജെറ്റ് ആ പട്ടികയില്‍ പ്രമുഖസ്ഥാനത്തേയ്ക്ക് കയറി. ഇത്തരം പാഠപുസ്തകങ്ങള്‍ ആവാതിരിക്കാന്‍ സംരംഭകര്‍ ശ്രദ്ധ വെക്കണം എന്ന് മാത്രമേ പറയാനുള്ളൂ.

Categories: FK Special, Slider
Tags: Jet Airways