കോംഗോയില്‍ യുഎന്‍ സുരക്ഷാമേധാവിയെ നിയോഗിച്ചു

കോംഗോയില്‍ യുഎന്‍ സുരക്ഷാമേധാവിയെ നിയോഗിച്ചു

എബോള ബാധിച്ച കോംഗോയില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരേ അക്രമം തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്രസംഘടന പുതിയ എബോള മേധാവിയുടെ തസ്തിക സൃഷ്ടിച്ചു. എമര്‍ജന്‍സി എബോള റെസ്‌പോണ്‍സ് കോഓര്‍ഡിനേറ്റര്‍ എന്നാണ് പുതിയ ഉദ്യോഗസ്ഥന്റെ പേര്. യുഎന്നിന്റെ മോണുസ്‌കോ സമാധാന സേനയുടെ ഉപമേധാവി ഡേവിഡ് ഗ്രസ്ലി പുതിയ സ്ഥാനത്ത് നിയമിക്കപ്പെട്ടു. എബോള പ്രതിസന്ധിക്ക് അന്താരാഷ്ട്ര പിന്തുണ നിരീക്ഷിക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. എബോളപ്രതിരോധം കൂടുതല്‍ ഫലപ്രദമാകാന്‍ സാഹചര്യമൊരുക്കും. പ്രത്യേകിച്ച് സുരക്ഷയും രാഷ്ട്രീയപിന്തുണയും ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. കോംഗോയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. യുഎന്‍ സംഘത്തിന് പ്രാദേശികവാസികളുടെ വിശ്വാസമാര്‍ജിക്കാനായിട്ടില്ല. പലരും രോഗത്തെ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയായാണ് വീക്ഷിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ 10 മാസമായി പടരുന്ന രോഗത്തില്‍ മരണമടഞ്ഞത് 1,241 ആളുകളാണ്. രാജ്യത്ത് സ്വജീവന്‍ പോലും മറന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ ഭീകരര്‍ നടത്തുന്നത് കടുത്ത ആക്രമണങ്ങളാണ്. രോഗം ബാധിച്ച സ്ഥലങ്ങളില്‍പ്പോലും സായുധ സംഘങ്ങള്‍ അവരെ ആക്രമിക്കുകയാണ്. പലപ്പോഴും ലഘുലേഖകളോ അല്ലെങ്കില്‍ നേരിട്ടോ ആണ് ഈ ഭീഷണികള്‍ വരുന്നത്. പരിഭ്രാന്തരായ ആരോഗ്യസേവന ജീവനക്കാരും സംരക്ഷണ ഉപകരണങ്ങള്‍ ധരിക്കുകയോ, അണുബാധ തടയാനുള്ള നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യുന്നില്ല. ഇറ്റുരി, വടക്കന്‍ കിവു പ്രവിശ്യകളിലാണ് രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. എന്നാല്‍, മറ്റ് പ്രവിശ്യകളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ശക്തമായ രാഷ്ട്രീയ ഇടപെടലും രോഗബാധിത പ്രദേശങ്ങളിലേക്കുള്ള് പ്രവേശന നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ഭരണകൂട പിന്തുണയും ആവശ്യമാണെന്ന് ലോകാരോഗ്യസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

Comments

comments

Categories: Health
Tags: Congo, Ebola