പ്രമേഹ പ്രതിരോധത്തിന് ഉപവാസം

പ്രമേഹ പ്രതിരോധത്തിന് ഉപവാസം

പൊണ്ണത്തടിയുള്ളവരില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ ഉപവാസത്തിനു കഴിയുമെന്നു പഠനം

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക വിശ്വാസികള്‍ റമദാന്‍ നോമ്പ് എടുക്കുകയാണ്. ഒരു മാസം കഠിനമായ പകല്‍ഉപവാസത്തിലൂടെ ശരീരവും മനസും ശുദ്ധീകരിക്കുകയെന്ന അര്‍പ്പണമനോഭാവത്തിലേക്ക് അവര്‍ മനസിനെ പരുവപ്പെടുത്തുകയാണ്. ശരീരത്തിന്റെ ആന്തരികനൈര്‍മല്യത്തിന് ആയുര്‍വ്വേദം നിര്‍ദേശിക്കുന്ന പ്രധാന ഉപാധിയാണ് ഉപവാസശീലം. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിക്കുന്നത് ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കു ഗുണകരമാണെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു. പൊണ്ണത്തടി കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുമെതിരേ ഉപവാസം മികച്ച ഒരു ഉപാധിയായി തെളിഞ്ഞിട്ടുണ്ട്. ചില തരം മാംസ്യങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പ്രമേഹം, കരള്‍ രോഗം എന്നിവയ്‌ക്കെതിരേ സംരക്ഷണകവചമായും ഉപവാസത്തെ കണക്കാക്കാം.

അടുത്ത കാലത്തായി ഉപവാസത്തിലേക്ക് ഒട്ടേറെ ആരോഗ്യകാംക്ഷികള്‍ ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. മതപരമായ ആചാരമെന്നതിലുപരി ശരീരഭാരം കുറയ്ക്കാനും ഉപാപചയ ശക്തി വളര്‍ത്തിയെടുക്കാനും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഉപവാസം തെരഞ്ഞെടുത്തിരിക്കുന്നു. ഭക്ഷണം കുറയ്ക്കുന്നതിലൂടെ പ്രായത്തെ ചെറുക്കാനാകുമെന്ന കാര്യവും ആളുകള്‍ പരിഗണിക്കുന്നു. ഉപവാസം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജൈവഘടികാരം ശക്തിപ്പെടുത്താനും അങ്ങനെ, മൊത്തത്തിലുള്ള ആരോഗ്യം ഉയര്‍ത്താനും സഹായിക്കുന്നു. റമദാന്‍ നോമ്പ് ഏതെല്ലാം വിധത്തില്‍ ആരോഗ്യത്തെയും മനുഷ്യശരീരത്തെയും ഗുണപ്പെടുത്തുന്നുവെന്നതിനെപ്പറ്റി ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഐഷ ലൈല മിന്‍ഡിക്കൊഗ്ലുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

30 ദിന റമദാന്‍ നോമ്പ് ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആധിക്യം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നുവെന്നാണ് മനസിലാക്കാനായത്. ചില തരം പ്രോട്ടീനുകളുടെ ഉല്‍പ്പാദനമാണ് ഇതിനു കാരണമെന്നും അവര്‍ കണ്ടെത്തി. കൃത്യസമയത്തു ഭക്ഷണം കഴിക്കുന്നതും ആഹാരസമയത്തിനിടയിലെ ഇടവേളകള്‍ പാലിക്കുന്നതുമാണ് പ്രധാനം. റമദാന്‍ നോമ്പ് അനുഷ്ഠിക്കുന്ന 14 പേരിലാണ് പഠനം നടത്തിയത്. പകല്‍ ഏകദേശം 15 മണിക്കൂര്‍ വരെ ഉപവസിക്കുന്ന ഇവരില്‍ രക്തപരിശോധനകള്‍ നടത്തി. ഉപവാസം ആരംഭിക്കുന്നതിനു മുമ്പ്, ഗവേഷകര്‍ ഇവരുടെ രക്തസാംപിളുകള്‍ എടുത്തു. നോമ്പ് തുടങ്ങി നാല് ആഴ്ച കഴിഞ്ഞും നോമ്പിനു ശേഷമുള്ള ഒരാഴ്ച കഴിഞ്ഞും ഇവരുടെ രക്തം പരിശോധിച്ചു.

ട്രോപ്പോമയോസിന്‍ 1, 3, 4 എന്നീ മാംസ്യങ്ങള്‍ കൂടുതലായി രക്ത സാംപിളുകളില്‍ കാണാനായി. പേശികളുടെയും ഹൃദയത്തിന്റെയും വികാസസങ്കോചങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നവയാണ് ഇവ. ഇന്‍സുലിന്‍ പ്രതിരോധത്തെ നിയന്ത്രിക്കുന്ന കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും ട്രോപ്പോമയോസിന്‍ പങ്കുവഹിക്കുന്നു. ഇന്‍സുലിനോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ മാംസ്യങ്ങള്‍ പ്രത്യേക പങ്ക് വഹിക്കുന്നു. മെച്ചപ്പെട്ട ഇന്‍സുലിന്‍ സംവേദനക്ഷമതയെന്നു വെച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ മെച്ചപ്പെട്ട നിയന്ത്രണം എന്നാണര്‍ത്ഥം. ഉപവാസം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഈ മാംസ്യങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നുവെന്നു കണ്ടെത്തി.

ഭക്ഷണം കഴിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും എങ്ങനെയാണ് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതുമെന്ന് പഠനം വിശദീകരിക്കുന്നു. അതുകൊണ്ട്, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് അസുഖങ്ങളോടു പൊരുതുന്നവര്‍ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ് ഭക്ഷണസമയവും ഇടവേളകളും. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 650 ദശലക്ഷത്തിലധികം ആളുകള്‍ അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളനുഭവിക്കുന്നുണ്ട്. ഫാറ്റി ലിവര്‍ പോലുള്ള ഉപാപചയപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും സുസ്ഥിര ആരോഗ്യസംരക്ഷണത്തിനും ഉപവാസവും ഭക്ഷണനിയന്ത്രണവും കൊണ്ടു സാധിക്കുമെന്ന് പഠനം പറയുന്നു.

Comments

comments

Categories: Health