തുറന്ന സമ്പദ് വ്യവസ്ഥയാകട്ടെ ലക്ഷ്യം

തുറന്ന സമ്പദ് വ്യവസ്ഥയാകട്ടെ ലക്ഷ്യം

മോദി 2.0 സര്‍ക്കാര്‍ പ്രഥമ മുന്‍ഗണന നല്‍കേണ്ടത് വിപണിയില്‍ പണമൊഴുക്ക് കൂട്ടാനും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുമാണ്

അസാധാരണവും അതിഗംഭീരവുമായ തെരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുന്നത്. ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കകള്‍ ബിജെപിക്കുള്ളില്‍ പോലും നിലനിന്നിരുന്നുവെങ്കിലും സകല പ്രതികൂല സാഹചര്യങ്ങളെയും അനുകൂലഘടകങ്ങളാക്കി മാറ്റി, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിത്തന്നെ മോദി വീണ്ടും ഇന്ത്യയുടെ അധിപനായി മാറുകയാണ്.

അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977ലെ തെരഞ്ഞെടുപ്പിന് ശേഷം ആര്‍എസ്എസ്(രാഷ്ട്രീയ സ്വയംസേവക സംഘം) പ്രത്യക്ഷമായി ഇടപെടല്‍ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന സവിശേഷതയുണ്ടായിരുന്നു 2014ലേതിന്. അത്യപൂര്‍വമായി മാത്രം സംഭവിക്കാറുള്ളതാണ് ഈ ഇടപെടല്‍ എന്നതിനാല്‍ തന്നെ 2014ലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏകദേശം സുനിശ്ചിതമായിരുന്നു. എന്നാല്‍ 2019ല്‍ അത്തരമൊരു ഇടപെടലിനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടോയെന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ടായിരുന്നു. അതേസമയം സംഘപരിവാര്‍ സംഘടനകളില്‍ പലതിനും മോദി സര്‍ക്കാരിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വോട്ടില്‍ പ്രതിഫലിക്കാതിരിക്കാന്‍ നേതൃത്വം ശ്രമിച്ചുവെന്ന് തന്നെയാണ് കരുതേണ്ടത്. സാധാരണയില്‍ കവിഞ്ഞുള്ള സംഘടനാപരമായ ആര്‍എസ്എസിന്റെ സമഗ്ര ഇടപെടല്‍ രാജ്യത്തുടനീളം ഉണ്ടാകേണ്ട സാഹചര്യം ഇത്തവണ ഇല്ലെന്നായിരുന്നു പല സ്രോതസുകളെയും ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് വിജയം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളുടെയും ഭരണത്തിന്റെയും വിലയിരുത്തലായി വേണം കണക്കിലെടുക്കാന്‍.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന നാളുകളിലൊഴിച്ചുള്ള കാലത്തെല്ലാം ദൃശ്യമായത് വിപണി സൗഹൃദമായ, ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളായിരുന്നു. ലോകത്തെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. നിക്ഷേപത്തിനായി വിപണി തുറന്നുകൊടുത്തുള്ള സമീപനം സംരക്ഷണവാദനയങ്ങള്‍ പുലര്‍ത്തുന്ന ചൈനയും ട്രംപിന്റെ യുഎസും അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചുപോരുന്ന നയങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നവുമായിരുന്നു. എന്നാല്‍ ഇതിനെതിരെ ആര്‍എസ്എസ് കുടുംബത്തില്‍ പെട്ട സ്വദേശി ജാഗരണ്‍ മഞ്ചും ബിഎംഎസുമെല്ലാം ശക്തിയുക്തം രംഗത്തുവരുന്നതും കണ്ടു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്നോണം സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറുകന്ന സമയത്ത് ഇത്തരം നയങ്ങളില്‍ നിന്ന് കൃത്യമായി അകലം പാലിച്ച്, ആമസോണിനെയും വാള്‍മാര്‍ട്ടിനെയുമെല്ലാം മോദി ഒന്ന് ഞെട്ടിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് മുന്നില്‍ ഇപ്പോഴുള്ള ഏറ്റവും പ്രധാന വെല്ലുവിളി സംഘപരിവാര്‍ സംഘനടകളുടെ അടിസ്ഥാനപ്രത്യയശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാകാത്ത തരത്തില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക എന്നതുതന്നെയായിരിക്കും. സംരക്ഷണവാദ നയങ്ങളിലേക്ക് പൂര്‍ണമായും തിരിഞ്ഞാല്‍ അത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

നോട്ട് അസാധുവാക്കല്‍, ചരക്കുസേവന നികുതി തുടങ്ങിയ ഘടനാപരമായ പരിഷ്‌കരണങ്ങളിലൂടെ സമ്പദ് വ്യസ്ഥയുടെ ഔപചാരികവല്‍ക്കരണം ത്വരിതപ്പെടുത്താന്‍ മോദിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള 500, 100 നോട്ടുകള്‍ അസാധുവാക്കി അതിനേക്കാള്‍ മൂല്യമുള്ള 2,000ത്തിന്റെ നോട്ടുകള്‍ പുറത്തിറക്കിയതുപോലുള്ള വൈരുദ്ധ്യങ്ങളുമുണ്ടായി എന്നത് മറക്കുന്നുമില്ല, നോട്ട് അസാധുവാക്കല്‍ നടപ്പാക്കപ്പെട്ട രീതിയിലെ പ്രശ്‌നങ്ങളും. എങ്കിലും ആ അവസ്ഥകളെയെല്ലാം അതിജീവിച്ച് സമ്പദ് വ്യവസ്ഥ പുതിയ ട്രാക്കിലേക്ക് കയറിത്തുടങ്ങിയിട്ടുണ്ട്. ഇനി വേണ്ടത് സമഗ്രമായ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികളാണ്. ഉദാരവല്‍ക്കരണ നയങ്ങളെയും സ്വതന്ത്ര വിപണി സിദ്ധാന്തങ്ങളെയും സ്വീകരിക്കുന്നതില്‍ മടിക്കേണ്ട കാര്യമില്ല. ദാരിദ്ര്യമകറ്റാനും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തിനും കൃത്യമായ നിയന്ത്രണസംവിധാനങ്ങളോടെ ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുക തന്നെയാണ് ഉചിതം. സംരംഭക വിപ്ലവത്തിന്റെ അടിസ്ഥാനം തന്നെ തുറന്ന സമീപനമാണ്.

ബിസിനസ് സൗഹൃദ പ്രതിച്ഛായ ഉള്ളതിനാല്‍ തന്നെ മോദിയുടെ അധികാരത്തുടര്‍ച്ചയെ ഇന്ത്യ ഇന്‍ക് ആവേശത്തോടെയാണ് എതിരേറ്റിരിക്കുന്നത്. ഉല്‍പ്പാദന കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഉപഭോഗത്തിലെ തളര്‍ച്ച മാറ്റുന്നതിനും കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനും വായ്പാ പ്രതിസന്ധിയില്‍ നിന്ന് വിടുതല്‍ നേടുന്നതിനുമെല്ലാമാകണം മോദി സര്‍ക്കാര്‍ പ്രഥമ മുന്‍ഗണന നല്‍കേണ്ടത്.

സ്വദേശി സാമ്പത്തിക നയങ്ങളിലൂന്നിക്കൊണ്ടുള്ള സ്വതന്ത്ര വിപണി നയങ്ങള്‍ സ്വീകരിക്കുകയെന്നത് അല്‍പ്പം സങ്കീര്‍ണമായ പ്രക്രിയയാണെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമീപനത്തിലൂടെ അത് സാധ്യമാക്കാവുന്നതാണ്. കാരണം, ചരിത്രാതീത കാലം മുതല്‍ തന്നെ ഭാരതം സ്വീകരിച്ചുപോന്നത് ഉദാരമായ, സ്വതന്ത്രമായ കാഴ്ച്ചപ്പാടുകളായിരുന്നു.

Categories: Editorial, Slider
Tags: Open economy