തെരേസ മേ രാജി പ്രഖ്യാപിച്ചു

തെരേസ മേ രാജി പ്രഖ്യാപിച്ചു

ജൂണ്‍ ഏഴിന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയും

ലണ്ടന്‍: ബ്രക്‌സിറ്റ് കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പരാജയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. കരാര്‍ നടപ്പാക്കുന്നത് പരാജപ്പെട്ടതിന്‍രെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം ജൂണ്‍ ഏഴിന് ഒഴിയുമെന്ന് മേ അറിയിച്ചു. പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതു വരെ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരും.

2016 ബ്രിട്ടീഷ് ജനത തീരുമാനിച്ച ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്‌തെന്നും എന്നാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കാത്തതിലാണ് സ്ഥാനമൊഴിയുന്നതെന്നും ഔദ്യോഗിക വസതിയായ ഡൗണിംങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിക്ക് മുന്നില്‍ വെച്ച് നടത്തിയ പ്രസ്താവനയില്‍ അവര്‍ വ്യക്തമാക്കി. വികാരഭരിതയായി പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പ്രഖ്യാപനം. പുതിയ പ്രധാനമന്ത്രിക്ക് ബ്രക്‌സിറ്റ് നടപ്പിലാക്കാന്‍ സാധിക്കട്ടെയെന്നും അവര്‍ ആശംസിച്ചു. യുകെയുടെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും രാജ്യത്തെ സേവിക്കാന്‍ കിട്ടിയ അവസരം വലിയ അംഗീകാരമായാണ് കാണുന്നതെന്നും മേ വ്യക്തമാക്കി.

മേയുടെ രാജിയോടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈകാതെ ആരംഭിക്കും. പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ നാലാം തവണയും വോട്ടിനിടാനിരിക്കെയാണ് മേയുടെ രാജി. കരാര്‍ പാര്‍ലമെന്റില്‍ പാസാക്കി ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ഒക്‌റ്റോബര്‍ 31 വരെയാണ് യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടണ് സമയം അനുവദിച്ചിരിക്കുന്നത്.

Categories: FK News, Slider
Tags: Theresa May