ദി ന്യൂട്രാസ്യൂട്ടിക്കല്‍ കിംഗ്

ദി ന്യൂട്രാസ്യൂട്ടിക്കല്‍ കിംഗ്

ആയുര്‍വേദ ഗവേഷണരംഗത്തെ കിരീടം വയ്ക്കാത്ത രാജാവ്, അതാണ് സമി സബിന്‍സ് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോക്റ്റര്‍ മുഹമ്മദ് മജീദ്. ഒന്നുമില്ലായ്മയില്‍ നിന്നും നിശ്ചയദാര്‍ഢ്യം കൈമുതലാക്കി അദ്ദേഹം സൃഷ്ടിച്ചെടുത്തതാണ് ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന സമി സബിന്‍സ ഗ്രൂപ്പ് എന്ന സംരംഭം.വെറും എട്ട് ഡോളര്‍ സമ്പാദ്യവും ഫാര്‍മസി ബിരുദവുമായി 1970 കളില്‍ അമേരിക്കയില്‍ എത്തിയ മുഹമ്മദ് മജീദ് ആഗ്രഹിച്ചത് വ്യത്യസ്തമായ മേഖലയില്‍ ജീവിതവിജയം നേടണമെന്ന് മാത്രമായിരുന്നു. അതിനായി അദ്ദേഹം അനുഭവിച്ച യാതനകളും നേരിട്ട വെല്ലുവിളികളും ചെറുതല്ല. ഒടുവില്‍ ആയുസിന്റെ വേദമായ ആയുര്‍വേദത്തെ കൈമുതലാക്കി അദ്ദേഹം പടുത്തുയര്‍ത്തിയ സമി സബിന്‍സ ഗ്രൂപ്പ് ആയുര്‍വേദ ഗവേഷണ രംഗത്തെ സമാനതകളില്ലാത്ത സ്ഥാപനമായി മാറി. അറിവ് ആയുധമാക്കി വെറും എട്ട് ഡോളര്‍ സമ്പാദ്യവുമായി അമേരിക്കയിലേക്ക് പറന്ന മുഹമ്മദ് മജീദ് എന്ന പ്രതിഭ ന്യൂട്രാസ്യൂട്ടിക്കല്‍ രംഗത്തെ അധിപനായി മാറിയതിന് പിന്നിലെ ചാലകശക്തിയായി അദ്ദേഹം എന്നും എടുത്തു പറയുന്നത് വിജയിക്കണം ആത്മാര്‍ത്ഥമായ അഭിവാഞ്ജയെയാണ്

ഡോ. മുഹമ്മദ് മജീദ്, ലോക സംരംഭകത്വ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട പേരുകളില്‍ ഒന്ന്. സംരംഭകത്വം എന്ന പാഷനെ പിന്തുടര്‍ന്നുകൊണ്ട് വിജയം കൈപ്പിടിയിലൊതുക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാള്‍. ജോലിയല്ല, സംരംഭകത്വമാണ് മജീദിന്റെ നിയോഗമെന്നത് കാലം കുറിച്ചുവച്ച തീരുമാനമായിരുന്നു.ആ തീരുമാനം അന്വര്‍ത്ഥമാക്കുന്ന രീതിയിലായിരുന്നു പഠനശേഷം തന്റെ ഭാവി ജീവിതത്തെ അദ്ദേഹം കണ്ടത്. പരമ്പരാഗത വൈദ്യമായ ആയുര്‍വേദത്തെ പുതിയ നൂറ്റാണ്ടിനനിവാര്യമായ രീതിയില്‍ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ച് ന്യൂട്രാസ്യൂട്ടിക്കല്‍ രംഗത്ത് അദ്ദേഹം തന്റേതായ ഒരു മാതൃക സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതികള്‍ പാശ്ചാത്യ ലോകത്തിന്റെ ജീവിതശൈലിയുടെ ഭാഗമാക്കിയ ഡോ. മുഹമ്മദ് മജീദ് കാലത്തിന് മുന്‍പേ സഞ്ചരിച്ച ധിഷണാശാലിയായ വ്യക്തിയാണ്.അറിവ് ആയുധമാക്കി വെറും എട്ട് ഡോളര്‍ സമ്പാദ്യവുമായി അമേരിക്കയിലേക്ക് പറന്ന മുഹമ്മദ് മജീദ് 1988ല്‍ അമേരിക്കയിലെ ന്യുജേഴ്‌സിയില്‍ അദ്ദേഹം ആരംഭിച്ച സബിന്‍സ കോര്‍പ്പറേഷന്‍ ആരോഗ്യരംഗത്തെ ആഗോള ഗ്രൂപ്പായി വളര്‍ന്നപ്പോള്‍ അത് മലയാളികളുടെ കൂടി അഭിമാനമായി മാറി.

സംരംഭകനാകണം എന്ന ആഗ്രഹത്തോടെ ജീവിതത്തെ സമീപിച്ച ഒരു വ്യക്തിയല്ല മുഹമ്മദ് മജീദ്. ജീവിതത്തിലെ പല സാഹചര്യങ്ങളിലൂടെയുള്ള യാത്ര അദ്ദേഹത്തെ ഒരു സംരംഭകനാക്കി മാറ്റുകയായിരുന്നു. ശാസ്ത്രഞ്ജന്റെ മേലങ്കിയുമായിട്ടായിരുന്നു മുഹമ്മദ് മജീദിന്റെ തുടക്കം. ഒരു ശാസ്ത്രജ്ഞന്‍ സംരംഭകന്റെ വേഷമണിയുമ്പോള്‍ അതിന് ഇരട്ടി ഫലമുണ്ടാകും എന്ന വാചകത്തെ സാധൂകരിക്കുന്നതാണ് ആയുര്‍വേദരംഗത്ത് സമി സബിന്‍സ ഗ്രൂപ്പിലൂടെ ഡോ. മജീദ് കൈവരിച്ച നേട്ടങ്ങള്‍. ട്രാസ്യൂട്ടിക്കല്‍, ഫുഡ്, ന്യൂട്രിഷന്‍, കോസ്മറ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ വിവിധ രംഗങ്ങളില്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം തെളിയിച്ചിരിക്കുന്ന സമി ലാബ്‌സിന് 225 ല്‍ പരം പേറ്റന്റുകളാണ് സ്വന്തമായുള്ളത്.സ്ഥാപനത്തിന്റെ നിലവിലെ വരുമാനത്തിന്റെ 80 ശതമാനവും പേറ്റന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ നിന്നുമാണ് ലഭിക്കുന്നത്.

മുഹമ്മദ് മജീദ് എന്ന സംരംഭകന്റെ ഉദ്വേഗ ജനകമായ ജീവിതകഥയറിയണമെങ്കില്‍ ആദ്യം സമി ലാബ്‌സ് എന്ന ആശയം എന്തെന്ന് മനസിലാക്കണം. കാലങ്ങളായി ഭാരതത്തിന്റെ തനത് ചികിത്സാരീതിയിയായി പ്രചരിച്ചു വരുന്ന ആയുര്‍വേദത്തിന് ആഗോളതലത്തില്‍ ഒരു വിപണിയുണ്ടെന്ന് മനസിലാക്കിയിടത്തായിരുന്നു ഡോ.മുഹമ്മദ് മജീദ് എന്ന സംരംഭകന്റെയും സമി സബിന്‍സ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെയും തുടക്കം.ആധുനികമായ ചികിത്സാരീതികളും ഗവേഷണങ്ങളും കൊണ്ട് ഏറെ മുന്‍പന്തിയില്‍ ആണെങ്കിലും ഭാരതത്തിന്റെ സ്വന്തം ആയുര്‍വേദ സംസ്‌കാരവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ പാശ്ചാത്യ ചികിത്സാരംഗത്ത് സാധ്യതകള്‍ ഏറെയാണ് എന്ന് മനസിലാക്കിയ മുഹമ്മദ് മജീദ് പാശ്ചാത്യ സമൂഹത്തിനുതകുന്ന രീതിയില്‍ ആയുര്‍വേദ മരുന്നുകളെ പുതിയ രൂപത്തില്‍ സൃഷ്ടിക്കുകയായിരുന്നു.

ജോലി തേടി അദ്ദേഹം നടത്തിയ അമേരിക്കന്‍ യാത്രയാണ് ജീവിതത്തെ ആകെ മാറ്റിമറിച്ചത്. ഔഷധനിര്‍മാണ രംഗത്ത് നിയമങ്ങളും നിയന്ത്രണങ്ങളും ഏറെയുള്ള അമേരിക്കയില്‍ തുടക്കം കുറിച്ചതിനാല്‍ തന്നെ സമി സബിന്‍സ ഗ്രൂപ്പിന്റെ തുടക്കം മുതല്‍ നാളില്‍ വരെ കൃത്യതയും അച്ചടക്കവും പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ തുടക്കംകുറിച്ച്, ഇന്ത്യ, ജപ്പാന്‍, ജര്‍മനി, ചൈന, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, യുഎഇ, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ച സമി ഗ്രൂപ്പിന് പിന്നില്‍ ഓരോ സംരംഭകനും അറിഞ്ഞിരിക്കേണ്ട മാനേജ്‌മെന്റ് പാഠങ്ങളും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമുണ്ട്. മുഹമ്മദ് മജീദ് എന്ന സംരംഭകനെ സംബന്ധിച്ചിടത്തോളം എന്നും പ്രാധാന്യം ഇന്നവേഷനും റിസര്‍ച്ചിനും ആണ്. ഈ രണ്ട് ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നടത്തിയ പരീക്ഷണങ്ങളാണ് ഒരു ആഗോള ബ്രാന്‍ഡ് എന്ന നിലയിലേക്ക് സമി സബിന്‍സ ഗ്രൂപ്പിനെ മാറ്റിയത്.

ഫാര്‍മസി ബിരുദവും ആത്മവിശ്വാസവും മൂലധനമാക്കിയ മജീദ്

എത്ര വലിയ ബിസിനസ് ടൈക്കൂണിന്റെയും തുടക്കം സ്വയാര്‍ജിത വിജയത്തിന് പിന്നില്‍ വളരെ ലളിതമായ ഒരു തുടക്കമുണ്ടായിരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ കോളെജ് ഓഫ് ഫാര്‍മസിയില്‍ നിന്നും നേടിയ ബിരുദത്തില്‍ നിന്നുമായിരുന്നു ഡോ. മുഹമ്മദ് മജീദിന്റെ തുടക്കം. തുടര്‍ന്ന് ഏറെ നാള്‍ മനസ്സിലിട്ട് സൂക്ഷിച്ച ആഹ്രഹത്തിന്റെ പൂര്‍ത്തീകരണം എന്നവണ്ണം അമേരിക്കയിലെത്തന്കള്ള ശ്രമങ്ങള്‍ ആരംഭിച്ചു. . 1973 ലായിരുന്നു ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആ യുവാവ് ആരംഭിച്ചത്. ആഗ്രഹപ്രകാരം അമേരിക്കയില്‍ എത്തിയ മജീദിന്റെ കയ്യില്‍ നീക്കിയിരുപ്പായി ആകെ ഉണ്ടായിരുന്നത് എട്ട് ഡോളറും മനസ്സ് നിറയെ സ്വപ്‌നങ്ങളും മാത്രമായിരുന്നു.കയ്യില്‍ പണമില്ലാത്തവന്‍ അമിതമായി ആഗ്രഹിക്കുന്നത് തെറ്റാണെന്നു പറഞ്ഞവരോട് മുഹമ്മദ് മജീദ് പറഞ്ഞതിങ്ങനെ, ഒരു മലയോളം ആഗ്രഹിച്ചാല്‍ മാത്രമേ ഒരു കുന്നോളമെങ്കിലും സ്വന്തമാക്കാന്‍ കഴിയൂ. അതിനാല്‍ തന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

അമേരിക്കയിലെത്തിയ മജീദിന്റെ ആദ്യലക്ഷ്യം ഒരു ജോലി കണ്ടെത്തുക എന്നതായിരുന്നു. തുടക്കത്തില്‍ മുഹമ്മദ് മജീദിന് ആഗ്രഹിച്ച ജോലി ലഭിച്ചില്ല എങ്കിലും ചിക്കാഗോയിലെ ഒരു ഫാര്‍മസിയില്‍ കിട്ടിയ താല്‍ക്കാലിക ജോലി ആശ്വാസമായി. താന്‍ ആഗ്രഹിച്ച ജോലി ലഭിച്ചില്ല എന്ന കാരണം കൊണ്ട് മാനസികമായി മജീദ് ഒരിക്കലും തളര്‍ന്നില്ല. പകരം തനിക്കായി ദൈവം മറ്റെന്തോ കരുതി വച്ചിട്ടുണ്ട് എന്ന ചിന്ത അദ്ദേഹത്തെ മുന്നോട്ട് നയിച്ചു.കേരളത്തില്‍ നിന്നും ലഭിച്ച ഫാര്‍മസി ബിരുദം കൊണ്ട് കൂടുതല്‍ മികച്ച ജോലി അമേരിക്കയില്‍ ലഭിക്കുകയെന്നത് ക്ലേശകരമായിരുന്നു. ചിക്കാഗോയിലെ ഇടത്തരം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഗുളികകള്‍ എണ്ണിത്തിട്ടപ്പെടുത്തുക എന്നതായിരുന്നു മജീദിന്റെ ജോലി. എന്നാല്‍ ആ ജോലിയില്‍ പോലും പുതിയ അവസരങ്ങള്‍ കണ്ടെത്തുവാന്‍ മാത്രം മിടുക്ക് ആ മജീദിന് ഉണ്ടായിരുന്നു. എത്ര ചെറിയ ജോലിയാണെങ്കിലും അത് പൂര്‍ണമായ ആത്മാര്‍ത്ഥതയോടെ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതുകൊണ്ട് തന്നെ കൂടുതല്‍ മികച്ച അവസരങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹത്തിനായി.

ഗുളികകള്‍ ഉണ്ടാക്കുന്ന വിഭാഗത്തില്‍ നിന്നും ഫാര്‍മസ്യൂട്ടിയ്ക്കല്‍സിന്റെ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലിക്ക് കയറിയ മജീദ് കഠിനപ്രയത്‌നവും ജോലിയിലെ മികവും ആത്മാര്‍ത്ഥതയും കൈമുതലാക്കി മൂന്നുവര്‍ഷം കൊണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പാദന വിഭാഗത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന തലത്തിലേക്ക് വളര്‍ന്നു. അവിടെ നിന്നും ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മ കമ്പനിയായ ഫൈസറിന്റെ ഗവേഷണ വികസന വിഭാഗത്തിലേക്കുമാറി.വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഏറെ മികച്ച മാറ്റങ്ങള്‍ കടന്നു വന്ന കാലമായിരുന്നു ഇത്. എന്നാല്‍ ഗവേഷണപരമായി കൂടുതല്‍ മുന്നോട്ട് പോയപ്പോഴാണ് താന്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴി അപൂര്‍ണ്ണമാണ് എന്ന ചിന്ത മജീദിനുണ്ടായത്.ആ ചിന്ത മെല്ലെ ഉന്നത പഠനം എന്ന ആഗ്രഹത്തിന് വഴിമാറി. തുടര്‍ന്ന് അദ്ദേഹം ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഫാര്‍മസിയില്‍ ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസി കോഴ്‌സിന് ചേര്‍ന്നു. പകല്‍ മുഴുവന്‍ ജോലി, രാത്രിയില്‍ പഠനം. ഒടുവില്‍ ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദം നേടിയ മജീദ്, തന്റെ പഠനം അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം ഇന്‍ഡസ്ട്രിയല്‍ ഫാര്‍മയില്‍ അദ്ദേഹം ഡോക്റ്ററേറ്റും സ്വന്തമാക്കി. ഇവിടെ നിന്നുമാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സംരംഭകത്വ മോഹങ്ങള്‍ ആരംഭിക്കുന്നത്.

ആയുര്‍വേദത്തെ ആയുധമാക്കി സംരംഭകയാത്ര

ഇന്‍ഡസ്ട്രിയല്‍ ഫാര്‍മയില്‍ ഡോക്റ്ററേറ്റ് നേടിയ ശേഷമാണ് തന്റെ വഴി സംരംഭകത്വത്തിന്റേതാണ് എന്ന് ഡോ. മുഹമ്മദ് മജീദ് തിരിച്ചറിയുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണങ്ങളുടെ ഫലമായി അദ്ദേഹം ആയുര്‍വേദത്തെ കൂടുതലായി അടുത്തറിഞ്ഞു. കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല ആയുര്‍വേദം എന്ന് മനസിലാക്കിയ അദ്ദേഹം ഒരു മള്‍ട്ടി ബില്യന്‍ ഡോളര്‍ ബിസിനസ് എന്ന തലത്തിലേക്ക് ആയുര്‍വേദത്തെ കൊണ്ട് പോകുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആയുര്‍വേദത്തിന്റെ മാഹാത്മ്യം തിരിച്ചറിയാതെ കേവലം പ്രാകൃത ചികിത്സാരീതിയെന്ന് പറഞ്ഞുകൊണ്ട് ആയുര്‍വേദത്തെ കണ്ടിരുന്ന ആളുകള്‍ക്കിടയിലേക്കാണ് ആയുര്‍വേദത്തിന്റെ ഗുണങ്ങളെ കാപ്‌സ്യൂള്‍ രൂപത്തിലാക്കി അദ്ദേഹം എത്തുന്നത്. ഒരു കളറ്റത് ആയുര്‍വേദത്തെ പ്രാകൃത ചികിത്സാരീതിയെന്ന് വിളിച്ച് അപഹസിച്ചവര്‍ക്ക് മുന്നില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ട് അദ്ദേഹമെത്തി.

അങ്ങനെയാണ് 1988 ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായി ആയുര്‍വേദ മരുന്നുകളെ മുന്‍നിര്‍ത്തി സബിന്‍സ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. എന്നാല്‍ പദ്ധതികള്‍ ഏറെ മനസ്സിലുണ്ടായിരുന്നു എങ്കിലും ആയുര്‍വേദ മരുന്നുകളെ പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തുക എന്ന അദ്ദേഹത്തിന്റെ ദൗത്യം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. തുടക്കത്തില്‍ മുഹമ്മദ് മജീദിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ പോലും പലരും തയ്യാറായില്ല. എന്നാല്‍ താന്‍ വിജയിക്കുമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അധികം വൈകാതെ ആയുര്‍വേദത്തിന്റെ വിലപ്പെട്ട സംസ്‌കാരം പാശ്ചാത്യര്‍ക്ക് ഇടയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു. രോഗങ്ങള്‍ മാറ്റുന്നതിന് മാത്രമല്ല, പല രോഗാവസ്ഥകളും ബാധിക്കാതെ നോക്കുന്നതിനും ആയുര്‍വേദത്തിനു കഴിയും എന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ പാശ്ചാത്യര്‍ ആയുര്‍വേദ മരുന്നിന്റെ മേന്മ തിരിച്ചറിഞ്ഞു.ചില പ്രത്യേക അലോപ്പതി മരുന്നുകള്‍ക്ക് പകരം ആയുര്‍വേദ മരുന്നുകള്‍ സ്ഥാനം നേടുകകയും ചെയ്തു. സമി സബിന്‍സ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ വിജയമായിരുന്നു ഇത്.

എന്നാല്‍ പെട്ടന്നുള്ള ഒരു വളര്‍ച്ചയായിരുന്നില്ല സ്ഥാപനത്തിനുണ്ടായത്. ക്ഷമയോടെ കാത്തിരിക്കാന്‍ മുഹമ്മദ് മജീദ് എന്ന ആ സംരംഭകന്‍ ഒരുക്കമായിരുന്നു. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം, 2000ത്തോടെ അമേരിക്കന്‍ ജനതയ്ക്കിടയില്‍ ആയുര്‍വേദത്തിനോടുള്ള താല്‍പര്യം കൂടുതല്‍ പ്രകടമായി. അത് സമി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഗുണകരമായി. ഇത്തരത്തില്‍ ഒരു മാറ്റം അമേരിക്കന്‍ ജനതയില്‍ പ്രകടമായതോടെ ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ അനിവാര്യമായി വന്നു. അങ്ങനെ ന്യൂട്രാസ്യൂട്ടിക്കല്‍ വിഭാഗത്തില്‍ ലോകവ്യാപകമായി ഗവേഷണങ്ങള്‍ അദ്ദേഹം തുടങ്ങി വച്ചു. ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ള ഹെല്‍ത്ത് സപ്ലിമെന്റുകള്‍ സമി സബിന്‍സ ഗ്രൂപ്പിന്റെ പ്രധാന ഉല്‍പ്പന്നമായി മാറി. ആയുര്‍വേദത്തില്‍ സൗന്ദര്യവര്‍ധനക്ക് സിദ്ധൗഷധമായി നിര്‍ദേശിക്കുന്ന മഞ്ഞളില്‍ നിന്ന് കുര്‍ക്കുമിന്‍ വേര്‍തിരിച്ചെടുത്താല്‍ ലോക വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യത അദ്ദേഹം തിരിച്ചറിഞ്ഞു. അത്തരം പരീക്ഷണങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മുഹമ്മദ് മജീദിനെ ആധുനിക ആയുര്‍വേദത്തിന്റെ പ്രചാരകനാക്കി മാറ്റിയത്. അവിടെ നിന്നും സ്ഥാപനത്തിന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. ഫുഡ്, ന്യൂട്രിഷന്‍, കോസ്മറ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കമ്പനി മികവ് തെളിയിച്ചു.

വളര്‍ച്ചയുടെ പടവുകള്‍ ഇങ്ങനെ

പിന്നീടുള്ള സ്ഥാപനത്തിന്റെ വളര്‍ച്ച അസൂയാവഹമായിരുന്നു. ഏറെ ഉറപ്പുണ്ടായിരുന്നു ഒരു കുതിച്ചു ചാട്ടത്തിന് ക്ഷമ അനിവാര്യമാണെന്ന് തെളിയിക്കുന്നതായിരുന്നു സമി ഗ്രൂപ്പിന്റെ വളര്‍ച്ച. 2016 ലെ എക്‌സിം ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ഇപ്പോഴത്തെ ആഗോള വിപണി മൂല്യം 80 ബില്യണ്‍ ഡോളറാണ്, 2050 ആകുമ്പോള്‍ ഇത് ആറ് ട്രില്യണ്‍ ആയിവര്‍ധിക്കും എന്നാണ് പറയപ്പെടുന്നത്. അംങ്ങനെയെങ്കില്‍ അത് ഏറ്റവും മികച്ച രീതിയില്‍ ഗുണം ചെയ്യുക സമി ഗ്രൂപ്പിനായിരിക്കും. ഹെല്‍ത്ത് സപ്ലിമെന്റുകളുടെ ഇന്ത്യന്‍ വിപണി മൂല്യം 4205 കോടിയുടേതാണ്. അടുത്ത വര്‍ഷത്തോടെ ഇത് ഇരട്ടിയാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫോര്‍ട്ടിഫൈഡ് ഭക്ഷ്യവസ്തുക്കള്‍, വിറ്റാമിന്‍ സപ്ലിമെന്റുകള്‍ തുടങ്ങിയവയുടെ ഡിമാന്റിലുണ്ടാകുന്ന വര്‍ധനയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍.

ഈ അവസരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് 2010 ല്‍ സമി ഡയറക്റ്റ് എന്ന പേരില്‍ ന്യുട്രസ്യൂട്ടിക്കല്‍, കോസ്മസ്യൂട്ടിക്കല്‍ പ്രോഡക്റ്റുകള്‍ക്കായി ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് വിഭാഗവും ആരംഭിച്ചു. ഇന്ന് 1200 ല്‍ പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന രാജ്യത്തെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായി സമി ലാബ്‌സ് മാറിക്കഴിഞ്ഞു.120 ശാസ്ത്രഞ്ജന്മാരാണ് സമി ഗ്രൂപ്പിന്റെ ഭാഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ വിപണികളില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കാനഡയില്‍ പ്രവേശനം നേടിക്കഴിഞ്ഞു. അടുത്തതായി ലക്ഷ്യമിടുന്നത് പോളണ്ട് ആണ്. മാത്രമല്ല , അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറാനും ഒരുങ്ങുകയാണ് സമി സബിന്‍സ ഗ്രൂപ്പ്.

സുദൃഢമായ ബിസിനസ് ശൃംഖല

സമി സബിന്‍സ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ കാര്യം അതിന്റെ സുദൃഢമായ ബിസിനസ് ശൃംഖലയാണ്. ആയുര്‍വേദത്തിന്റെ ഖ്യാതി ആഗോളതലത്തില്‍ എത്തിക്കണം എന്ന തന്റെ ആഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുക എന്നതിന് പ്രാധാന്യം നല്‍കിയാണ് മുഹമ്മദ് മജീദ് പ്രവര്‍ത്തിക്കുന്നത്. യുഎസ്എ, യൂറോപ്പ്, ജപ്പാന്‍, ഓസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, സൗത്ത് ആഫ്രിക്ക, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, സൗത്ത് കൊറിയ, ഇന്തൊനേഷ്യ തുടങ്ങിയ ഇടങ്ങളിലെ സാന്നിധ്യത്തിലൂടെ ആഗോള വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഏത് രാജ്യത്ത് ചെന്നാലും അവിടെയെല്ലാം സ്വീകാര്യത ലഭിക്കുന്നതിന് കരണമായതാകട്ടെ ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങളും.

ആയുര്‍വേദത്തിന്റെ തനിമ നഷ്ടപ്പെടാതെ എങ്ങനെ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം സ്ഥാപനത്തിന്റെ പക്കല്‍ കൃത്യമായിട്ടുണ്ട്. ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിക്കുന്ന ഔഷധ സസ്യങ്ങളില്‍ നിന്നും കായ്കനികളില്‍ നിന്നും അവയുടെ ഔഷധമൂല്യം ഒട്ടും ചോരാതെ, വിവിധ പോഷകോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് സമി സബിന്‍സ ഗ്രൂപ്പ് പ്രധാനമായും ചെയ്യുന്നത്. മഞ്ഞള്‍, ഞെരിഞ്ഞില്‍, ബ്രഹ്മി, നെല്ലിക്ക, ഇഞ്ചി, കുരുമുളക് തുടങ്ങി ഔഷധഗുണം ആരും തിരിച്ചറിയാതിരുന്ന കുടമ്പുളിയില്‍ നിന്നുവരെ ന്യൂട്രസ്യൂട്ടിക്കല്‍സും കോസ്മസ്യൂട്ടിക്കല്‍സും ബയോടെക്‌നോളജിയുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കാന്‍ സമി ലാബ്‌സിനു കഴിഞ്ഞു. ആ പരീക്ഷണഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിദേശീയര്‍ പോലും കേരളത്തിന് മാത്രം സ്വന്തമായുണ്ടായിരുന്ന ഈ രുചിക്കൂട്ടുകള്‍ ആസ്വദിക്കുന്നത്.

സമി ഗ്രൂപ്പിന് കീഴിലുള്ള കോസ്മസ്യൂട്ടിക്കല്‍ ഉല്‍പ്പന്ന നിര്‍മാണത്തിനും വലിയവിപണിയാണുള്ളത്. ശരീരസംരക്ഷണത്തിനുള്ള ന്യൂട്രസ്യൂട്ടിക്കല്‍സിനും സൗന്ദര്യസംരക്ഷണത്തിനുള്ള കോസ്മസ്യൂട്ടിക്കല്‍സിനും പുറമെ പുതുതായി വികസിപ്പിച്ചെടുത്ത അലോപ്പതി മരുന്നുകളും ഇന്ത്യയില്‍ വിപണനം ചെയ്യുന്നതിന് ഇന്ത്യന്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്റെ അനുമതി നേടിയെടുത്തിരിക്കുകയാണ് ഇപ്പോള്‍ സമി ലാബ്‌സ്.കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിലെ പ്രവര്‍ത്തനത്തിലൂടെ 225 പേറ്റന്റുകള്‍ സമി ലാബ്‌സിന് ലഭിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ആയുര്‍വേദ സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മോളിക്യൂളുകളുടെ പേറ്റന്റുകള്‍ സ്വന്തമാക്കുന്നതിനായി ചില നിയമ പോരാട്ടങ്ങളും ഡോ. മജീദിന് നടത്തിയിട്ടുണ്ട്. 190 ഉല്‍പ്പന്നങ്ങളുടെ പേറ്റന്റുകള്‍ അംഗീകാരം കാത്തു കിടക്കുന്നു.

വിജയത്തിന്റെ വ്യത്യസ്തമായ ചേരുവ

മലയാളിയായി ജനിച്ച് വിദേശത്ത് പോയി ബിസിനസ് തുടങ്ങി വിജയം നേടിയ ഡോ. മുഹമ്മദ് മജീദിന്റെ വിജയചേരുവ തീര്‍ത്തും വ്യത്യസ്തമാണ്. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനായി അദ്ദേഹം കാണിച്ച മനക്കരുത്താണ് സമി സബിന്‍സ ഗ്രൂപ്പിന്റെ വിജയത്തിനാധാരം. കേവലം എട്ട് ഡോളറാറില്‍ നിന്നുമാണ് അദ്ദേഹം കോടികള്‍ വിലമതിക്കുന്ന സംരംഭം പടുത്തുയര്‍ത്തിയത്. മനസ് നിറയെ സ്വപ്‌നങ്ങളും വിജയിക്കണം എന്ന ആഗ്രഹവും ഒപ്പം അമ്മയുടെ പ്രാര്‍ത്ഥനയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മൂലധനം. ഇന്‍ഡസ്ട്രിയല്‍ ഫാര്‍മസിയിലെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആധുനിക ജീവിതത്തിനു യോജിച്ച രീതിയില്‍ ഡോസേജ് രൂപപ്പെടുത്തി ആയുര്‍വേദത്തെ അമേരിക്കയില്‍ അവതരിപ്പിക്കാന്‍ സാധിച്ചതോടെ മുഹമ്മദ് മജീദ് വിജയം മുന്നില്‍ കണ്ടു. ലാഭകരമായ ഒരു ബിസിനസ് എന്ന ചിന്തയല്ല, മറിച്ച് വിദേശ രാജ്യങ്ങളില്‍ കോംപ്ലിമെന്ററി മെഡിസിന്‍ എന്ന നിലയില്‍ നിന്ന് ഇന്റേഗ്രറ്റഡ് മെഡിസിന്‍ എന്ന നിലയിലാണ് അദ്ദേഹം സമി സബിന്‍സ ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങളെ അവതരിപ്പിച്ചത്. ഉറവ വറ്റാത്ത ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.

സ്ഥാപനം ആരംഭിച്ച ശേഷം ഗവേഷണത്തിന് ഏറെ പ്രാധാന്യം നല്‍കി. ഇന്നത്തെ തലമുറക്ക് അനിവാര്യമായ കാര്യങ്ങള്‍ എന്താണോ അതെല്ലാം വികസിപ്പിച്ചെടുക്കുന്ന രീതിയിലായിരുന്നു ഗവേഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനത്തിന്റെ വലിയൊരു വിഹിതം തന്നെ മുഹമ്മദ് മജീദ് മാറ്റി വച്ചിട്ടുണ്ട്. പത്തു പഠനങ്ങള്‍ നടത്തിയാല്‍ ചിലപ്പോള്‍ അവയില്‍ ഒന്നു മാത്രമായിരിക്കും വിജയിക്കുക. ഇതേ ചിന്താഗതിയോടെ ഇന്ത്യയിലെ പല വന്‍കിട ആശുപത്രികളിലും ആയുര്‍വേദവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണ വിഭാഗങ്ങള്‍ ഒരുക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. ഒപ്പം ആയുര്‍വേദ സസ്യങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ട നടപടി ക്രമങ്ങളും സ്വീകരിച്ചു വരുന്നു.

തന്റെ സ്ഥാപനത്തില്‍ നിര്‍മിക്കുന്ന ഓരോ ഉല്‍പ്പന്നവും ഗുണമേന്മയില്‍ മികച്ചതാവണം എന്ന ചിന്ത അദ്ദേഹത്തിനുണ്ട്. അതിനാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഓരോ ഉല്‍പ്പന്നവും ക്ലിനിക്കലി പരിശോധിച്ച് തെളിയിക്കപ്പെട്ട അടിത്തറയോടെ മാത്രമാണ് സമി ലാബ്‌സ് വിപണിയില്‍ എത്തിക്കുന്നത്. മോളിക്കുലാര്‍ യുഗത്തിനായി നൂതനമായ മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യന്‍ ആശുപത്രികളുമായി ചേര്‍ന്ന് സമി ലാബ്‌സ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നുണ്ട്.

ഷഹീന്‍ മജീദ്, ഡോ.മുഹമ്മദ് മജീദ്‌

മഞ്ഞളിനുള്ള അത്ഭുതകരമായ കാന്‍സര്‍ പ്രതിരോധശേഷിയെ പരമാവധി വിനിയോഗിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ക്ക് സമോ ലാബ്‌സ് നേതൃത്വം നല്‍കി വരുന്നു. ഇത്തരത്തില്‍ ഗവേഷണങ്ങള്‍ക്ക് ആവശ്യമായ മഞ്ഞളിന്റെ സത്തായ കുര്‍ക്കുമിന്‍ വന്‍കിട ഗവേഷണ കേന്ദ്രങ്ങള്‍ക്കെത്തിച്ചു നല്‍കുന്നത് സമി ലാബ്‌സാണ്. ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഫലപ്രദമായ ഗുഗുലിപ്പിഡ്, കരള്‍ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമായ, മഞ്ഞളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിനോയ്ഡ്‌സ്, ശരീരഭാരം നിയന്ത്രിക്കുന്നതില്‍ വിസ്മയകരമായ ഫലങ്ങള്‍ കണ്ടെത്തിയ കുടംപുളിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത സിട്രിന്‍ തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ സമി ലാബ്‌സും ഡോ. മുഹമ്മദ് മജീദും നേടിയത് മികച്ച വിജയമാണ്. ഈ രംഗത്ത് എതിരാളികളില്ലാത്ത വിജയമാണ് സ്ഥാപനം നേടിയിരിക്കുന്നത്.ആയുര്‍വേദ സസ്യങ്ങളുടെ ലഭ്യതയ്ക്കായി കോണ്‍ട്രാക്റ്റ് ഫാമിംഗ് എന്ന ആശയത്തിനും ഡോ. മജീദ് തുടക്കം കുറിച്ചിരിക്കുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും കോണ്‍ട്രാക്റ്റ് ഫാമിംഗ് നടത്തുന്നത്. കേരളത്തിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും സ്ഥലം ലഭ്യമായാല്‍ അവിടേക്കും ഫാമിംഗ് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

മികവിന്റെ തിളക്കം

ശാസ്ത്രജ്ഞനായി കരിയര്‍ ആരംഭിച്ച് സംരംഭകനായി വളര്‍ന്ന ഡോ. മുഹമ്മദ് മജീദ് 1995 ല്‍ രാഷ്ട്രപതിയില്‍ നിന്നും മികച്ച ഇന്നവേഷനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊണ്ടാണ് അംഗീകാരങ്ങളുടെ ലോകത്തേക് കടക്കുന്നത്. അമേരിക്കയിലെ ന്യൂ ജേഴ്‌സി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കൗസില്‍ ഏര്‍പ്പെടുത്തിയിയ തോമസ് ആല്‍വാ എഡിസന്‍ പേറ്റന്റ് അവാര്‍ഡ് സബിന്‍സ കോര്‍പ്പറേഷനെ രണ്ടുതവണ തേടിയെത്തി. 2004ല്‍ ഫോഴ്‌സ് ലീന്‍ എന്ന ഉല്‍പ്പന്നത്തിനും 2005ല്‍ ടെട്രാഹൈഡ്രോപൈപ്പെറിന്‍ എന്ന ഉല്‍പ്പന്നത്തിനും ലഭിച്ച പേറ്റന്റുകളുടെ മികവിനായിരുന്നു ഈ അവാര്‍ഡുകള്‍. 2017 ല്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2018 ല്‍ ന്യൂട്രാ ചാമ്പ്യന്‍ അവാര്‍ഡ്, ഫ്യൂച്ചര്‍ കേരള ബിസിനസ് ദിനപത്രത്തിന്റെ ഐപി ആന്‍ഡ് ആര്‍ ആന്‍ഡ് ഡി അവാര്‍ഡ്, ധനം മാസികയുടെ ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍ആര്‍ഐ ബിസിനസ് മാന്‍ അവാര്‍ഡ് തുടങ്ങിയവ മികവിന്റെ നാള്‍വഴികളില്‍ ലഭിച്ച അംഗീകാരങ്ങളില്‍ ചിലത് മാത്രം.

അമേരിക്കയിലെ സബിന്‍സ കോര്‍പ്പറേഷനു പുറമേ സമി ലാബ്‌സ് ലിമിറ്റഡ്, എഡ്കല്‍ ബിസിനസ് സൊലൂഷന്‍സ്, അമേരികാസ് ഫൈനസ്റ്റ് ഇന്‍കോര്‍പ്പറേറ്റഡ്, സമി ഡയറക്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഹാന്‍ബറി എഫ് ഇസെഡ് ഇ, ദുബായ്, സമി ലാബ്‌സ് ലിമിറ്റഡ് കൊച്ചിന്‍(സ്‌പൈസസ് ഡിവിഷന്‍) എന്നീ കമ്പനികളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമാണ് ഡോ. മജീദ്. ബെംഗളൂരുവിലെ ഓര്‍ഗാനിക് അരോമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും ഗ്രൂപ്പിന്റെ ഭാഗമാണ്.

വികസനപ്രവര്‍ത്തനങ്ങളില്‍ ഡോ. മജീദിന് പൂര്‍ണ പിന്തുണയുമായി കൂടെയുള്ളത് മകന്‍ ഷഹീന്‍ മജീദാണ്. സമി സബിന്‍സ ഗ്രൂപ്പിന്റെ ആഗോളതല പ്രസിഡന്റ് ആണ് അദ്ദേഹം. ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം , മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി , വിപുലീകരണം തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഷഹീന്‍ ആണ്. പിതാവിനെ പോലെ തന്നെ പടിപടിയായുള്ള വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റേതും. 17 ആം വയസില്‍ സമി സബിന്‍സ ഗ്രൂപ്പിന്റെ വെയര്‍ ഹൌസ് നിയന്ത്രണത്തില്‍ നിന്നുമായിരുന്നു തുടക്കം. പിന്നീട് മാര്‍ക്കറ്റിംഗ് മികവ് കൊണ്ട് അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. വരും നാളുകളില്‍ ഷഹീനോടൊപ്പം ചേര്‍ന്ന് സമി ഗ്രൂപ്പിനെ പുതിയ തലങ്ങളെത്തിക്കുന്നതിനുള്ള ചിന്തയിലാണ് ഡോ. മുഹമ്മദ് മജീദ്.

Categories: FK Special, Slider