2018-19ല്‍ ഒഎന്‍ജിസി വിദേശിന്റെ അറ്റാദായത്തില്‍ 71% വര്‍ധന

2018-19ല്‍ ഒഎന്‍ജിസി വിദേശിന്റെ അറ്റാദായത്തില്‍ 71% വര്‍ധന

വിവിധ ആസ്തികളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ 8 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമായ ഒന്‍ജിസി വിദേശ് ( ഒവിസി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രകടന റിപ്പോര്‍ട്ട് പുറത്തുവിട്ടു. അറ്റാദായത്തില്‍ 71.4 ശതമാനം വര്‍ധനയാണ് 2018-19ല്‍ ഒവിസി കരസ്ഥമാക്കിയിരിക്കുന്നത്. കമ്പനിയുടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ വര്‍ധനയാണ് അറ്റാദായത്തില്‍ പ്രതിഫലിച്ചിട്ടുള്ളത്. 1,682 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍ സാമ്പത്തിക വര്‍ഷം 981 കോടി രൂപയായിരുന്നു ഇത്.

ഒഎന്‍ജിസിയുടെ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത വിദേശ വിഭാഗമായതിനാല്‍ ഒരോ പാദത്തിലെയും ഫലങ്ങള്‍ കമ്പനിക്ക് പുറത്തുവിടേണ്ടതില്ല. 40.5 ശതമാനം വര്‍ധനയോടെ വരുമാനം 14,632 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഒവിസിക്കുള്ള വിവിധ ആസ്തികളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ 8 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2017-18ല്‍ 9.35 മില്യണ്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനമായിരുന്നു രേഖപ്പെടുത്തിയത് എങ്കില്‍ അത് 2018-19ല്‍ 10.1 മില്യണിലേക്ക് വളര്‍ന്നു. എന്നാല്‍ പ്രകൃതി വാതകത്തിന്റെ ഉല്‍പ്പാദനം 1.6 ശതമാനം ഇടിഞ്ഞ് 4.73 ബില്യണ്‍ ക്യുബിക് മീറ്ററില്‍ എത്തി.

ബ്രസീല്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ 20 രാജ്യങ്ങളിലെ 41 എണ്ണ-വാതക ആസ്തികളില്‍ ഒവിസിക്ക് പങ്കാളിത്തമുണ്ട്. ദക്ഷിണ സുഡാനില്‍ ഗ്രേറ്റര്‍ പയനീര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ബ്ലോക്കില്‍ ഉല്‍പ്പാദനം പുനരാരംഭിച്ചിട്ടുണ്ട്. ഒവിസി നിക്ഷേപം നടത്തിയിട്ടുള്ള ഈ പദ്ധതിയില്‍ നിന്നുള്ള ഉല്‍പ്പാദനം 2013ല്‍ നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പ്രതിദിനം 35,000 ബാരലാണ് ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. 2017ല്‍ എണ്ണ ശേഖരം കണ്ടെത്തിയ കൊളംബോ ബ്ലോക്കില്‍ നിന്ന് ഇപ്പോള്‍ പ്രതിദിനം 80െ00 ബാരല്‍ ഉല്‍പ്പാദനം നടക്കുന്നുണ്ടെന്നും ഒവിസി പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊസാംബിക്കിലെ വന്‍കിട കമ്പനിയായ റൊവുമയുമായി ചേര്‍ന്നുള്ള പദ്ധതിയില്‍ നിന്ന് ആഗോള തലത്തിലെ ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കുമായി 11 മില്യണ്‍ ടണ്‍ എല്‍എന്‍ജി വില്‍പ്പനയാണ് സാധ്യമായത്. യുഎഇയിലെ ലോവര്‍ സാകും കണ്‍സെഷനില്‍ നിന്നുള്ള ആദ്യ വിഹിതമായി മംഗളൂരുവിലെ ഗ്രൂപ്പ് റിഫൈനറിയിലേക്ക് ആദ്യമായി ചരക്കെത്തിയതും കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. ഒവിഎലിന്റെ വിദേശ ആസ്തികളില്‍ മൊത്തമായി 675 മില്യണ്‍ ടണ്‍ എണ്ണയുണ്ടെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Business & Economy
Tags: ONGC, ONGC Videsh