സിഎസ്ഒയും എന്‍എസ്ഒയും ലയിച്ച് ഒന്നാകും

സിഎസ്ഒയും എന്‍എസ്ഒയും ലയിച്ച് ഒന്നാകും

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പ് സെക്രട്ടറി ആയിരിക്കും ലയന സംരഭത്തിന് മേല്‍നോട്ടം വഹിക്കുക

ന്യൂഡെല്‍ഹി: സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴില്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസും ലയിപ്പിച്ച് ഒറ്റ സംരംഭമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയുടെ ഒദ്യോഗിക സ്ഥിതിവിവര സംവിധാനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് എന്നാണ് പുതിയ ലയന സംരംഭം അറിയപ്പെടുക. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം സെക്രട്ടറി പുതിയ സംരംഭത്തിന് നേതൃത്വം നല്‍കും. മേയ് 23നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പ് മന്ത്രി ഡിവി സദാനന്ദ ഗൗഡയുടെ അനുമതിയോടെ എടുത്ത ഈ തീരുമാനം മന്ത്രാലത്തിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തവും സുതാര്യവുമാക്കാനും ഇതുമായി ബന്ധപ്പെട്ട തടസങ്ങള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മന്ത്രാലയത്തിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏകോപനവും ഒരുമയും സാധ്യമാകുമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിനെയും നാഷണല്‍ സംപിള്‍ സര്‍വേ ഓഫീസിനെയും ലയിപ്പിക്കാന്‍ 2015ല്‍ തന്നെ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, തീരുമാനം കാരണങ്ങള്‍ ബോധിപ്പിക്കാതെ തല്‍ക്കാലികമായി മാറ്റിവെക്കുകയായിരുന്നു. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ നീക്കം ചെയ്തതോടെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.

ലയനത്തിന് മുന്‍പായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ മൂന്ന് ഡയറക്റ്റര്‍ ജനറല്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് തല്‍ക്കാലനിവൃത്തിയുണ്ടാക്കും. സാമ്പത്തിക സ്ഥിതിവിവരകണക്കുകള്‍, സാമൂഹിക സ്ഥിതിവിവരകണക്കുകള്‍, സര്‍വേ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകളാണ് നിലവില്‍ ഡയറക്റ്റര്‍ ജനറല്‍മാരെ ഏല്‍പ്പിച്ചിട്ടുള്ളത്. പുതിയ സംവിധാനത്തിന് കീഴില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, നാഷണല്‍ സാംപിള്‍ സര്‍വേ, ഏകീകരണം, ഭരണനിര്‍വഹണം തുടങ്ങിയ ചുമതലകള്‍ ഡയറക്റ്റര്‍ ജനറല്‍മാര്‍ക്ക് നല്‍കും

2014 മാര്‍ച്ച് 31 വരെയുള്ള ഒന്‍പത് വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ശരാശരി സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.67 ശതമാനമായിരുന്നുവെന്ന് 2018ല്‍ പുറത്തിറക്കിയ നിതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തുള്ള കണക്കുകളാണിത്. എന്നാല്‍ 2018 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ശരാശരി വളര്‍ച്ച 7.35 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന് പകരം നിതി ആയോഗ് ഇത്തരമൊരു റിപ്പോര്‍ട്ട് അവതരിപ്പിച്ചതാണ് വളര്‍ച്ചാ കണക്കുകളുടെ ആധികാരികതയുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് നയിച്ചത്.

തുടര്‍ന്ന് ഇന്ത്യയുടെ സ്ഥിതിവിവരകണക്കുകളില്‍ സര്‍ക്കാര്‍ അനധികൃതമായി ഇടപ്പെടുന്നു എന്ന് ആരോപിച്ച് ഈ വര്‍ഷം ജനുവരിയില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍മാന്‍ പിസി മോഹനനും മറ്റൊരു അംഗമായ ജെവി മീനാക്ഷിയും രാജിവെച്ചു. തൊഴില്‍ കണക്കുകള്‍ പൂഴ്ത്തിവെച്ചതടക്കമുള്ള കാര്യങ്ങളാണ് ഇവരുടെ രാജിക്ക് കാരണമായത്. ഇതിനിടെയാണ് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തലത്തിലെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇത് സര്‍ക്കാരിനെ വെട്ടിലാക്കി. ഇന്ത്യയുടെ ജിഡിപി കണക്കുകള്‍ ഊതിപെരുപ്പിച്ചവയാണെന്ന് സാമ്പത്തിക വിദഗ്ധരും ആരോപിച്ചിരുന്നു.

Comments

comments

Categories: Top Stories
Tags: CSO, CSO-NSO