ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് പ്രവചനം

ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് പ്രവചനം

ജൂണ്‍ മാസത്തോടെ 35 ബേസിക് പോയന്റ് കുറയും. ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 100 ബോസിക് പോയന്റിന്റെ കുറവ്

ന്യൂഡെല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കുമെന്ന് പ്രവചനം. ഈ വര്‍ഷം നിരക്കില്‍ 100 ബേസിക് പോയന്റ് കുറവുണ്ടാകുമെന്ന് യുഎസിലെ ബഹുരാഷ്ട്ര നിക്ഷേപക ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ലിഞ്ച് നിരീക്ഷിക്കുന്നു. ജൂണ്‍ മാസത്തോടെ കാല്‍ ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ചേരുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വീണ്ടും കുറക്കുമെന്ന് ലണ്ടന്‍ ആസ്ഥാനമായ ഐഎച്ച്എസ് മാര്‍ക്കിറ്റും നിരീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ വളര്‍ച്ച കുറയുകയും പണപ്പെരുപ്പം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക്, റിപ്പോ നിരക്ക് 25 ബേസിക് പോയന്റ് വെട്ടിക്കുറച്ചിരുന്നു. നിലവില്‍ 6.00 ശതമാനമാണ് റിപ്പോ നിരക്ക്.

നിരക്ക് കുറയ്ക്കുന്നതിന് പുറമേ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിനായി ആര്‍ബിഐ പ്രതിമാസം 2-3 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടത്തുമെന്നും വിലയിരുത്തലുണ്ട്. മുന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്‍ തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ആര്‍ബിഐയുടെ അധിക മൂലധനം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായം നല്‍കാനുള്ള പദ്ധതിക്കായി ഉപയോഗിക്കാനും സാധിക്കും. കേന്ദ്ര ബാങ്ക് നിലനിര്‍ത്തേണ്ട മൂലധനം അനുപാതം എത്രയെന്ന കാര്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജലാന്റെ നേതൃത്വത്തിലുള്ള സമിതി അടുത്തമാസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലും ധനകമ്മി ഈ വര്‍ഷം ഫെബ്രുവരിയില്‍ പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലേതുപോലെ ജിഡിപിയുടെ 3.4 ശതമാനമായി നിലനിര്‍ത്താനാകും ശ്രമിക്കുകയെന്ന് അഭിപ്രായപ്പെടുന്ന റിപ്പോര്‍ട്ട് ധനകമ്മിയിലുണ്ടാകുന്ന കുറവ് വായ്പ നിരക്കുകളില്‍ കുറവുണ്ടാക്കിലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

Categories: Banking, Slider