സ്റ്റേറ്ററിലെ 75% ഓഹരികളുടെ ഏറ്റെടുക്കല്‍ ഇന്‍ഫോസിസ് പൂര്‍ത്തിയാക്കി

സ്റ്റേറ്ററിലെ 75% ഓഹരികളുടെ ഏറ്റെടുക്കല്‍ ഇന്‍ഫോസിസ് പൂര്‍ത്തിയാക്കി

1997ല്‍ സ്ഥാപിതമായ സ്റ്റേറ്റര്‍ ബെനലക്‌സ് മേഖലയിലെ മുന്‍നിര പണയ വായ്പാ ദാതാവാണ്

ബെംഗളൂരു: എബിഎം എഎംആഒ ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഉപ കമ്പനി സ്റ്റേറ്ററില്‍ 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കിയെന്ന് പ്രമുഖ ഐടി സര്‍വീസസ് കമ്പനിയായ ഇന്‍ഫോസിസ് അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് 127.5 മില്യണ്‍ യൂറോയ്ക്ക് ( 989 കോടി രൂപയ്ക്ക്) സ്‌റ്റേറിലെ 75 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എബിഎം എഎംആഒ ബാക്കി 25 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നത് തുടരും.

ഈ പങ്കാളിത്തം ടെക്‌നോളജി കമ്പനി എന്ന നിലയിലും ബിസിനസ് പ്രോസസ് മാനേജ്‌മെന്റ് കമ്പനി എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനത്തെ ഉയര്‍ത്തുമെന്ന് ഇന്‍ഫോസിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സേവനങ്ങളിലും പ്രവര്‍ത്തനത്തിലും പുതിയ അനുഭവങ്ങള്‍ സ്വന്തമാക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സാധിക്കും. തങ്ങളുടെ ക്ലൈന്റ്‌സിനെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പുതിയ വഴികളിലേക്കുള്ള യാത്രയില്‍ സഹായിക്കാന്‍ ഈ ഇടപാട് സഹായിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പണയ സേവന വിപണിയില്‍ സ്റ്റേറ്ററിനുള്ള അനുഭവ സമ്പത്തും ജ്ഞാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ഡിജിറ്റില്‍ പരിവര്‍ത്തനം എന്നീ മേഖലകളില്‍ ഇന്‍ഫോസിസിനുള്ള ആഗോള സാന്നിധ്യവും വിപണിക്കായി വ്യത്യസ്ത സൊലൂഷനുകള്‍ അവതരിപ്പിക്കുന്നതിലേക്ക് നയിക്കും. 1997ല്‍ സ്ഥാപിതമായ സ്റ്റേറ്റര്‍ ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളിലെ പ്രമുഖ പണയ വായ്പാ സേവനദാതാവാണ്. ബെനലക്‌സ് എന്നറിയപ്പെടുന്ന മേഖലയിലെ വിപണി മേധാവിത്വമുള്ള കമ്പനി 1.7 മില്യണ്‍ പണയ, ഇന്‍ഷുറന്‍സ് വായ്പകളാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റലായിട്ടുള്ള സമാഹരണം, സര്‍വീസ് എന്നിവയിലൂടെ മികച്ച ഉപഭോക്തൃ അനുഭവം ഒരുക്കിയതിലൂടെയും സ്‌റ്റേറ്റര്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

റീട്ടെയ്ല്‍, കോര്‍പ്പറേറ്റ്, സ്വകാര്യ ബാങ്കിംഗ് ക്ലൈന്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡച്ച് ആസ്ഥാനമായ ഒരു ബാങ്കാണ് എബിഎം എഎംആഒ. 19,000 പേരാണ് ആഗോള തലത്തില്‍ ഈ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ബിസിനസ് മേഖലകളിലേക്ക് തങ്ങളുടെ ബിസിനസിനെ വിപുലീകരിക്കുന്നതിനും ഉല്‍പ്പന്ന ശ്രേണി വൈവിധ്യപൂര്‍ണമാക്കുന്നതിനുമുള്ള സജീവ ശ്രമങ്ങളാണ് ഇന്‍ഫോസിസ് നിലവില്‍ സ്വീകരിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Infosys