സംയുക്ത സൈനികാഭ്യാസത്തിന് യുഎഇ-ജോര്‍ദാന്‍ കരാര്‍

സംയുക്ത സൈനികാഭ്യാസത്തിന് യുഎഇ-ജോര്‍ദാന്‍ കരാര്‍

അബുദാബി കിരീടാവകാശി ഷേഖ് മുഹമ്മദും ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അബുദാബി: സംയുക്ത സൈനികാഭ്യാസത്തിനായി പരസ്പരം സഹകരിക്കാന്‍ യുഎഇ-ജോര്‍ദാന്‍ ധാരണ. പശ്ചിമേഷ്യന്‍ മേഖലയെ അസ്വസ്ഥമാക്കുന്ന വെല്ലുവിളികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചു.

അബുദാബിയിലെ അല്‍ ബതീന്‍ പാലസില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണത്തോടെ സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിനായി ധാരണയായത്.

അറബ് രാഷ്ട്രങ്ങളുടെ പരമോന്നത താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വതന്ത്ര സഞ്ചാരം ഉള്‍പ്പടെ മേഖലയില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമായി അടുത്തിടെയായി മേഖലയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങളില്‍ ജോര്‍ദാനുമായി സഹകരിച്ച് നീങ്ങാന്‍ യുഎഇ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അബ്ദുള്ള രണ്ടാമന്‍ രാജാവും ഷേഖ് മുഹമ്മദും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. സമീപകാല ഭാവിയില്‍ തന്നെ സംയുക്ത സൈനിക അഭ്യാസം നടത്താനാണ് ഇവരുടെ തീരുമാനം.

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളാകുകയും സൗദിയുടെ എണ്ണക്കപ്പലുകള്‍ അടക്കം നാല് ചരക്ക് കപ്പലുകള്‍ യുഎഇ തീരത്ത് ആക്രമിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സംയുക്ത സൈനികാഭ്യാസം നടത്താന്‍ ജോര്‍ദാനും യുഎഇയും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞിടെ ഗള്‍ഫ് മേഖലയിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ ഇന്‍ഷുറന്‍സ് വിപണിയിലെ ലോയ്ഡ് ഗള്‍ഫിലെ കൂടുതല്‍ മേഖലകളെ അവരുടെ അപട സാധ്യത കൂടിയ മേഖലകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ വലിയ തോതിലുള്ള സൈനിക നീക്കങ്ങള്‍ വാണിജ്യ വിമാനങ്ങളുടെ സഞ്ചാരത്തിന് ഭീഷണിയാകുമെന്ന് അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് പുറത്തിറക്കി.

ജിസിസി മേഖലയിലെ എല്ലാ രാഷ്ട്രങ്ങളും അവര്‍ക്ക് ചുറ്റുമുള്ള സമുദ്ര മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ നേവിയുമായി സഹകരിച്ചാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ സമുദ്രമേഖലയില്‍ സുരക്ഷാനീക്കങ്ങള്‍ നടത്തുന്നത്.

Comments

comments

Categories: Arabia
Tags: UAE Jordan