ഉറക്കക്കുറവ് ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിക്കുമ്പോള്‍

ഉറക്കക്കുറവ് ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിക്കുമ്പോള്‍

ഉറക്കത്തിന്റെ അഭാവം ആരോഗ്യത്തിനു ഹാനികരമാകുന്നത് എങ്ങനെയെന്ന് അനാവരണം ചെയ്യുന്ന പഠനം

രാത്രിയില്‍ ഏഴു മണിക്കൂറെങ്കിലും ഉറങ്ങുന്നത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ നിര്‍ണായകമാണെന്നു നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിദ്രാഭാംഗം ഹ്രസ്വവും ദീര്‍ഘവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം വ്യക്തികളുടെ മൊത്തം ആരോഗ്യത്തെ ബധിക്കുമെങ്കിലും ഇതില്‍ ഹൃദയാരോഗ്യം സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ആറു മണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നവരില്‍ ഹൃദയധമനിയില്‍ 27% വരെ അധികം കൊഴുപ്പ് അടിഞ്ഞു കൂടുന്നതായി ഈ വര്‍ഷം നടത്തിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തി. ഇത് ശരീരത്തിലെ രക്തപ്രവാഹസാധ്യത കുറയ്ക്കും. അതേസമയം, ധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നല്ല ഉറക്കം സഹായിക്കുമെന്ന് മറ്റൊരു പഠനം വിശദീകരിക്കുന്നുണ്ട്.

പുതിയ ചില പഠനങ്ങളില്‍ ധമനികളില്‍ അടിയുന്ന കൊഴുപ്പിന്റെ വര്‍ദ്ധനവ് രക്തചംക്രമണത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഇത് അനുഭവിക്കുന്ന ഒരാളില്‍ പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യതകതളെയും കുറിച്ചു പഠിക്കുന്നു. ഉറക്കക്കുറവ് മൈക്രോ ആര്‍എന്‍എ തന്മാത്രകളില്‍ വരുത്തുന്ന പ്രത്യാഘാതം കോശങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നു കാണിക്കുന്ന പഠനങ്ങളും വന്നിട്ടുണ്ട്. അസുഖകരമായ ഉറക്കം ധമനീപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നതിന് നിരവധി തെളിവുകള്‍ വന്നിട്ടുണ്ട്. ഇതു വ്യക്തമാക്കിയ പഠനത്തില്‍ 44-62 വയസ്സിനിടയിലുള്ള 24 പേരില്‍ നിന്നും രക്തസാംപിളുകള്‍ ഗവേഷകര്‍ ശേഖരിച്ചു. വ്യത്യസ്ത ഉറക്ക ശീലങ്ങളുള്ള അവരില്‍ 12 പേര്‍ രാത്രിയില്‍ ഏഴു മുതല്‍ എട്ടര മണിക്കൂര്‍ വരെ ഉറങ്ങുന്നു.

മറ്റ് 12 പേര്‍ക്ക് രാത്രിയില്‍ അഞ്ചു മുതല്‍ 6.8 മണിക്കൂര്‍ വരെയേ ഉറങ്ങുന്നുള്ളൂ. ഇവരില്‍ ഏഴു മണിക്കൂറില്‍ താഴെ ഉറക്കം കിട്ടിയവരുടെ രക്തസാംപിളുകളില്‍ ശരീരത്തിന് ദോഷം വരുത്തുന്ന മാംസ്യങ്ങളുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കുന്ന മൂന്ന് ഇനം മൈക്രോ ആര്‍എന്‍എകളുടെ കുറവ് കണ്ടെത്തി. 125 എ,126, 146 എ എന്നീ മൈക്രോ ആര്‍എന്‍എകളാണിത്. ബാക്കി 12 പേരില്‍ ഇവ കൂടിയ അളവിലും കണ്ടെത്തി. മൈക്രോ ആര്‍എന്‍എകളുടെ തന്മാത്രാഘടനയില്‍ വരുന്ന കുറവ് കോശങ്ങള്‍ക്കു വിനാശകരമാണ്. ഈ അപര്യാപ്തത രക്തക്കുഴലുകളുടെ വീക്കത്തിലേക്ക് വരെ നയിച്ചേക്കാം, അതുപോലെ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കൂടുതല്‍ അപകടസാധ്യതകളും കാണുന്നു.

ആറു മണിക്കൂറില്‍ താഴെ മാത്രം ഉറക്കം കിട്ടിയവരില്‍ നടത്തിയ പഠനത്തില്‍, രക്തക്കുഴലുകളിലെ എന്‍ഡോതെലിയല്‍ കോശങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നില്ലെന്നു കണ്ടെത്തി. ഇതു മൂലം രക്തക്കുഴലുകളുടെ വികാസ സങ്കോചങ്ങള്‍ ശരിയായി നടക്കുന്നില്ല. ഇത് ശരീരത്തിലെ രക്തചംക്രമണം മന്ദഗതിയിലാക്കുന്നു. ഇതു ധമനികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ ഉറങ്ങുന്നത് മൈക്രോ ആര്‍എന്‍എകളെ പോലുള്ള ശാരീരികപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ നില മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. രക്തപരിശോധനയിലൂടെ ഉറക്കക്കുറവു മൂലം ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു സൃഷ്ടിക്കുന്ന ധമനീതടസങ്ങളും കണ്ടെത്താനാകും.

ഒരു വ്യക്തിയുടെ ഉറക്ക ശീലങ്ങള്‍ മെച്ചപ്പെടുത്തുന്നത് രക്തത്തില്‍ മൈക്രോ ആര്‍എന്‍എകളുടെ ആരോഗ്യകരമായ അളവ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുമോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഏതായാലും, അടുത്തിടെ നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ഉറക്കം ആരോഗ്യത്തിന്റെ അപ്രതീക്ഷിത വശങ്ങളെ സ്വാധീനിക്കുന്നുവെന്ന് ഉറപ്പായും പറഞ്ഞു തരുന്നു. രാത്രിയിലെ ഉറക്കത്തിന്റെ പ്രാധാന്യം കുറച്ചുകാണരുതെന്ന് ഈ ഗവേഷണഫലങ്ങള്‍ തറപ്പിച്ചു പറയുന്നു.

Comments

comments

Categories: Health