ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ‘ഐവി’ ബ്രാന്‍ഡുമായി സ്‌കോഡ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ‘ഐവി’ ബ്രാന്‍ഡുമായി സ്‌കോഡ

2022 അവസാനത്തോടെ പത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സ്‌കോഡ ഓട്ടോ

ബ്രാറ്റിസ്ലാവ (സ്ലോവാക്യ) : ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്‌കോഡ പുതിയ ഉപ ബ്രാന്‍ഡ് രൂപീകരിച്ചു. ഐവി എന്ന ബ്രാന്‍ഡിലായിരിക്കും സ്‌കോഡ ഓട്ടോ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുന്നത്. ഐ എന്നാല്‍ ഇന്നവേറ്റീവ്, ഇന്റലിജന്റ് എന്നും വി എന്നാല്‍ വെഹിക്കിള്‍ എന്നുമാണെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. 2022 അവസാനത്തോടെ പത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സ്‌കോഡ ഓട്ടോ അറിയിച്ചു.

ഓള്‍ ഇലക്ട്രിക് സ്‌കോഡ സിറ്റിഗോ-ഇ ഐവി, സ്‌കോഡ സൂപ്പര്‍ബ് ഐവി പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്നിവയായിരിക്കും ഇവയില്‍ ആദ്യ രണ്ട് വാഹനങ്ങള്‍. ഈ രണ്ട് വാഹനങ്ങളും അനാവരണം ചെയ്തു. ഇതേതുടര്‍ന്ന്, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി മോഡുലര്‍ ഇലക്ട്രിക് കാര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി രണ്ട് ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കും. ഇതിലൊന്ന് സ്‌കോഡ വിഷന്‍ ഐവി എസ്‌യുവി കൂപ്പെ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ ആയിരിക്കും. ഈ രണ്ട് ഇലക്ട്രിക് വാഹനങ്ങളും 2020 ല്‍ വിപണിയിലെത്തിക്കും.

ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് പ്രവേശിക്കുന്നതിന് ശരിയായ സമയം വന്നുചേര്‍ന്നതായി സ്‌കോഡ ഓട്ടോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബേണ്‍ഹാര്‍ഡ് മെയ്ര്‍ പറഞ്ഞു. ദീര്‍ഘ റേഞ്ച്, അതിവേഗ ചാര്‍ജിംഗ്, താങ്ങാവുന്ന വില എന്നിവയോടെയായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുകയെന്ന് അദ്ദേഹം അറിയിച്ചു. 2025 ഓടെ തങ്ങളുടെ ആകെ വില്‍പ്പനയുടെ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കണമെന്നാണ് സ്‌കോഡ ഓട്ടോ ലക്ഷ്യം വെയ്ക്കുന്നത്.

2025 പദ്ധതിയുടെ ഭാഗമായി, അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ മൊബിലിറ്റി സേവനങ്ങള്‍ക്കുമാണ് ഇത്രയും വലിയ നിക്ഷേപം. സ്‌കോഡയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.

ഐവി ഉപ ബ്രാന്‍ഡില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം, കണക്റ്റഡ് ഇലക്ട്രിക് മൊബിലിറ്റി സിസ്റ്റം അവതരിപ്പിക്കുന്നതും ലക്ഷ്യമാണ്. വ്യത്യസ്ത പവര്‍ ഔട്ട്പുട്ടുകളുമായി താങ്ങാവുന്ന നിരക്കില്‍ ചാര്‍ജിംഗ് സംവിധാനം ഇതിന്റെ ഭാഗമായിരിക്കും. ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിന് 11,000 ലധികം ജീവനക്കാര്‍ക്ക് സ്‌കോഡ ഓട്ടോ പരിശീലനം നല്‍കിക്കഴിഞ്ഞു.

Comments

comments

Categories: Auto
Tags: IV Skoda