ഏപ്രിലില്‍ കല്‍ക്കരി ഇറക്കുമതി 13% വര്‍ധിച്ചു

ഏപ്രിലില്‍ കല്‍ക്കരി ഇറക്കുമതി 13% വര്‍ധിച്ചു
  • 20.72 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് കഴിഞ്ഞ മാസം രാജ്യം ഇറക്കുമതി ചെയ്തത്
  • 2018 ഏപ്രിലില്‍ 18.27 മില്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്തിരുന്നു

ന്യൂഡെല്‍ഹി: ഏപ്രില്‍ മാസം ഇന്ത്യയുടെ കല്‍ക്കരി ഇറക്കുമതിയില്‍ 13.4 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 20.72 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് കഴിഞ്ഞ മാസം രാജ്യം ഇറക്കുമതി ചെയ്തത്. 2018 ഏപ്രിലില്‍ 18.27 മില്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

ഏപ്രില്‍ മാസം ഇറക്കുമതി ചെയ്ത മൊത്തം കല്‍ക്കരിയില്‍ 15.08 മില്യണ്‍ ടണ്‍ തെര്‍മല്‍ കല്‍ക്കരി അഥവാ ചുട്ടതല്ലാത്ത കല്‍ക്കരിയാണ്. മൊത്തം ഇറക്കുമതിയില്‍ സ്റ്റീല്‍, ഇരുമ്പ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചുട്ട കല്‍ക്കരിയുടെ ഇറക്കുമതി 3.52 മില്യണ്‍ ടണ്‍ ആണ്. ലോഹസംസ്‌കരണാവശ്യത്തിനുള്ള 0.22 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത്.

എംജംഗ്ഷന്‍ സര്‍വീസസിന്റേതാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്. ടാറ്റ സ്റ്റീലിന്റെയും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (എസ്എഐഎല്‍) സംയുക്ത സംരംഭമായ എംജംഗ്ഷന്‍ ബിസിനസ്-ടു-ബിസിനസ് ഇ-കൊമേഴ്‌സ് കമ്പനിയാണ്. കല്‍ക്കരി, സ്റ്റീല്‍ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോര്‍ട്ടുകളും എംജംഗ്ഷന്‍ പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ മാസം തെര്‍മല്‍ കല്‍ക്കരിയുടെ ഇറക്കുമതി പ്രതീക്ഷയ്ക്കനുസരിച്ച് ആയിരുന്നുവെന്ന് എംജംഗ്ഷന്‍ എംഡിയും സിഇഒയുമായ വിനയ വര്‍മ പറഞ്ഞു. വൈദ്യുതി നിലയങ്ങളില്‍ മതിയായ കല്‍ക്കരി സ്റ്റോക് ഉണ്ടാകുമെന്നും വിനയ വ്യക്തമാക്കി.

കല്‍ക്കരി ഇറക്കുമതിയില്‍ കഴിഞ്ഞ മാസം ഉണ്ടായ പ്രവണത ഈ മാസവും തുടരുമെന്നാണ് എംജംഗ്ഷന്റെ നിരീക്ഷണം. 2018-2019 സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ കല്‍ക്കരി, തെര്‍മല്‍ കല്‍ക്കരി ഇറക്കുമതി 9.66 ശതമാനം വര്‍ധിച്ച് 235.35 മില്യണ്‍ ടണ്ണിലെത്തി. 2017-2018 സാമ്പത്തിക വര്‍ഷം 214.61 മില്യണ്‍ ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്.

ചുട്ട കല്‍ക്കരിയുടെ ഇറക്കുമതി ഒഴിവാക്കുന്നതിന് ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പൊതുമേഖലാ കമ്പനിയായ കോള്‍ ഇന്ത്യയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഒരു ബില്യണ്‍ ടണ്‍ കല്‍ക്കരി രാജ്യത്ത് ഉല്‍പ്പാദിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK News
Tags: coal import