ഡെല്‍ഹിയില്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചു

ഡെല്‍ഹിയില്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചു

ദേശീയ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചു. ഏപ്രില്‍-മേയ് മാസം 2018 സമാന കാലയളവിനെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകത 22 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 5,200 മെഗാവാട്ട് ആണ്. ഈ വര്‍ഷം ഏപ്രിലില്‍ അഞ്ച് തവണ 5,200 മെഗാവാട്ടിനേക്കാള്‍ ഉയര്‍ന്ന വൈദ്യുതി ആവശ്യകതയുണ്ടായി. കഴിഞ്ഞ മാസം 30നാണ് ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്, 5,664 മെഗാവാട്ട്.

ഡെല്‍ഹി വൈദ്യുതി വകുപ്പും ഡിസ്ട്രിബ്യൂഷന്‍ കമ്പനികളുമാണ് വൈദ്യുതി ആവശ്യകത വര്‍ധിച്ചതായുള്ള റിപ്പോര്‍ട്ട് പങ്കുവെച്ചത്. ഇടയ്ക്കിടെ നല്ല കാലവസ്ഥ ലഭിച്ചെങ്കിലും ഊര്‍ജ ആവശ്യകത വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 സാഹചര്യങ്ങളിലാണ് ഡെല്‍ഹിയില്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചിട്ടുള്ളത്. ഏപ്രില്‍ 22ന് 4,588 മെഗാവാട്ട് ആവശ്യകതയാണ് അനുഭവപ്പെട്ടത്. 2018ല്‍ ഇതേദിവസം 3,828 മെഗാവാട്ട് ആവശ്യകത രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

ജിഎസ്ടി റീഫണ്ട് നടപടികള്‍ക്ക് ഏക അതോറിറ്റി

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)ക്കുകീഴില്‍ റീഫണ്ട് അനുവദിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുന്നതിനുമുള്ള ഏക സംവിധാനം ഉടന്‍ നടപ്പില്‍ വരും. ഓഗസ്റ്റ് മാസത്തോടെ ജിഎസ്ടി റീഫണ്ടിനായി ഒറ്റ അതോറിറ്റി നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതിക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിന് ജിഎസ്ടി റീഫണ്ട് നടപടികള്‍ ലളിതമാക്കാനും വേഗത്തിലാക്കാനുമാണ് ഇതുവഴി ധനമന്ത്രാലയം നോക്കുന്നത്.

നിലവില്‍ ജിഎസ്ടി റീഫണ്ട് അനുവദിക്കുന്നതിന് രണ്ട് അതോറിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ചെയ്യുന്നത്. ഓഗസ്റ്റ് മാസത്തോടെ ഇതില്‍ മാറ്റം വരും. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ നികുതിദായകര്‍ക്ക് ബന്ധപ്പെട്ട അധികാരപരിധിയിലുള്ള നികുതി വകുപ്പില്‍ നിന്നും റീഫണ്ട് തുക മുഴുവനായും ലഭിക്കും. നിലവില്‍ റീഫണ്ട് അനുമതിക്കായി നികുതി ദായകര്‍ അപേക്ഷ കൊടുക്കുന്നത് തന്റെ പരിധിയിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ്. പിന്നീട് കേന്ദ്ര നികുതി ഓഫീസര്‍ 50% റീഫണ്ട് അനുവദിക്കും. ബാക്കി തുക സംസ്ഥാന നികുതി ഓഫീസര്‍ നല്‍കും.

ബ്ലാക് ഷാര്‍ക്ക് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

പുതിയ ഫീച്ചറുകളുമായി ബ്ലാക്ക് ഷാര്‍ക്ക് 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഈ മാസം 27ന് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6.39 ഇഞ്ച് ഡിസ്‌പ്ലേ, 6 ജിബി റാം, 128 ജിബി റോം, ഫോണ്‍ ചൂടാകുന്നത് തടയാന്‍ ലിക്വിഡ് കൂളിംഗ് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക് ഷാര്‍ക്ക് ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കുന്നത്. ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ബ്ലാക്ക് ഷാര്‍ക്കിന്റെ പുതിയ വരവ്. ഗെയിമുകളില്‍ മികച്ച ആസ്വാദ്യത ലഭിക്കുന്നതിനായി മര്‍ദം ചെലുത്തുന്നതിനനുസരിച്ച് പ്രതികരിക്കുന്ന ഡിസ്‌പ്ലേ ആണുള്ളതെന്ന് കമ്പനി അറിയിച്ചു. 4000 എംഎഎച്ച് ബാറ്ററി, 48 എംപിയുടെയും 12 എംപിയുടെയും പിന്‍ കാമറകള്‍, 20 എംപിയുടെ മുന്‍ കാമറ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.

Comments

comments

Categories: FK News