അസാന്‍ജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

അസാന്‍ജിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

2010-11 കാലയളവില്‍ അമേരിക്കന്‍ സൈനിക, നയതന്ത്ര വിവരങ്ങള്‍ വിക്കിലീക്ക്‌സിലൂടെ പുറത്തുവിട്ടാണ് അസാന്‍ജ് ജനശ്രദ്ധ നേടിയത്. ഈ സംഭവം യുഎസിന്റെ ദേശീയ സുരക്ഷയ്ക്കു ദോഷം വരുത്തിയെന്നാരോപിച്ച് അസാന്‍ജിനെതിരേ യുഎസ് കഴിഞ്ഞ ദിവസം 17 കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇതിലൊന്നു ചാരവൃത്തിയുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചതിന്റെ പേരിലുള്ളതാണ്. തനിക്ക് ലഭിച്ച വിവരങ്ങള്‍ വിക്കിലീക്ക്‌സിലൂടെ പ്രസിദ്ധീകരിക്കുക മാത്രമാണു ചെയ്തതെന്നും ഒരു മാധ്യമ പ്രവര്‍ത്തകന്റെ ജോലിയാണു ചെയ്തതെന്നും അസാന്‍ജ് വാദിച്ചെങ്കിലും അത് നിരാകരിക്കുകയായിരുന്നു.

ജൂലിയന്‍ അസാന്‍ജിനെ കാത്തിരിക്കുന്നത് ദീര്‍ഘകാല തടവുശിക്ഷയെന്ന് റിപ്പോര്‍ട്ട്. ഒരുപക്ഷേ 175 വര്‍ഷം വരെ യുഎസിലെ തടവറയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രഹസ്യ സ്വഭാവമുള്ള സൈനിക, നയതന്ത്ര വിവരങ്ങള്‍ വിക്കിലീക്ക്‌സില്‍ പ്രസിദ്ധീകരിച്ചതിലൂടെ ദ എസ്പിയോനേജ് ആക്റ്റ് 1917 (ചാരവൃത്തി നിയമം) ലംഘിച്ചെന്നാണ് അസാന്‍ജിനെതിരേ അമേരിക്ക ആരോപിക്കുന്ന കുറ്റം. അസാന്‍ജിനു മേല്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണു കുറ്റം ചുമത്തിയിരിക്കുന്നത്. മേയ് 23 വ്യാഴാഴ്ച 17 കുറ്റങ്ങള്‍ ചുമത്തിയതോടെ, അസാന്‍ജിനു മേല്‍ യുഎസ് ചുമത്തിയ കുറ്റങ്ങള്‍ ആകെ 18 എണ്ണമായി. ഇറാഖിലെ യുഎസ് ആര്‍മി യൂണിറ്റില്‍ ഇന്റലിജന്‍സ് അനലിസ്റ്റായിരുന്ന ചെല്‍സിയ മാനിംഗ് നല്‍കിയ രേഖകള്‍ പ്രസിദ്ധീകരിക്കുക മാത്രമാണു താന്‍ ചെയ്തിരിക്കുന്നതെന്നും ഒരു ജേണലിസ്റ്റിന്റെ ജോലി മാത്രമാണ് താന്‍ നിര്‍വഹിച്ചതെന്നുമുള്ള അസാന്‍ജിന്റെ വാദത്തെ നിരാകരിച്ചു കൊണ്ടാണു കുറ്റം ചുമത്തിയിരിക്കുന്നത്.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടന്ന യുദ്ധങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് രഹസ്യ വിവരങ്ങള്‍ വിക്കിലീക്ക്‌സിലൂടെ പ്രസിദ്ധീകരിച്ചതിനാണ് അസാന്‍ജിനെതിരേ പുതിയ 17 കേസുകള്‍ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് മേയ് 23നു ഫയല്‍ ചെയ്തത്. 2010-ലാണ് രഹസ്യസ്വഭാവമുള്ള യുഎസ് സൈനിക, നയതന്ത്ര രേഖകള്‍ വിക്കിലീക്ക്‌സില്‍ അസാന്‍ജ് പ്രസിദ്ധീകരിച്ചത്. ഇതിലൂടെ അസാന്‍ജ് എസ്പിയോനേജ് ആക്റ്റ് ലംഘിച്ചെന്നാണു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍, സൈനിക, നയതന്ത്ര രഹസ്യ വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ളവരെ അഥവാ രഹസ്യ വിവരങ്ങളുമായി അടുത്ത ബന്ധമുള്ള സ്രോതസിനെ അസാന്‍ജ് നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഇറാഖില്‍ യുഎസ് ആര്‍മി യൂണിറ്റിലെ ഇന്റലിജന്‍സ് അനലിസ്റ്റായിരുന്ന ചെല്‍സിയ മാനിംഗിനെ ഇപ്രകാരം അസാന്‍ജ് പ്രേരിപ്പിക്കുകയും നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മാനിംഗ് ഈ വിവരങ്ങള്‍ മോഷ്ടിച്ചതിനു ശേഷമായിരുന്നു അസാന്‍ജിനു കൈമാറിയിരുന്നതെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ഈ സംഭവത്തില്‍ മാനിംഗിനെ 2010 മേയ് മാസം യുഎസ് സൈനികാധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. വിചാരണയ്ക്കു ശേഷം 2013-ല്‍ 35 വര്‍ഷത്തേയ്ക്കു ശിക്ഷ വിധിച്ചു. എന്നാല്‍ യുഎസ് പ്രസിഡന്റായിരുന്ന ഒബാമ, മാനിംഗിന്റെ ശിക്ഷാ കാലാവധി ഏഴ് വര്‍ഷമായി ചുരുക്കി നല്‍കുകയും ചെയ്തു.

‘ അസാന്‍ജിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങളുടെ എതിരാളികള്‍ക്ക് പ്രയോജനമുണ്ടാകാന്‍ സഹായിച്ചു. അതിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കാണു ഗുരുതരമായ വെല്ലുവിളി നേരിടേണ്ടി വന്നതെന്ന് ‘ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു. 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നയതന്ത്ര പരിരക്ഷയില്‍ കഴിഞ്ഞിരുന്ന അസാന്‍ജിനെ കഴിഞ്ഞ മാസമായിരുന്നു ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയതായി 17 കുറ്റങ്ങള്‍ കൂടി ചുമത്തിയതോടെ, ഇപ്പോള്‍ യുകെയില്‍ ബെല്‍മാര്‍ഷ് തടവില്‍ കഴിയുന്ന അസാന്‍ജിനെ യുഎസിലേക്കു കൈമാറാനും സാധ്യതയേറിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭാവിയില്‍ ഭീഷണിയാകും

സര്‍ക്കാരുകള്‍ രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്‍ പൊതുജനത്തിനു മുന്നിലെത്തിക്കണമെന്ന തുറന്ന സമീപനമാണു വേണ്ടതെന്നു പറഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണു ജൂലിയന്‍ അസാന്‍ജ് ഒരു പതിറ്റാണ്ട് മുമ്പ് ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ഇപ്പോള്‍ അസാന്‍ജിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റത്തിലൂടെ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ലേഖനങ്ങളും റിപ്പോര്‍ട്ടുകളും എഴുതുന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നിര്‍ണായക നടപടികള്‍ കൈക്കൊള്ളാന്‍ പ്രാപ്തമാക്കുന്ന ഒരു കേസായി മാറാനുള്ള സാധ്യതയും സംജാതമായിരിക്കുകയാണ്. യുഎസില്‍, പ്രതിരോധ വിവരം ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് അനുശാസിക്കുന്ന നിയമമാണ് എസ്പിയോനേജ് ആക്റ്റ് 1917. അമേരിക്കയുടെ ഭരണഘടനയുടെ ആദ്യ ഭേദഗതിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകനെ നിലയില്‍ താന്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുകയാണു ചെയ്തതെന്ന് അസാന്‍ജ് വാദിക്കുന്നു. എന്നാല്‍ അസാന്‍ജ് ഒരു ജേണലിസ്റ്റല്ലെന്നു ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഈ നിയമം ഇപ്പോള്‍ അസാന്‍ജിനെതിരേ യുഎസ് ചുമത്തിയിരിക്കുന്നത്. ചെല്‍സി മാനിംഗ് എന്ന യുഎസ് ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റുമായി ചേര്‍ന്ന് അസാന്‍ജ് ഗൂഢാലോചന നടത്തി ആയിരക്കണക്കിനു വരുന്ന സൈനിക, നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തി. ഇവ പിന്നീട് വിക്കിലീക്ക്‌സില്‍ പ്രസിദ്ധീകരിച്ചു. ഇത്, യുഎസിനു ദോഷം വരുത്താന്‍ വേണ്ടി മനപൂര്‍വ്വം ചെയ്തതാണെന്നു ന്യായമായും വിശ്വസിക്കാവുന്ന തെളിവാണെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

ദ എസ്പിയോനേജ് ആക്റ്റ് 1917

1917-ജൂണിലാണ് ചാരവൃത്തി നിയമം യുഎസില്‍ പാസാക്കിയത്. ഈ നിയമപ്രകാരം, ശത്രുവിന്റെ വിജയത്തിനു സഹായകരമാകും വിധം പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇപ്പോള്‍ അസാന്‍ജിനു മേല്‍ ചുമത്തിയിരിക്കുന്നത് ഈ നിയമമാണ്. ഈ നിയമപ്രകാരം, അസാന്‍ജ് കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ പതിറ്റാണ്ടുകളോളം കാലം അസാന്‍ജിനു തടവില്‍ കഴിയേണ്ടതായി വരും. ഇപ്പോള്‍ അസാന്‍ജിനെതിരേ ആകെ 18 കേസുകളാണു ചുമത്തിയിരിക്കുന്നത്. ഇവ ഓരോന്നും അഞ്ച് മുതല്‍ 10 വരെ വര്‍ഷക്കാലം തടവ് ശിക്ഷ ഉറപ്പാക്കുന്നതാണ്. ഈ കേസുകളിലെല്ലാം കൂടിയുള്ള ശിക്ഷാ കാലാവധി ഏകദേശം 175 വര്‍ഷക്കാലം വരെ വരുമെന്നും പറയപ്പെടുന്നു.

അസാന്‍ജിനെ വിട്ടുനല്‍കണമെന്ന് യുഎസും സ്വീഡനും

രാഷ്ട്രീയ അഭയം തേടി ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ 2012-ലെത്തിയ അസാന്‍ജ് കഴിഞ്ഞമാസം വരെ അവിടെ കഴിയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം രാഷ്ട്രീയ അഭയം നല്‍കുന്നത് ഇക്വഡോര്‍ പിന്‍വലിച്ചതോടെയാണ് അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. 47-കാരനായ ഓസ്‌ട്രേലിയന്‍ വംശജന്‍ ജൂലിയന്‍ അസാന്‍ജ് ഇപ്പോള്‍ യുകെയില്‍ ബെല്‍മാര്‍ഷ് തടവറയില്‍ ശിക്ഷയനുഭവിക്കുകയാണ്. 50 ആഴ്ചയാണ് അസാന്‍ജിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 2012 ജൂണ്‍ 29ന് അസാന്‍ജിനെതിരേ യുകെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ യുകെയില്‍ തടവ് ശിക്ഷ അനുഭവിക്കുന്നത്. അസാന്‍ജിനെ വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ചു യുഎസും, സ്വീഡനും യുകെയെ സമീപിച്ചിട്ടുണ്ട്. സ്വീഡനില്‍ അസാന്‍ജിനെതിരേ പീഢന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് അസാന്‍ജിനെ വിട്ടുനല്‍കണമെന്ന് അഭ്യര്‍ഥിച്ച് സ്വീഡന്‍ രംഗത്തെത്തിയിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് വിക്കിലീക്ക്‌സ്

ഇപ്പോള്‍ അസാന്‍ജിനെതിരേ എസ്പിയോനേജ് ആക്റ്റ് ചുമത്തിയ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു വിക്കിലീക്ക്‌സ് പറഞ്ഞു. യുഎസ് ഭരണഘടനയിലെ ഒന്നാം ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ എസ്പിയോനേജ് ആക്റ്റ് ചുമത്തിയതിലൂടെ മാധ്യമ സ്വാതന്ത്ര്യം കൂടിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്നു വിക്കിലീക്ക്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രിസ്റ്റിന്‍ ഹ്രാഫെന്‍സന്‍ പറഞ്ഞു. എസ്പിയോനേജ് ആക്റ്റിന്റെ പേരില്‍ അസാന്‍ജിനെ ശിക്ഷിച്ചാല്‍ അത് ഭാവിയില്‍ അന്വേഷണാത്മത മാധ്യമ പ്രവര്‍ത്തനത്തിനും ഭീഷണിയാകുമെന്നത് ഉറപ്പാണ്.

Categories: Top Stories