‘നിക്ഷേപ സൗഹൃദം യുഎഇയുടെ സ്ഥിര താമസ പദ്ധതി’

‘നിക്ഷേപ സൗഹൃദം യുഎഇയുടെ സ്ഥിര താമസ പദ്ധതി’

ദുബായ് ഭരണാധികാരി പ്രഖ്യാപിച്ച സ്ഥിര താമസ പദ്ധതി യുഎഇയിലെ ബിസിനസ് പ്രമാണിമാര്‍ വിലയിരുത്തുന്നു

രാജ്യത്ത് ആജീവനാന്തകാല താമസത്തിന് അനുവദിക്കുന്ന സ്ഥിരതാമസ പദ്ധതി യുഎഇയില്‍ നിലവില്‍ വരികയാണ്. ഗോള്‍ഡന്‍ കാര്‍ഡെന്ന പേരില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഈ പദ്ധതിയില്‍ യുഎഇയിലെ ബിസിനസുകാര്‍ക്കും സംരംഭകര്‍ക്കും ഏറെ പ്രതീക്ഷയാണ് ഉള്ളത്.

ഹൈടെക് കമ്പനികളെയും ഫിന്‍ടെക് കമ്പനികളെയും ഗവേഷണ, വികസന സ്റ്റാര്‍ട്ടപ്പുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് സ്ഥിരതാമസ വിസ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 6,800 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുക. വരുംകാലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പദ്ധതി നേട്ടമാകും.

യുഎഇയില്‍ സ്ഥിരതാമസമാക്കാമെന്ന നേട്ടത്തോടൊപ്പം മാന്ദ്യം നേരിടുന്ന റിയല്‍ എസ്റ്റേറ്റ് വിപണി അടക്കമുള്ള മേഖലകള്‍ക്ക് ഈ പ്രഖ്യാപനം പുത്തനുണര്‍വ്വേകുമെന്ന പ്രതീക്ഷയും രാജ്യത്തെ ബിസിനസ് വ്യക്തിത്വങ്ങള്‍ പങ്കുവെക്കുന്നു. സ്ഥിരതാമസ പദ്ധതിയെ കുറിച്ചുള്ള യുഎഇയിലെ പ്രമുഖ ബിസിനസുകാരുടെ പ്രതികരണങ്ങള്‍

ബി ആര്‍ ഷെട്ടി, എന്‍എംസി ഹെല്‍ത്ത്‌കെയര്‍ ഫിനെബ്ലര്‍ സ്ഥാപകന്‍

സ്ഥിരതാമസ പദ്ധതി റമദാന്‍ കാലത്തെ അനുഗ്രഹമാണ്. യുഎഇയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് ഉദാരമായ സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള സുവര്‍ണ്ണ സമ്മാനമാണത്. എന്നെ വളര്‍ത്തി വലുതാക്കിയ രാജ്യമാണ് യുഎഇ. സ്വദേശിയെ പോലെ പരിഗണിച്ചതു കൊണ്ടാണ് എനിക്കിവിടെ ബിസിനസ് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചത്. യുഎഇയുടെ ഉദാരമനസ്‌കതയുടെ ഗുണഭോക്താക്കളില്‍ ഒരാളാണ് ഞാന്‍. കടം വാങ്ങിച്ച പണം കൊണ്ട് യുഎഇയില്‍ എത്തിയ എനിക്ക് ഇപ്പോള്‍ ലണ്ടന്‍ ഓഹരി വിഹണിയില്‍ വ്യാപാരം നടത്തുന്ന രണ്ട് കമ്പനികള്‍ സ്വന്തമായി ഉണ്ട്. രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ സ്ഥിരതാമസ പദ്ധതി നിക്ഷേപകര്‍ക്ക് ഊര്‍ജം നല്‍കുമെന്നും ഷെട്ടി പറഞ്ഞു.

1973ല്‍ ഇന്ത്യയില്‍ നിന്നും സെയില്‍സ്മാനായി യുഎഇയിലെത്തിയ ബി ആര്‍ ഷെട്ടി ഇപ്പോള്‍ എന്‍എംസി ഹെല്‍ത്ത്‌കെയര്‍, ഫിനെബ്ലര്‍ ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപനാണ്.

ഒസാമ അല്‍ റഹ്മ , അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ചീഫ് എക്‌സിക്യുട്ടീവ്

മികച്ച ഭാവി പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ എന്നും യുഎഇ ആകര്‍ഷിച്ചിട്ടുണ്ട്. അതിനാല്‍ പ്രവാസി സമൂഹത്തിന് സ്ഥിരതാമസ വിസ പദ്ധതി വളരെ പ്രോത്സാഹജനകമാണ്. രാജ്യത്തെ ഭരണസംവിധാനത്തിലും അഭിവൃദ്ധിയിലേക്ക് നീങ്ങുന്ന സമ്പദ് വ്യവസ്ഥയിലും പ്രവാസികളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന് പുതിയ പദ്ധതി സഹായകരമാകും.

ഈ പ്രഖ്യാപനം യുഎഇയിലെ നിക്ഷേപകര്‍ക്ക് ശുഭവാര്‍ത്തയാണ്.പ്രത്യേകിച്ച് ദീര്‍ഘകാലമായി യുഎഇയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക്. അവരുടെ ഭാവി കൂടുതല്‍ സുരക്ഷിതവും ഭദ്രവും സ്ഥിരതയുള്ളതുമാക്കി നിലനിര്‍ത്താന്‍ സ്ഥിരതാമസ പദ്ധതിയിലൂടെ സാധിക്കും. മാത്രമല്ല നിക്ഷേപകര്‍ക്ക് അവരുടെ ബിസിനസുകള്‍ക്ക് വേണ്ടി ദീര്‍ഘകാല തന്ത്രങ്ങള്‍ മെനയാനും നിലവിലെ ബിസിനസുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും അങ്ങനെ മൂലധനം യുഎഇയില്‍ തന്നെ നിലനിര്‍ത്താനും പദ്ധതി ഗുണകരമാകും.

പദ്ധതിയുടെ ഗുണഫലം രാജ്യത്തൊന്നാകെ അനുഭവവേദ്യമാകും. സുസ്ഥിര സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കരുത്തേകുന്ന പ്രഖ്യാപനമാണിത്. പദ്ധതി വഴി വിദേശ നിക്ഷേപകരുടെ മൂലധനം രാജ്യത്ത് നിലനില്‍ക്കുകയും അത് യുഎഇ സമ്പദ് വ്യവസ്ഥ ദൃഢമാക്കാന്‍ സഹായകമാകുകയും ചെയ്യും.

സ്ഥിര താമസ പദ്ധതി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കും, പ്രത്യേകിച്ച് പ്രവാസികളുടെ. ഇതോടെ റീറ്റെയ്ല്‍, മെഡിക്കല്‍, മറ്റ് വ്യവസായ മേഖലകളില്‍ ആളുകള്‍ കൂടുതല്‍ പണം ചിലവഴിക്കുകയും അങ്ങനെ വൈവിധ്യവും ആരോഗ്യവും സ്ഥിരതയുള്ളതുമായ സമ്പദ് വ്യവസ്ഥ യുഎഇയില്‍ യാഥാര്‍ത്ഥ്യമാകുകയും ചെയ്യും.

അതീഫ് റഹ്മാന്‍ , ദനൂബെ പ്രോപ്പര്‍ട്ടീസ് ഡയറക്റ്റര്‍

രാജ്യത്തിന്റെ സാമ്പത്തിക പ്രതിച്ഛായ തന്നെ മാറ്റുന്ന ഈ പ്രഖ്യാപനം യുഎഇ സമ്പദ് വ്യവസ്ഥയില്‍ പുതിയ നാഴികക്കല്ലാകും. റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റ് മേഖലകളിലും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ പദ്ധതി കാരണമാകും.

ദീര്‍ഘദര്‍ശനമുള്ള നേതൃത്വം കൊണ്ട് അനുഗ്രഹീതമാണ് യുഎഇ. എല്ലാവര്‍ക്കും ഗുണകരമാകുന്ന സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ എപ്പോഴും താല്‍പര്യം കാണിച്ചിട്ടുണ്ട്. പുതിയ പ്രഖ്യാപനം വളരെ സന്തോഷം നല്‍കുന്നതാണ്. ഇതൊരു പുതിയ തുടക്കമാണ്, യുഎഇയില്‍ കൂടുതല്‍ വളരുന്നതിന് ഈ തീരുമാനം ഞങ്ങളെ സഹായിക്കും.

ലൂയിസ് അല്‍സോപ്പ്,അല്‍സോപ്പ് ആന്‍ഡ് അല്‍സോപ്പ് ചീഫ് എക്‌സിക്യുട്ടീവ്

അഞ്ച്് വര്‍ഷ റിട്ടയര്‍മെന്റ് വിസ, പത്ത് വര്‍ഷ ദീര്‍ഘകാല വിസ പദ്ധതികളിലൂടെ പ്രോപ്പര്‍ട്ടി വിപണിക്ക് ഗുണകരമാകുന്ന നിരവധി പദ്ധതികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ യുഎഇ നിരന്തരമായി നടപ്പിലാക്കുന്നുണ്ട്. ഗോള്‍ഡന്‍ കാര്‍ഡ് യുഎഇയുടെ സ്ഥിരത ഒന്നുകൂടി ദൃഢമാക്കുകയും കൂടുതല്‍ പ്രതിഭാധനരായ പ്രഫഷണലുകള്‍ രാജ്യത്തേക്ക് കടന്നുവരികയും ചെയ്യും. ഈ ചുവടുവെപ്പ് പ്രോപ്പര്‍ട്ടി വിപണിക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കും.

ദുബായിലേക്ക് വരുമ്പോള്‍ മിക്ക പ്രവാസികള്‍ക്കും പണമുണ്ടാക്കാന്‍ പല പദ്ധതികളും മനസിലുണ്ടാകും. പക്ഷേ സ്വദേശത്തേക്ക് തിരിച്ച് പോകുന്നത് വരെ മാത്രം മാത്രം ആയുസുള്ള ഹ്രസ്വകാല പദ്ധതികളും ലക്ഷ്യങ്ങളും ആയിരുന്നു ഇന്നലെ വരെ അവ. എന്നാല്‍ സ്ഥിരതാമസം അനുവദിക്കാനുള്ള യുഎഇ തീരുമാനം ദുബായിയെ മാതൃരാജ്യമായി കണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പ്രവാസി നിക്ഷേപകര്‍ക്ക് അവസരം നല്‍കും.

സര്‍ദാര്‍ സുരേന്ദര്‍ കന്ധാരി, അല്‍ ദോബോവി ഗ്രൂപ്പ് ചെയര്‍മാന്‍, വ്യവസായ പ്രമുഖന്‍

രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനമാണിത്. സമൂഹത്തോടുള്ള കോര്‍പ്പറേറ്റ് കടമകള്‍ നിര്‍വഹിക്കുന്നതിനുള്ള അവസരം കൂടിയാണിത്. ദീര്‍ഘകാലമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പദ്ധതി കൂടുതല്‍ നേട്ടമാകുക. പ്രവാസികളുടെ ബിസിനസുകള്‍ക്ക് സംരംക്ഷണമാണ് ഈ പദ്ധതിയേകുക. ഒരിടത്ത് സ്ഥിരമായി താമസിക്കാന്‍ കഴിയുമെന്ന് അറിയുമ്പോള്‍ മാത്രമേ അവിടെ നമ്മള്‍ കൂടുതലായി സാമൂഹിക ഇടപെടലുകള്‍ നടത്തുകയുള്ളു.

ഡോ. ഷംസീര്‍ വയലില്‍, ബുര്‍ജീല്‍ ഹോസ്പിറ്റല്‍സ് സ്ഥാപകന്‍

നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ശരിയായ ദിശയിലുള്ള ഒരു പ്രഖ്യാപനമാണിത്. ബിസിനസുകളുടെ കേന്ദ്രബിന്ദു ആയിരുന്നു എന്നും യുഎഇ. ഇവിടുത്തെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന് കരുത്തു പകരുന്ന തീരുമാനമാണിത്.

തങ്ങളെ പോലുള്ളവര്‍ക്ക് വലിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്ന തീരുമാനം കൂടിയാണിത്. കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ മാത്രമേ ഇത് ശരിയായ തീരുമാനമായിരുന്നെന്ന് ഉറപ്പാക്കാന്‍ കഴിയൂ.

യുഎഇയിലേക്ക് കൂടുതല്‍ പ്രതിഭാധനരായ ഉദ്യോഗസ്ഥരെ ആകര്‍ഷിക്കാന്‍ ആഗോളകമ്പനികള്‍ക്ക് ഈ പദ്ധതി നേട്ടമാകും. നമ്മള്‍ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു എന്ന തോന്നലാണ് ഈ പ്രഖ്യാപനത്തിലൂടെ കൈവരുന്നത്. ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെന്ന വസ്തുത അടിവരയിടുന്ന പ്രഖ്യാപനം കൂടിയാണിത്.

Comments

comments

Categories: Arabia