ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ ബ്രാന്‍ഡ് മാരുതി

ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ ബ്രാന്‍ഡ് മാരുതി

തൊട്ടതൊക്കെ പൊന്നാക്കിക്കൊണ്ടു വളര്‍ന്നു വന്ന ധാരാളം ബ്രാന്‍ഡുകളുടെ ഇടയില്‍ നിന്നും ഒരു പഠനത്തിനായി വായനക്കാരുടെ മുമ്പില്‍ വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നവയിലൊന്ന് മാരുതിയാണ്. ഇന്ത്യയില്‍ മുന്‍നിരയിലുള്ള പത്തു കാര്‍ ബ്രാന്‍ഡുകള്‍ എടുത്താല്‍ മറ്റുള്ളവയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വളര്‍ച്ചയും ജനസമ്മതിയും നേടിയെടുക്കാന്‍ മാരുതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇഷ്ടപെട്ട കാര്‍ ബ്രാന്‍ഡ് ചോദിച്ചാല്‍ ഏതൊരു ഇന്ത്യക്കാരനും കണ്ണുമടച്ച് പെട്ടെന്ന് പറയുന്ന പേരാണ് മാരുതി. ഇത്തരം നേട്ടങ്ങളും വിശ്വാസ്യതയും മാരുതിക്ക് എങ്ങനെ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് പഠിക്കേണ്ട പാഠമാണ്

ഇന്ത്യയെപ്പോലെ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ബിസിനസ് തുടങ്ങി, വളര്‍ത്തിയെടുത്ത് നല്ല ഒരു ബ്രാന്‍ഡാക്കി മാറ്റുകയെന്നത് എല്ലാ സംരംഭകരും കാണുന്ന സ്വപ്‌നമാണ്. ബിസിനസ് തുടങ്ങുമ്പോള്‍ നാം എന്താണോ മനസ്സില്‍ കാണുന്നത്, അതുതന്നെയാണ് പിന്നീട് ആ ബിസിനസിന്റെ മുന്നോട്ടുള്ള വഴിയും ഭാവിയും. ഒരു സ്ഥാപകന്‍ എന്ന നിലയ്ക്ക് ഇന്ത്യയെ വ്യക്തമായി മനസ്സിലാക്കി ബിസിനസ് വിപുലീകരിക്കാന്‍ കഴിഞ്ഞാല്‍ മുന്‍ നിര ബ്രാന്‍ഡായി നിങ്ങളുടെ സ്ഥാപനത്തെ വളര്‍ത്തിയെടുക്കാന്‍ കഴിയും.

വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും കഥകള്‍ പറയുന്ന ധാരാളം ബ്രാന്‍ഡുകള്‍ ഇന്ത്യയിലുണ്ട്. തൊട്ടതൊക്കെ പൊന്നാക്കിക്കൊണ്ടു വളര്‍ന്നു വന്ന ധാരാളം ബ്രാന്‍ഡുകളുടെ ഇടയില്‍ നിന്നും ഒരു പഠനത്തിനായി വായനക്കാരുടെ മുമ്പില്‍ വെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നവയിലൊന്ന് മാരുതിയാണ്. ഇന്ത്യയില്‍ മുന്‍നിരയിലുള്ള പത്തു കാര്‍ ബ്രാന്‍ഡുകള്‍ എടുത്താല്‍ മറ്റുള്ളവയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര വളര്‍ച്ചയും ജനസമ്മതിയും നേടിയെടുക്കാന്‍ മാരുതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇഷ്ടപെട്ട കാര്‍ ബ്രാന്‍ഡ് ചോദിച്ചാല്‍ ഏതൊരു ഇന്ത്യക്കാരനും കണ്ണുമടച്ച് പെട്ടെന്ന് പറയുന്ന പേരാണ് മാരുതി. ഇത്തരം നേട്ടങ്ങളും വിശ്വാസ്യതയും മാരുതിക്ക് എങ്ങനെ നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് പഠിക്കേണ്ട പാഠമാണ്.

തുടക്കത്തില്‍ ഈ കമ്പനി മാരുതി ടെക്‌നിക്കല്‍ സര്‍വീസസ് എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വാഹന നിര്‍മ്മാണവുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആയിരുന്നു അവര്‍ പ്രധാനമായും നല്‍കിയിരുന്നത്. അംബാസിഡര്‍, പത്മിനി, ഫിയറ്റ് പോലെയുള്ള കാറുകള്‍ അക്കാലത്ത് വലിയ സമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ബ്രാന്‍ഡുകള്‍ ആയിരുന്നു. മാരുതിപോലുള്ള കമ്പനികള്‍ ഇന്ത്യയിലെ സാധാരണക്കാരനും പ്രാപ്യമായ രൂപത്തില്‍ കാര്‍ നിര്‍മ്മാണം മുന്നോട്ടു കൊണ്ട് പോവണമെന്നും അത് ജനങ്ങളിലേക്ക് എത്തുംവിധമുള്ള പ്രവര്‍ത്തനം കാഴ്ചവെക്കണമെന്നും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഒരിക്കല്‍ പറയുകയുണ്ടായി. അങ്ങനെ ഈ കമ്പനി 1971 ജൂണില്‍ മാരുതി മോട്ടോഴ്‌സ് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി മാരുതിയുടെ പ്രഥമ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു എന്ന കാര്യം കൂടി ഇവിടെ സ്മരിക്കുന്നു.

വിദേശ കാര്‍ ബ്രാന്‍ഡായ ഫോക്‌സ്‌വാഗനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സഞ്ജയ് ഗാന്ധി ശ്രമം നടത്തിയിരുന്നു. ഇക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു. പിന്നീട് ഇന്ദിരാഗാന്ധി തന്നെ നേരിട്ട് ഇടപെട്ടു മാരുതിയെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡുമായി സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. മറ്റ് ആഗോള ബ്രാന്‍ഡുകള്‍ മാരുതിയുമായി സഹകരിക്കാന്‍ മടിച്ചു നിന്നപ്പോള്‍ ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി മുന്നോട്ടു വരികയും ഇന്ത്യയില്‍ മാരുതി സുസുകി എന്ന ബ്രാന്‍ഡില്‍ 1983 മുതല്‍ കാര്‍ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു.

ഇന്ത്യയുടെ യഥാര്‍ത്ഥ ചലനം സാധ്യമായത് മാരുതി എന്ന കാര്‍ നിരത്തിലിറങ്ങിയതോടെയാണ്. ഒരു കാര്‍ സ്വന്തമാക്കുകയെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്നതായിരുന്നു അടിസ്ഥാന അജണ്ട. ഓര്‍ഡര്‍ ചെയ്താല്‍ ഏകദേശം രണ്ടു വര്‍ഷമെങ്കിലും കാത്തിരുന്നതിന് ശേഷമേ അന്ന് വാഹനം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ 1983 ന് ശേഷം കഥ മാറി. പത്തു ലക്ഷം കാറുകള്‍ തുടക്കത്തില്‍ തന്നെ നിരത്തിലിറക്കാന്‍ മാരുതിക്കു കഴിഞ്ഞു. മാരുതിയുടെ കഥ നമ്മെ പഠിപ്പിക്കുന്ന യഥാര്‍ത്ഥ പാഠം, ഉറങ്ങാത്ത സ്വപ്നങ്ങള്‍ ആണ് യഥാര്‍ത്ഥ സ്വപ്‌നങ്ങളെന്നും അത്തരം സ്വപ്‌നങ്ങളെ താലോലിച്ചു വളര്‍ത്തിയെടുക്കാന്‍ ഇന്ദിരാഗാന്ധിയെപ്പോലുള്ള നേതാക്കന്‍മാര്‍ ഉണ്ടായിരുന്നു എന്നതുമാണ്.

ഇന്ത്യയിലെ കാര്‍ വിപണിയുടെ 51% വിഹിതം ഇന്ന് മാരുതിയാണ് കൈയാളുന്നത്. മാരുതി 800, ഓള്‍ട്ടോ, വാഗണ്‍ആര്‍, ബ്രേസ, എര്‍ട്ടിഗ, സ്വിഫ്റ്റ് എന്നിവയാണ് പതാകാവാഹകര്‍. ഹ്യൂണ്ടായ് (16.2%), മഹീന്ദ്ര& മഹീന്ദ്ര (7.3%), ടാറ്റ മോട്ടോഴ്‌സ് (7%), ഹോണ്ട (5.2%) എന്നിവയാണ് ഇന്ത്യന്‍ വിപണിക്ക് പ്രിയങ്കരമായ മറ്റ് ബ്രാന്‍ഡുകള്‍. ഇന്ത്യന്‍ നിരത്തുകളില്‍ ആധിപത്യം സ്ഥാപിച്ചു മുന്നേറാന്‍ മാരുതിയെ സഹായിച്ചത് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനുമായുള്ള സഹകരണമായിരുന്നെന്നത് അര്‍ത്ഥശങ്കക്കിടയില്ലാത്ത വസ്തുതയാണ്. ഇന്ത്യയുടെ കാര്‍ വിഭാഗത്തില്‍ 63 ശതമാനവും ജാപ്പനീസ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. കൊറിയന്‍ സാങ്കേതികവിദ്യ 16% കാറുകളിലും പ്രാദേശിക ഇന്ത്യന്‍ സാങ്കേതികവിദ്യ 12% കാറുകളിലും ഉപയോഗപ്പെടുത്തിയിരിക്കുന്നു. അഞ്ച് ശതമാനം കാറുകളിലാണ് യൂറോപ്യന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം നാല് ശതമാനം മാത്രം.

മാരുതി എന്ന ബ്രാന്‍ഡിനെ ജനകീയമാക്കുന്നതില്‍ കാഴ്ചക്കാരന്റെ ഹൃദയം തൊട്ട പരസ്യരീതികളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കളിപ്പാട്ട കാറോടിക്കുന്ന കുട്ടി, ‘എന്തു ചെയ്യാനാ പപ്പാ, പെട്രോള്‍ തീരുന്നതേയില്ല,’ എന്ന പരസ്യം മാരുതിക്ക് ഏറെ പ്രചാരകമുണ്ടാക്കി. മാരുതി എന്ന ബ്രാന്‍ഡിനെ ജനകീയമാക്കിയതില്‍ കസ്റ്റമര്‍ സര്‍വീസും കോള്‍ സെന്ററുകളുടെ വ്യാപ്തിക്കും വളരെ പ്രാധാന്യമുണ്ട്. ബ്രാന്‍ഡിനെ കുറിച്ചുള്ള ഉപഭോക്തൃ അന്വേഷണങ്ങള്‍ക്കുള്ള മറുപടികള്‍ മുതല്‍ വില്‍പ്പനാനന്തര സേവനങ്ങള്‍ വരെ കൃത്യനിഷ്ഠതയോടെ അവര്‍ നല്‍കിപ്പോരുന്നു.

വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തതിനു ശേഷമാണ് ഓരോ ബ്രാന്‍ഡിനും മാരുതി വില നിശ്ചയിക്കുന്നത്. മറ്റുള്ള ബ്രാന്‍ഡുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഉപഭോക്താവിന് എന്നും കൊടുക്കുന്ന കാശിന് കിട്ടുന്ന വാഹനം മുതലാവും. മറ്റേതു ബ്രാന്‍ഡിനോടും കിടപിടിക്കും വിധം പരമാവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് മാരുതിയുടെ വാഹനങ്ങള്‍, പ്രത്യേകിച്ചും പൊതുവിഭാഗത്തിലുള്ള യാത്രാ കാറുകള്‍.

ഇന്ത്യന്‍ വിപണിയില്‍ പകരക്കാരില്ലാത്ത ബ്രാന്‍ഡായി മാറാന്‍ മാരുതിക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ യാഥാര്‍ഥ്യം. അത് മനസ്സിലാക്കണമെങ്കില്‍ മാരുതിയുടെ വര്‍ഷങ്ങളായിയുള്ള ഇക്വിറ്റി പ്രകടനം മാത്രം വിലയിരുത്തിയാല്‍ മതി. 2015 ന് ശേഷമാണ് മാരുതി, വമ്പന്‍ വളര്‍ച്ച പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. 2004 ല്‍ നിന്ന് 2018 എത്തിയപ്പോഴേക്കും 30% ല്‍ നിന്നും നിക്ഷേപകര്‍ക്കുള്ള ലാഭവിഹിതം 1,600 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞു. വര്‍ഷാവര്‍ഷം നല്‍കിവരുന്ന ലാഭവിഹിതം, വിപണിയില്‍ ഇറക്കുന്ന ബ്രാന്‍ഡുകളോടുള്ള ജനകീയമായ താല്‍പ്പര്യം, അതിന്റെ വിലയും മൂല്യവും തമ്മിലുള്ള അനുപാതം, കിട്ടാക്കടങ്ങള്‍ ഇല്ലാത്ത കമ്പനിയെന്ന സല്‍പ്പേര്, വളരെ ഉയര്‍ന്ന ബുക്ക് വാല്യു എന്നീ ഘടകങ്ങള്‍ മാരുതി എന്ന ബ്രാന്‍ഡിനെ നിക്ഷേപകരുടെ പറുദീസയാക്കി മാറ്റുന്നു. ഇന്നും മാരുതിയുടെ ഓഹരി വില 6,700 രൂപയ്ക്കു മുകളില്‍ നില്‍ക്കുന്നു. ഇതിന്റെ പത്തിലൊന്നു മൂല്യം പോലും വിപണി തിരിച്ചറിഞ്ഞിട്ടില്ലെന്ന് ബ്രാന്‍ഡിനെക്കുറിച്ച് അറിയുന്നവര്‍ പറയും.

പ്രശ്‌നങ്ങള്‍ ബാധിച്ചു പ്രവര്‍ത്തനം പിന്നോട്ടടിക്കുന്ന ഘട്ടത്തില്‍ സംരംഭകര്‍ക്ക് പഠിക്കാനും അനുകരിക്കാനും പറ്റിയ ഒരു ബ്രാന്‍ഡാണ് മാരുതിയെന്ന് സംശയമില്ല. മാരുതിയുടെ തുടക്കത്തില്‍ സഹകരണം നിഷേധിച്ച പല കമ്പനികളും ഇപ്പോള്‍ കമ്പനിയുമായി പങ്കാളിത്തമുണ്ടാക്കാന്‍ രാഗത്തു വന്നിരിക്കുന്നു. ടൊയോട്ട പോലുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ മാരുതിയുമായി കൈകോര്‍ക്കാന്‍ കാത്തു നില്‍ക്കുന്ന കാഴ്ച സന്തോഷം പകരുന്നതാണ്.

Categories: FK Special, Slider
Tags: Maruti