നരേന്ദ്ര മോദി 2.0: പ്രതീക്ഷയോടെ എന്‍ആര്‍ഐ ലോകം

നരേന്ദ്ര മോദി 2.0: പ്രതീക്ഷയോടെ എന്‍ആര്‍ഐ ലോകം

രണ്ടാം എന്‍ഡിഎ സര്‍ക്കാരിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ യുഎഇയിലെ എന്‍ആര്‍ഐ ബിനിസന് ലോകം വിലയിരുത്തുന്നു

രാജ്യത്തിന്റെ വികസന സ്വപ്‌നങ്ങള്‍ ഒരിക്കല്‍ കൂടി വിശ്വസ്തനായ കാവല്‍ക്കാരന്റെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുന്നു ജനം. ചൗക്കിദാര്‍ കള്ളനാണെന്നും ചായക്കടക്കാരനാണെന്നും അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടി ആയി ഈ വിധിയെഴുത്ത് മാറുമ്പോള്‍ തെളിയുന്നത് ജനങ്ങളുടെ വികസനപ്രതീക്ഷകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിക്ക് കീഴില്‍ ഇന്ത്യയുടെ യശ്ശസ്സുയര്‍ന്നപ്പോള്‍ അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഭാരതീയര്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇന്ത്യയെന്ന ലോകശക്തിയെയാണ്. അന്താരാഷ്ട്ര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ അസാമാന്യ വൈഭവം കാണിച്ച നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ എന്‍ആര്‍ഐകളും ഏറെ സന്തുഷ്ടരാണ്.

എം എ യൂസഫലി
ചെയര്‍മാന്‍, ലുലു ഗ്രൂപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്കുള്ള അംഗീകാരമായാണ് ഈ വലിയ ജനവിധിയെ ഞാന്‍ കാണുന്നത്. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്ന് തുടങ്ങി വിവിധ മേഖലകളില്‍ മോദി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കിയ പല പദ്ധതികളും കൃത്യമായി ലക്ഷ്യ സ്ഥാനത്തെത്തി എന്നതിന് തെളിവാണ് ഈ വലിയ വിജയം.

ഇന്ത്യയിലെ എന്‍ആര്‍ആഐ നിക്ഷേപകനെന്ന നിലയില്‍, ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് വളരെ എളുപ്പവും സുതാര്യവുമാക്കാനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. എന്‍ആര്‍ഐ നിക്ഷേപകര്‍ക്ക് മാത്രമല്ല, അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വരെ ഈ ഗംഭീര വിജയത്തോടെ ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം ഇരട്ടിയാകും.

ഇന്ത്യ-ഗള്‍ഫ് ബന്ധങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളെന്ന് ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയ എന്‍ആര്‍ഐ എന്ന നിലയില്‍ ഞാന്‍ പറയും. മിക്ക അറബ് രാഷ്ട്രങ്ങളിലെയും ദീര്‍ഘദര്‍ശികളായ നേതാക്കള്‍ക്ക് മോഡിയോട് വലിയ ബഹുമാനവും അടുത്ത ബന്ധവുമാണുള്ളത്. വരുംവര്‍ഷങ്ങളില്‍ ഊ ബന്ധം കൂടുതല്‍ ദൃഢപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ലോകത്തില്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. പുതിയ തലമുറയ്ക്ക് അഭിമാനിക്കാന്‍ വരുംവര്‍ഷങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്.

ഡോ. ബി ആര്‍ ഷെട്ടി
ചെയര്‍മാന്‍, സ്ഥാപകന്‍, എന്‍എംസി ഹെല്‍ത്ത്‌കെയര്‍

പുതിയ സര്‍ക്കാര്‍ രാജ്യത്തെ ഉന്നതങ്ങളിലെത്തിക്കും. കരിഞ്ചന്ത പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടും. നമ്മുടെ രാജ്യത്തെ കൊള്ളയടിച്ച ആളുകള്‍ പിഴുതെറിയപ്പെടുകയും കണക്കിന് ശിക്ഷിക്കപ്പെടുകയും ചെയ്യും. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് അത് നാം കണ്ടതാണ്. അടുത്ത അഞ്ച് വര്‍ഷവും അത് തന്നെയാകും ആവര്‍ത്തിക്കുക. ഇന്ത്യ ലോകത്തിലെ മുന്‍നിര രാഷ്ട്രമാകുമെന്ന് ഞാന്‍ മുന്‍കൂട്ടി കാണുന്നു. പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് നമ്മുടെ രാജ്യം വളരും. രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇനി മേലില്‍ നടപ്പിലാകുകയില്ല.

വാസു ഷ്രോഫ്
ചെയര്‍മാന്‍, റീഗല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്

ഞാന്‍ ജനങ്ങളിലൊരുവനാണ്. ഒരു എന്‍ആര്‍ഐ ബിസിനസുകാരന്‍ എന്ന നിലയിലല്ല, രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു പൗരന്‍ എന്ന നിലയിലാണ് ഞാനിത് ലോകത്തോട് പറയുന്നത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറപ്പെടണമെന്നതാണ് പുതിയ സര്‍ക്കാരില്‍ നിന്നും ഞാന്‍ ആഗ്രഹിക്കുന്നത്. നല്ല വിദ്യാഭ്യാസം, വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, വീടുകള്‍, റോഡുകള്‍ തുടങ്ങി വളരെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് അവര്‍ക്കുള്ളത്. ഇന്ത്യയിലെ നിരവധി ഗ്രാമങ്ങളില്‍ മോഡി സര്‍ക്കാര്‍ ഇത്തരം ആവശ്യങ്ങളോട് അനുഭാവ സമീപനം സ്വീകരിച്ചതായി എനിക്കറിയാം.

റിസ്‌വാന്‍ സാജന്‍
സ്ഥാപകന്‍, ചെയര്‍മാന്‍, ഡനൂബ് ഗ്രൂപ്പ്

നരേന്ദ്രമോദി സര്‍ക്കാരിന് എന്റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍. മുന്‍വര്‍ഷങ്ങളിലെ മികച്ച പ്രകടനം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ഈ തെരഞ്ഞെടുപ്പ് വിജയം അത്ഭുതപ്പെടുത്തുന്നില്ല എന്നതാണ് സത്യം. അടിസ്ഥാന സൗകര്യ മേഖലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ മുന്നേറ്റങ്ങളും ബ്രാന്‍ഡ് ഇന്ത്യയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും അവരുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. കൂടാതെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനും ബിസിനസ് വളര്‍ത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഞങ്ങളെ പോലുള്ള ബ്രാന്‍ഡുകളെ സഹായിച്ച ലളിതമായ നികുതി വ്യവസ്ഥയ്ക്കും നടത്തിപ്പിനും മോഡി സര്‍ക്കാരിനോട് ഞാന്‍ നന്ദി അറിയിക്കുന്നു. ഇത്തരം സൗഹാര്‍ദ്ദ നയങ്ങള്‍ തുടരട്ടെയെന്നും രാജ്യം വളരുകയും ശോഭിക്കയും ചെയ്യട്ടെയെന്നും ആഗ്രഹിക്കുന്നു.

ജോയ് ആലുക്കാസ്
ചെയര്‍മാന്‍, മാനേജിംഗ് ഡയറക്റ്റര്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ്

ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും ബിജെപിക്കും അപ്രതീക്ഷിത ഭൂരിപക്ഷത്തിനും ഗംഭീര വിജയത്തിനും അഭിനന്ദനങ്ങള്‍. ഒരു സംരംഭകനെന്ന നിലയില്‍ ഇന്ത്യയിലെ വ്യാപാര, വാണിജ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് മോഡി സര്‍ക്കാര്‍ നല്‍കിയ ഊന്നല്‍ തുടര്‍ന്നുമുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഓഹരിവിപണിയില്‍ ദൃശ്യമായ ഉണര്‍വ് ഇന്ത്യയിലെ വ്യാപാര, വാണിജ്യ, ബിസിനസ് മേഖലയ്ക്ക് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണ്. അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ സ്വര്‍ണാഭരണ വ്യവസായ മേഖലയ്ക്ക് നേട്ടമാകുന്ന പദ്ധതികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ധനന്‍ജയ് ദാതര്‍
ചെയര്‍മാന്‍, എംഡി, അല്‍ അദില്‍ ട്രേഡിംഗ്

അമ്പരപ്പിക്കുന്ന വിജയം ബിജെപിക്കുണ്ടായതില്‍ അത്ഭുതപ്പെടാനില്ല. ആഗോള ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്താന്‍ ഒട്ടനവധി കാര്യങ്ങള്‍ നരേന്ദ്ര മോദി ചെയ്തിട്ടുണ്ട് എന്നതിനാല്‍ എന്‍ആര്‍ഐകളെ സംബന്ധിച്ചെടുത്തോളം ഇത് വളരെ നല്ല വാര്‍ത്തയാണ്. ലോകത്തില്‍ ഇന്ത്യക്കാര്‍ ഇന്ന് കൂടുതലായി അംഗീകരിക്കപ്പെടുന്നു. ചിലരെങ്കിലും ഇപ്പോള്‍ നമ്മളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു. ഇന്ത്യക്കാരെന്ന നിലയില്‍, അംഗീകരിക്കപ്പെട്ടവരെന്ന ഉറപ്പോടെ ലോകത്തെവിടെയുമുള്ള നിക്ഷേപ അവസരങ്ങള്‍ നമുക്കിന്ന് കൈയെത്തിപ്പിടിക്കാം. ശരിയായ ബിസിനസ് കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് മോദി. രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം മുന്‍കൈ എടുക്കുമെന്ന് എനിക്ക് ഉറപ്പാണ്.

രാം ബുക്‌സാനി
ചെയര്‍മാന്‍, ഐടിഎല്‍ കോസ്‌മോസ് ഗ്രൂപ്പ്

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിക്കപ്പെട്ടത് തന്നെയാണ്. തന്റെ കഴിവ് തെളിയിക്കാന്‍ മോഡിയ്ക്ക് കൂടുതല്‍ സമയം ലഭിച്ചിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത്, ഇന്ത്യയെ കുറിച്ച് നിരവധി സ്വപ്‌നങ്ങളും ദര്‍ശനങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അവ നേടിയെടുക്കുന്നതിന് ജനം മോഡിക്ക് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നു. മോഡി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് കൂടുതല്‍ സ്ഥിരതയുള്ളൊരു ഇന്ത്യയെ ആണ് തുറന്നുകാട്ടുന്നത്. എല്ലാ അഞ്ച് വര്‍ഷവും കൂടുമ്പോള്‍ സര്‍ക്കാരിനെ മാറ്റിയത് കൊണ്ട് ഒരു നേട്ടവും ഉണ്ടാകില്ല. കൂടുതല്‍ സ്ഥിരതയുള്ള ഇന്ത്യയെയാണ് ഇന്ന് നാം ആഗ്രഹിക്കുന്നത്.

മോഡിയുടെ ചില നേട്ടങ്ങള്‍ കുറച്ചുകാലത്തേക്ക് മാത്രം ആയുസുള്ളവ ആയിരുന്നു. ഉദാഹരണത്തിന് അടിസ്ഥാനസൗകര്യ രംഗത്ത് നമുക്ക് ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. ജല ഗതാഗതമെന്ന മേഖല കൂടുതല്‍ ശ്രദ്ധയും ആസൂത്രണവും വേണ്ടുന്ന മേഖലയാണ്. ഇന്ത്യയില്‍ നിരവധി നദികളുണ്ട്, പുതിയ സര്‍ക്കാര്‍ ഈ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. നമ്മുടെ തുറമുഖങ്ങളിലും വേണ്ടത്ര വികസനമെത്തിയിട്ടില്ല. കയറ്റുമതിയും തടസ്സം നേരിടുന്നു. ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോഡി മെയ്ഡ് ഇന്‍ ഇന്ത്യയെ പറ്റി പറഞ്ഞിരുന്നു. ഇന്നും ഇന്ത്യയില്‍ അനവധി ചൈനീസ് ചരക്കുകള്‍ അങ്ങുമിങ്ങും ഒഴുകി നടക്കുകയാണ്. ഇക്കാര്യം പുതിയ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. മോദിയുടെ നേട്ടങ്ങളിലേക്ക് കണ്ണോടിക്കുകയാണെങ്കില്‍ അഴിമതി ഒരു പരിധി വരെ തുടച്ചുനീക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് നമ്മുടെ വലിയ നേട്ടങ്ങളിലൊന്നാണ്.

ഷംലാല്‍ അഹമ്മദ്
എംഡി-ഇന്റെര്‍നാഷ്ണല്‍ ഓപ്പറേഷന്‍സ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

വൈവിധ്യങ്ങളായ പല മണ്ഡലങ്ങളിലും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ അടുത്ത അഞ്ച് വര്‍ഷങ്ങളില്‍ ഈ തെരഞ്ഞെടുപ്പ് ഫലം സഹായകമാകുമെന്നാണ് പ്രതീക്ഷ. മുന്‍നിര ആഗോള സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ പ്രതിഷ്ഠിക്കുന്ന വലിയ ചുവടുവെപ്പുകള്‍ക്ക് ഈ തെരഞ്ഞെടുപ്പ് ഫലം ശക്തി പകരും. ബിസിനസ് കാഴ്ചപ്പാടില്‍, നമുക്കെല്ലാവര്‍ക്കും ഗുണകരമാകുന്ന കൂടുതല്‍ പുരോഗതിയും വികസന അവസരങ്ങളും ഈ വന്‍ വിജയം കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്.

അദീബ് അഹമ്മദ്
എംഡി, ലുലു എക്‌സ്‌ചേഞ്ച്

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അഭിനന്ദിക്കുന്നു. സമ്പദ് വ്യവസ്ഥയെയും വ്യാപാര, വാണിജ്യ രംഗങ്ങളെയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇനിയും ഇന്ത്യയിലെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഉറപ്പാണ്. ചരിത്രാതീക കാലം മുതല്‍ക്കേ ഇന്ത്യയും യുഎഇയും തമ്മില്‍ വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ്. പല മേഖലകളിലും പരസ്പര നേട്ടം ലക്ഷ്യമിടുന്ന തന്ത്രപ്രധാന പങ്കാളിത്തം ഇവര്‍ തമ്മിലുണ്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തുടരുമെന്നാണ് എന്റെ പ്രതീക്ഷ.

പരശ് ഷഹ്ദദ്പുരി
ചെയര്‍മാന്‍, നികയ് ഗ്രൂപ്പ് ഓഫ് കമ്പനീസ്

എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു തെരഞ്ഞെടുപ്പ് ഫലത്തിലെ ആദ്യ സൂചനകള്‍. കര്‍ത്തവ്യബോധമുള്ള ബിജെപി നയിക്കുന്ന എന്‍ഡിഎ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരും എന്ന് വ്യക്തമാക്കുന്ന സൂചനകളായിരുന്നു അവ. ദീര്‍ഘവീക്ഷണമുള്ള, വളരെ കാര്യശേഷിയുള്ള,സത്യസന്ധനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ ഇന്ത്യയ്ക്ക് വളരെ നിര്‍ണായകമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ രാജ്യത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള അവസരമാണ് എന്‍ഡിഎയ്ക്ക് മുമ്പിലുള്ളത്. കഴിഞ്ഞ തവണ കെട്ടിപ്പടുത്ത അടിത്തറയ്ക്ക് മുകളിലായി ഇന്ത്യയ്ക്ക് സുസ്ഥിരമായ വളര്‍ച്ചാഗാഥ പടുത്തുയര്‍ത്താം.

കമാല്‍ വചനി
റീജിയണല്‍ ഗ്രൂപ്പ് ഡയറക്റ്റര്‍, അല്‍ മായ ഗ്രൂപ്പ്

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നായിരുന്നു 2019ലെ പൊതുതെരഞ്ഞെടുപ്പ്. 900 മില്യണ്‍ വോട്ടര്‍മാര്‍ പങ്കെടുക്കുന്ന ഈ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണിതെന്ന് ഓര്‍ക്കണം. ഈ ജനാധിപത്യ ഉത്സവം ആഘോഷിക്കേണ്ടത് തന്നെയാണ്.

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയത് നമുക്ക് സ്ഥിരതയുള്ളൊരു സര്‍ക്കാരുണ്ടായി എന്നാണ് വ്യക്തമാക്കുന്നത്. വിദേശങ്ങളില്‍ താമസിക്കുന്ന എന്‍ആര്‍ഐകള്‍ക്ക് ഇത് ശുഭവാര്‍ത്തയാണ്. കാരണം രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ നിരവധി കാര്യങ്ങള്‍ ചെയ്ത ആളാണ് മോദി. അന്താരാഷ്ട്ര തലത്തില്‍ ഇന്ന് ഇന്ത്യക്കാര്‍ നിരവധി നേട്ടങ്ങള്‍ അനുഭവിക്കുന്നുണ്ട്. മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ട്.

Categories: Arabia

Related Articles