എന്‍ഡിഎ 2.0 സാമ്പത്തിക അജണ്ട തയാര്‍

എന്‍ഡിഎ 2.0 സാമ്പത്തിക അജണ്ട തയാര്‍
  • സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയത് ധനമന്ത്രാലയം
  • പുതിയ വ്യാപാര നയം തയാറായി; ജിഎസ്ടി2.0 നെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു
  • ആഭ്യന്തര ആവശ്യകത ഉയര്‍ത്താനുള്ള നടപടികള്‍ ജൂലൈയില്‍ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാവും

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വേഗമേറിയ പാതയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എന്‍ഡിഎയുടെ സാമ്പത്തിക അജണ്ട, രണ്ടാം മോദി സര്‍ക്കാരിന്റെ രൂപീകരണത്തിനു മുന്‍പ് തന്നെ തയാറായതായി റിപ്പോര്‍ട്ട്. നികുതി ആനുകൂല്യം, മാനദണ്ഡങ്ങള്‍ ലളിതമാക്കല്‍, ആഭ്യന്തര ആവശ്യകത വര്‍ധിപ്പിക്കല്‍, സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചാ പദ്ധതിയാകും ജൂലൈയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുകയെന്നാണ് അറിയുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉണര്‍വേകുന്നതിനായി പുതിയ സര്‍ക്കാര്‍ സ്വീകരിക്കേണ്ട പദ്ധതികള്‍ ധനമന്ത്രാലയവും മറ്റ് വകുപ്പുകളും ചേര്‍ന്നാണ് തയാറാക്കിയിരിക്കുന്നത്.

സാമ്പത്തിക തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ഇനിയും വൈകിയാല്‍ ഇപ്പോഴത്തെ മാന്ദ്യത്തിന്റെ തീവ്രത വര്‍ധിക്കുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭിപ്രായം. 2019 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായിരുന്നുവെങ്കിലും നാലാം പാദത്തില്‍ വളര്‍ച്ചയില്‍ 6.5 ശതമാനത്തിന്റെ കുറവനുഭവപ്പെട്ടിരുന്നു. ഇതിനോടടുത്ത മാസങ്ങളില്‍ കാര്‍, ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ ആവശ്യകത കുറയുകയും മാന്ദ്യം അനുഭവപ്പെടുകയും ചെയ്തു. ആഭ്യന്തര ആവശ്യകതയിലും വ്യാപാരത്തിലും ഉണര്‍വുണ്ടാക്കുകയെന്നതാണ് പുതിയ സര്‍ക്കാരിന്റെ മുന്നിലുള്ള ആദ്യത്തെ വെല്ലുവിളിയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടക്കാല ബജറ്റില്‍ വാദ്ഗാനം ചെയ്തതുപോലെ ജൂലൈ ആദ്യം അവതരിപ്പിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വ്യക്തിപരമായ നികുതി കുറച്ചുകൊണ്ട് മധ്യവര്‍ഗത്തിന് കൂടുതല്‍ പണലഭ്യത ഉറപ്പാക്കുമെന്നാണ് കരുതുന്നത്. ഇത് ജനങ്ങളുടെ ചെലവിടല്‍ ശേഷി വര്‍ധിക്കാനും അതിനനുസരിച്ച് ആവശ്യകതയിലും വിപണിയിലും ഉണര്‍വുണ്ടാകാനും സഹായകമാകുമെന്ന് കണക്കാക്കപ്പെടുന്നു.

പുതിയ വ്യവസായ നയത്തിന്റെ കരടുരൂപം സജ്ജമായിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര നിര്‍മാണപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കാനും വ്യവസായിക അടിസ്ഥാനസൗകര്യ വികസനത്തിനുമുതകുന്ന പദ്ധതികള്‍ നയത്തിലുണ്ടാകും. സ്വകാര്യ മേഖലയില്‍ നിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ സമയമെടുക്കുമെന്നുള്ളതുകൊണ്ട് പൊതു നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുകയെന്നാണ് അറിയുന്നത്.

ജിഎസ്ടി 2.0 നെപ്പറ്റി പല ചര്‍ച്ചകളും ഇതിനകം സര്‍ക്കാര്‍ തലത്തില്‍ നടന്നിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലഘൂകരിക്കാനും നിരക്ക്് ഘടന ലളിതമാക്കാനും ലക്ഷ്യമിടുന്ന സര്‍ക്കാര്‍, പെട്രോളിയം പോലുള്ള ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. ജിഎസ്ടിയുടെ 5%, 12%, 18% , 28% എന്നിങ്ങനെയുള്ള നാല് സ്ലാബുകള്‍ രണ്ട് പ്രധാന നിരക്കുകൡലേക്ക് ചുരുക്കാനും പദ്ധതിയിയുണ്ട്. സിമന്റ്, ഓട്ടോമൊബീല്‍ എന്നിവ ജിഎസ്ടിയുടെ ഉയര്‍ന്ന സ്ലാബായ 28% ല്‍ തന്നെ തുടര്‍ന്നേക്കും. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജമേകുന്ന പദ്ധതികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുന്‍ എന്‍ഡിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ബിസിനസ്, സ്റ്റാര്‍ട്ടപ്പ് സൗഹൃദ നയങ്ങളും കൂടുതല്‍ ശക്തമായി തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Tags: government, NDA