സ്‌കോഡ സൂപ്പര്‍ബ് ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു

സ്‌കോഡ സൂപ്പര്‍ബ് ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു

പരിഷ്‌കരിച്ച സൂപ്പര്‍ബ് സെഡാന്‍ ഇതാദ്യമായി പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിലും ലഭിക്കും

ബ്രാറ്റിസ്ലാവ (സ്ലോവാക്യ) : സ്‌കോഡ സൂപ്പര്‍ബ് ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു. പരിഷ്‌കരിച്ച സൂപ്പര്‍ബ് സെഡാന്‍ ഇതാദ്യമായി പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിലും ലഭിക്കും. ഫുള്‍ എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലൈറ്റുകള്‍ (ഓപ്ഷനായി) ലഭിച്ച ആദ്യ സ്‌കോഡയാണ് സൂപ്പര്‍ബ്. പ്രിഡിക്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളും നല്‍കിയിരിക്കുന്നു.

പുതിയ ലുക്കിലുള്ള ഗ്രില്‍, റിയര്‍ എല്‍ഇഡി ലൈറ്റുകള്‍ക്കിടയില്‍ ക്രോം അലങ്കാരം എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്ത സൂപ്പര്‍ബ് സെഡാനില്‍ കാണാം. മുന്നില്‍ പുതിയ ബംപര്‍ നല്‍കിയതോടെ കാറിന്റെ നീളം 8 എംഎം വര്‍ധിച്ചു. 4,869 മില്ലി മീറ്ററാണ് ഇപ്പോഴത്തെ നീളം.

217 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിന് കരുത്തേകുന്നത്. കൂടെ 112 എച്ച്പി ഇലക്ട്രിക് മോട്ടോര്‍ നല്‍കിയിരിക്കുന്നു. 6 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കും. ഫോക്‌സ്‌വാഗണ്‍ പസാറ്റ് ജിടിഇ പ്ലഗ്-ഇന്‍ ഹൈബ്രിഡ് പോലെ 55 കിലോമീറ്റര്‍ ദൂരം ഇലക്ട്രിക് കരുത്തില്‍ മാത്രം ഓടാന്‍ സ്‌കോഡ സൂപ്പര്‍ബ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന് കഴിയും. ഇരു കാറുകളും ഒരേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നത്.

ഫ്‌ളോറിന് അടിയില്‍ റിയല്‍ ആക്‌സിലിന് സമീപത്തായാണ് ബാറ്ററി പാക്ക് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബൂട്ട് ശേഷി അല്‍പ്പം കുറയും. സെഡാന്‍ പതിപ്പില്‍ 485 ലിറ്ററും എസ്റ്റേറ്റ് വേര്‍ഷനില്‍ 510 ലിറ്ററുമാണ് ബൂട്ട് ശേഷി. എന്നാല്‍ നോണ്‍ ഹൈബ്രിഡ് വേര്‍ഷനുകളില്‍ ഇത് യഥാക്രമം 625 ലിറ്ററും 660 ലിറ്ററുമാണ്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ബാറ്ററി സ്റ്റാറ്റസ്, ഇലക്ട്രിക് റേഞ്ച് എന്നിവ അറിയാന്‍ കഴിയും.

നിലവിലെ അതേ എന്‍ജിനുകളാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത സ്‌കോഡ സൂപ്പര്‍ബ് ഉപയോഗിക്കുന്നത്. എന്നാല്‍ 188 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ പുതുതായി നല്‍കിയിരിക്കുന്നു. 276 എച്ച്പി പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ ടോപ് വേരിയന്റിന് തുടര്‍ന്നും കരുത്തേകും.

ഫേസ്‌ലിഫ്റ്റ് ചെയ്ത സ്‌കോഡ സൂപ്പര്‍ബിന്റെ ആഗോള വില്‍പ്പന ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പ് അടുത്ത വര്‍ഷം തുടക്കത്തിലായിരിക്കും വിറ്റുതുടങ്ങുന്നത്. പരിഷ്‌കരിച്ച സ്‌കോഡ സൂപ്പര്‍ബ് അടുത്ത വര്‍ഷമാദ്യം ഇന്ത്യയിലുമെത്തും.

Comments

comments

Categories: Auto