മോദിയുടെ സത്യപ്രതിജ്ഞ 30ന് നടന്നേക്കും

മോദിയുടെ സത്യപ്രതിജ്ഞ 30ന് നടന്നേക്കും

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന വകുപ്പ് ലഭിക്കുമെന്ന് സൂചന

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭ അടുത്ത വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. രാഷ്ട്രപതി ഭവനില്‍ വെച്ചാകും ചടങ്ങുകള്‍ നടക്കുക. ഇതിന് മുന്നോടിയായി ഇന്നലെ നിലവിലെ മന്ത്രിസഭയും മന്ത്രിതല സമിതികളും യോഗം ചേരുകയും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരോടും നാളെ വൈകിട്ട് ഡെല്‍ഹിയില്‍ എത്തിച്ചേരാന്‍ ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാന്ധി നഗറില്‍ മല്‍സരിച്ച് വന്‍ വിജയം നേടിയ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കേന്ദ്രമന്ത്രിസഭയില്‍ സുപ്രധാന വകുപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്.

17 ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി മിന്നുന്ന വിജയമാണ് കാഴ്ച്ചവെച്ചത്. ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയാണ് മോദി. ഭൂരിപക്ഷം ഉയര്‍ത്തി രണ്ടാം വട്ടം അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ എന്ന ബഹുമതിയും എന്‍ഡിഎ നേടി. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടയുള്ള ലോക നേതാക്കള്‍ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞയുടനെ പ്രധാനമന്ത്രിയെ അഭിനന്ദനങ്ങളറിയിച്ചിരുന്നു. 2014 ലെ ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ തലവന്‍മാരെല്ലാം ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ വിദേശ നേതാക്കളെ ക്ഷണിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തനിക്ക് പിന്തുണ നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായി ഈ മാസം 28 ന് സ്വന്തം മണ്ഡലമായ വാരണാസിയില്‍ മോദി എത്തും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മോദി ഗംഗാ ആരതിയിലും പങ്കുകൊള്ളും.

Categories: FK News, Slider
Tags: Modi