പിഎം നരേന്ദ്രമോദി (ഹിന്ദി)

പിഎം നരേന്ദ്രമോദി (ഹിന്ദി)

സംവിധാനം: ഒമങ്ങ് കുമാര്‍
അഭിനേതാക്കള്‍: വിവേക് ഒബ്‌റോയ്, ബൊമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 11 മിനിറ്റ്

2019-ല്‍ മോദി വാരണസിയില്‍ മാത്രമല്ല, ഇന്ത്യയെമ്പാടും വിജയിച്ചിരിക്കുന്നു. മോദി നേതൃത്വം നല്‍കുന്ന ബിജെപി മന്ത്രിസഭ രണ്ടാം തവണ അധികാരത്തിലേറാന്‍ പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് പിഎം നരേന്ദ്രമോദി എന്ന ചിത്രം റിലീസ് ചെയ്യുന്നതും. ചായ്‌വാല, സന്യാസി, ആര്‍എസ്എസ് പ്രചാരക്, ദേശഭക്ത് തുടങ്ങിയ വ്യക്തിത്വങ്ങളുള്ള നരേന്ദ്ര മോദിയുടെ 1950 മുതല്‍ 2014 വരെയുള്ള ജീവിതത്തെയും സംഭവങ്ങളെയും ചിത്രീകരിക്കുകയാണു പിഎം നരേന്ദ്രമോദി എന്ന ചിത്രം. വളരെ ബാലന്‍സ് ചെയ്ത ജീവചരിത്ര സംബന്ധിയായ ചിത്രമാണിത്. പ്രേക്ഷകന്റെ വ്യക്തിപരമായ കാഴ്ചപ്പാട് ഏതുമാകട്ടെ, ഈ ചിത്രം അവരെ ആകര്‍ഷിക്കുമെന്നത് ഉറപ്പ്. ദേശീയ അവാര്‍ഡ് ജേതാവായ ഒമങ്ങ് കുമാറാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹം ബോക്‌സിംഗ് താരം മേരി കോം, ഇന്ത്യയുടെ ചാരനെന്ന് ആരോപിച്ചു പാകിസ്ഥാന്‍ പിടികൂടിയ സരബ്ജിത് സിംഗ് എന്നിവരുടെ ജീവചരിത്ര സിനിമ സംവിധാനം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ്. നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ദാരിദ്ര്യം നിറഞ്ഞ, ചായ വിറ്റു നടന്ന ബാല്യകാലം മുതല്‍ 2014-ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയ കാലം വരെയുള്ള ജീവിതത്തെ വരച്ചു കാണിക്കുകയാണു ചിത്രം. ഒരര്‍ഥത്തില്‍ ഈ സിനിമ ഒരു പ്രചോദനകഥയാണെന്നു പറയാം. കഥയ്ക്കു നാടകീയത ലഭിക്കാനായി കാല്‍പ്പനിക കഥാപാത്രങ്ങളെ അണിയറക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്.
2013-ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന രംഗത്തോടെയാണു പിഎം നരേന്ദ്രമോദിയെന്ന ചിത്രം ആരംഭിക്കുന്നത്. 2014-ല്‍ ബിജെപി പൊതു തെരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലേറുന്നു. പിന്നീട് പ്രേക്ഷകനെ മോദിയുടെ ബാല്യകാലത്തിലേക്കു കൊണ്ടു പോവുകയാണ്. പിതാവിനെ സഹായിക്കാന്‍ മോദി ചായ കച്ചവടം ചെയ്യുന്നു. കഷ്ടതയില്‍നിന്നും മോദി തന്റെ ജീവിതത്തില്‍ ഓരോ പടവുകളും കയറി ജീവിതത്തില്‍ മുന്നേറുകയാണ്. ഈ ചിത്രം മുന്നേറുന്നത് കഥയിലൂടെയല്ല, പകരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ ദൃശ്യവത്കരിച്ചു കൊണ്ടാണ്. യോഗിയായി ജീവിച്ചതും, ആര്‍എസ്എസ്സിലൂടെ പാര്‍ട്ടിയംഗമായതും, മുഖ്യമന്ത്രിയായതും, ഗുജറാത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നതും, പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായതുമൊക്കെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
വിവേക് ഒബ്‌റോയിയാണു ചിത്രത്തില്‍ മോദിയായി വേഷമിട്ടിരിക്കുന്നത്. വളരെ തന്മയത്വത്തോടെയാണു വേഷം അദ്ദേഹം കൈകാര്യം ചെയ്തിരിക്കുന്നത്. മോദിയുടെ മാനറിസങ്ങളും അഥവാ ചേഷ്ടകള്‍, ഉച്ചാരണ രീതി എന്നിവയെല്ലാം കൃത്യമായി വിവേക് ഒബ്‌റോയിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സെറീന വഹാബും, രാജേന്ദ്ര ഗുപ്തയുമാണു ചിത്രത്തില്‍ നരേന്ദ്ര മോദിയുടെ മാതാപിതാക്കളായി വേഷമിട്ടിരിക്കുന്നത്. രണ്ട് പേരും വേഷം വളരെ മികവുറ്റതാക്കിയിരിക്കുന്നു. മനോജ് ദോഷിയാണ് അമിത് ഷായുടെ വേഷത്തിലെത്തിയിരിക്കുന്നത്. ബൊമന്‍ ഇറാനി രത്തന്‍ ടാറ്റയും, കിശോരി ഷഹാനെ ഇന്ദിരാഗാന്ധിയായും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

Comments

comments

Categories: Movies