പാമ്പുകടി മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ വഴിതേടുന്നു

പാമ്പുകടി മൂലമുള്ള മരണങ്ങള്‍ കുറയ്ക്കാന്‍ വഴിതേടുന്നു

പാമ്പിന്‍വിഷം തീണ്ടിയുള്ള മരണങ്ങളെയും അനുബന്ധ രോഗങ്ങളെയും അവഗണിക്കപ്പെടുന്ന മാരകരോഗത്തില്‍പ്പെടുത്തിയതായി രണ്ടു വര്‍ഷം മുമ്പ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ 2030 ആകുമ്പോഴേക്കും പകുതിയാക്കി കുറയ്ക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു. ഇതിനായി പുതിയ തന്ത്രം ലോകാരോഗ്യ സംഘടന പുറത്തിറക്കി. ഓരോ വര്‍ഷവും ഏതാണ്ട് മൂന്ന് ദശലക്ഷം പേര്‍ക്കു വിഷപ്പാമ്പുകളുടെ കടിയേല്‍ക്കുന്നുണ്ടെന്നാണു കണക്ക്. ഇതില്‍ 81,000 മുതല്‍ 138,000 വരെ പേര്‍ മരണമടയുന്നുണ്ട്. ഏകദേശം 400,000 പേര്‍ പാമ്പുകടിമൂലം സ്ഥിരം അംഗവൈകല്യങ്ങളും മറ്റ് അസുഖങ്ങളും സംഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

പുതിയ റിപ്പോര്‍ട്ടില്‍, ഐക്യരാഷ്ട്രസഭയുടെ ഹെല്‍ത്ത് ഏജന്‍സി ഈ പ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അപകടകരമായ ഈ ദുരന്തം ദീര്‍ഘകാലം അവഗണിക്കപ്പെടുകയായിരുന്നുവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതൊരു അടിയന്തര പൊതുജനാരോഗ്യപ്രശ്‌നമായി കാണണമെന്നും ഏജന്‍സി ആഹ്വാനം ചെയ്തു. പാമ്പിന്‍വിഷം ബാധിക്കുന്നത് രക്തപര്യയന വ്യൂഹത്തെയാണ്. പാമ്പിന്‍വിഷം ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ശ്വാസതടസ്സം, ശാരീരികാസ്വാസ്ഥ്യം, വൃക്കസ്തംഭനം, ശ്വാസതടസം തുടങ്ങിയ അസുഖങ്ങള്‍ കാണപ്പെടുന്നു. പാമ്പുകടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ വനപ്രദേശങ്ങളിലാണ് ജീവിക്കുന്നത്. കുട്ടികളാണ് കൂടുതലും പാമ്പകടിയുടെ ഇരകള്‍. ഗുണനിലവാരമുള്ള പ്രതിരോധ മരുന്നിന്റെ ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വെക്കുന്ന തന്ത്രത്തിന്റെ മര്‍മ ഭാഗം.

1980 കളുടെ അവസാനത്തോടെ അനേകം കമ്പനികള്‍ പാമ്പിന്‍വിഷ പ്രതിപ്രവര്‍ത്തന ഔഷധങ്ങളുടെ ഉല്‍പാദനം ഉപേക്ഷിച്ചു. ഫലപ്രദമായ, സുരക്ഷിതമായ മരുന്നുകളുടെ ലഭ്യത ഏറ്റവും കൂടുതല്‍ ഇരകളുള്ള ആഫ്രിക്കയില്‍ പോലും കുറവാണ്. സമാനമായ ഒരു പ്രതിസന്ധി ഏഷ്യയിലുമുണ്ട്. വിപണിയില്‍ മരുന്നു ലഭ്യത കൂട്ടാതെ ഒരു പൊതുജനാരോഗ്യ അടിയന്തര നടപടി സാധ്യമല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 2030 ഓടെ ആന്റിവെനം ഉല്‍പ്പാദകരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധനവ് ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ആഗോളാടിസ്ഥാനത്തില്‍ പ്രതിരോധമരുന്ന് നിര്‍മ്മിക്കാനുള്ള പൈലറ്റ് പദ്ധതിയെക്കുറിച്ചും സംഘടന ആലോചിക്കുന്നു. പാമ്പുകളുടെ ശല്യം വര്‍ധിച്ച രാജ്യങ്ങളിലെ ദേശീയ ആരോഗ്യ പദ്ധതികളില്‍ പാമ്പ് കടിക്കുള്ള ചികില്‍സകള്‍ സമന്വയിപ്പിക്കുന്നതിനുള്ള പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്.

Comments

comments

Categories: Health
Tags: Snake bite