ബഹിരാകാശയാത്രികര്‍ക്ക് വരുന്ന അസ്ഥിക്ഷയം

ബഹിരാകാശയാത്രികര്‍ക്ക് വരുന്ന അസ്ഥിക്ഷയം

ബഹിരാകാശ യാത്രികര്‍ക്ക് അസ്ഥിക്ഷയമുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ ഗുരുത്വാകര്‍ഷണം മൂലം പേശീവ്യൂഹത്തിന് ഒരു പ്രതിബലമുണ്ടാകുന്നുണ്ട്. ബഹിരാകാശ യാത്രയില്‍ ഭാരം നഷ്ടപ്പെടുന്നതു മൂലം കോശജാലങ്ങള്‍ ക്ഷയിക്കുകയും അസ്ഥികള്‍ ദുര്‍ബലപ്പെടുകയും ചെയ്യുന്നു. റഷ്യന്‍ ബഹിരാകാശപേടകത്തില്‍ കയറ്റി അയച്ച എലിയിലാണ് തരുണാസ്ഥി തകര്‍ച്ചയുടെ ആദ്യ സൂചനകള്‍ കണ്ടെത്തിയത്.

അമേരിക്കയിലെ ഹെന്‍ട്രി ഫോര്‍ഡ് ആശുപത്രിയില്‍ നിന്നുള്ള ഗവേഷകരാണിത് കണ്ടെത്തിയത്. ബഹിരാകാശത്തു ജീവിക്കുന്നവരുടെ ശരീരത്തില്‍ പ്രതിരോധവ്യവസ്ഥ, രക്തസമ്മര്‍ദം, കണ്ണുകളുടെ ആകൃതി എന്നിവയില്‍ പല മാറ്റങ്ങളുമുണ്ടാകാറുണ്ട്. ബഹിരാകാശത്തിലെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ അഭാവമാണ് ഇതിനു കാരണം. ദീര്‍ഘകാലം അവിടെ കഴിയുന്ന മനുഷ്യരില്‍ ഇതു സംഭവിക്കാനിടയുണ്ടെന്ന് ഡോ. ജാമി ഫിറ്റ്‌സ്‌ജെറാള്‍ഡ് പറയുന്നു. ബഹിരാകാശത്തിലെ ബയോമെക്കാനിക്കല്‍ ഘടകങ്ങള്‍ ഭൂമിയില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ടാണ് പേശീവ്യൂഹത്തിനും അസ്ഥികള്‍ക്കും ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം ആളുകള്‍ക്ക് ഭാരം തോന്നിക്കുകയും സ്‌നായു, തരുണാസ്ഥി, സന്ധിബന്ധം എന്നിവ ഒരു എതിര്‍ ബലമുപയോഗിക്കേണ്ടി വരുകയും ചെയ്യുന്നു. എന്നാല്‍ ബഹിരാകാശത്തെത്തുമ്പോള്‍ ഭാരം കുറയുന്നതും ഗുരുത്വാകര്‍ഷണത്തിന്റെ അഭാവവും മൂലം ഈ അവയവങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശയാത്രയില്‍ സംഭവിക്കുന്ന അസ്ഥികളുടെ ബലക്കുറവും ധാതുക്ഷയവുമാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. ബഹിരാകാശയാത്രികര്‍ ഭൂമിയില്‍ എത്തുമ്പോള്‍ ഈ പേശികളും അസ്ഥിവ്യൂഹവും ക്ഷയിച്ചിരിക്കും. 2013 ല്‍ ആളില്ലാത്ത റഷ്യന്‍ ബയോണ്‍-എം 1 ബഹിരാകാശവാഹനത്തിനകത്ത് 30 ദിവസം ചെലവഴിച്ച എലികളുടെ പേശീവ്യൂഹം പരിശോധിച്ചാണ് ഗവേഷകര്‍ ഇതു കണ്ടെത്തിയത്. ട്രൈറ്റിക് സ്റ്റെയിന്‍സ്, ജീന്‍ എക്‌സ്പ്രഷന്‍ എന്നീ പഠനങ്ങള്‍ നടത്തുകയും ഇതേ കാലയളവില്‍ ഭൂമിയില്‍ ഉണ്ടായിരുന്ന എലികളുമായി താരതമ്യപഠനവും നടത്തി.  തരുണാസ്ഥി തകരാറുമായി പൊരുത്തപ്പെടുന്ന ജനിതക എക്‌സ്പ്രഷനുകളിലെ മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു.

Comments

comments

Categories: Health