ഹ്യുണ്ടായ് കോന ഇലക്ട്രിക് ജൂലൈ ഒമ്പതിന് എത്തും

ഹ്യുണ്ടായ് കോന ഇലക്ട്രിക് ജൂലൈ ഒമ്പതിന് എത്തും

വില പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ ചെന്നൈ പ്ലാന്റിലാണ് ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : വെന്യൂ സബ്‌കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയതിനുപിന്നാലെ ഇന്ത്യയില്‍ അടുത്ത ലോഞ്ചിന് ഹ്യുണ്ടായ് ഒരുങ്ങുന്നു. എന്നാല്‍ ഇത്തവണ ഇലക്ട്രിക് വാഹനമാണ് ദക്ഷിണ കൊറിയന്‍ കമ്പനി ഇന്ത്യയിലെത്തിക്കുന്നത്. ഹ്യുണ്ടായ് കോന ഇലക്ട്രിക് ജൂലൈ ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ ചെന്നൈ പ്ലാന്റിലാണ് ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിക്കുന്നത്. വില പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനമാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക്. അതിവേഗ ചാര്‍ജിംഗ് വഴി മുപ്പത് മിനിറ്റിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാം.

ആഗോളതലത്തില്‍ രണ്ട് വേരിയന്റുകളിലാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക് ലഭിക്കുന്നത്. 100 കിലോവാട്ട് മോട്ടോര്‍, 150 കിലോവാട്ട് മോട്ടോര്‍ എന്നിവയാണ് രണ്ട് വേരിയന്റുകള്‍. 100 കിലോവാട്ട് മോട്ടോര്‍ 134 ബിഎച്ച്പി കരുത്തും 150 കിലോവാട്ട് മോട്ടോര്‍ 201 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രോണിക് ട്രാന്‍സ്മിഷനാണ് രണ്ട് മോട്ടോറുകളുടെയും കൂട്ട്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോടെ 8.0 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍ തുടങ്ങിയവ സവിശേഷതകളാണ്.

ഇന്ത്യയില്‍ പുതുതായി 7,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഹ്യുണ്ടായ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോന ഇലക്ട്രിക് നിര്‍മ്മിക്കുന്നതിന് അസംബ്ലി ലൈന്‍ സ്ഥാപിക്കുന്നതിനാണ് ഇതിലൊരു ഭാഗം ചെലവഴിക്കുന്നത്. ബാക്കി തുക മറ്റ് കാര്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും യന്ത്രസാമഗ്രികള്‍ക്കും വിനിയോഗിക്കും. പുതിയ നിക്ഷേപം ഇന്ത്യയില്‍ 1500 തൊഴിലവസരങ്ങളും സൃഷ്ടിക്കും.

Comments

comments

Categories: Auto