ആപ്പും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗുമായി കൊച്ചിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക

ആപ്പും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗുമായി കൊച്ചിയുടെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക

ഒരിക്കല്‍ അകറ്റി നിര്‍ത്തിയിരുന്ന സമൂഹത്തിന്റെ കയ്യില്‍ നിന്നും സാമൂഹിക ജീവിയായി തന്നെ ഇവിടെ ജീവിക്കുന്നതിനുള്ള അവകാശം പിടിച്ചു വാങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ഒരാളാണ് കൊച്ചിയില്‍ താമസമാക്കിയ തൃപ്തി ഷെട്ടി. ആണുടലില്‍ നിന്നും പെണ്ണുടലിലേക്കുള്ള രൂപമാറ്റം മകന്റെ അംഗീകരിക്കാനാവാതെ മാതാപിതാക്കള്‍ കിരണിനെ വീട്ടില്‍ നിന്നും പുറത്താക്കി. എന്നാല്‍ തന്റെ ഉള്ളിലെ സ്വത്വം മനസിലാക്കി മുന്നേറിയ കിരണ്‍, തൃപ്തി ഷെട്ടി എന്ന പേരില്‍ കൊച്ചി നഗരത്തില്‍ പുനര്‍ജനിക്കുകയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ ഒരു ഹോട്ടല്‍ ബില്‍ കൗണ്ടറില്‍ നിന്നും തുടങ്ങിയ ജീവിതത്തിനൊടുവില്‍ ഇന്ന് കേരളം അംഗീകരിക്കുന്ന ഒരു സംരംഭകയുടെ പരിവേഷമാണ് തൃപ്തിക്കുള്ളത്. വരുമാനം കണ്ടെത്തുന്നതിനായി ആഭരണ നിര്‍മാണം അഭ്യസിച്ച തൃപ്തി താന്‍ പഠിച്ച തൊഴിലിനെ ഒരു സംരംഭമാക്കിക്കി മാറ്റത്തിയത് കുറഞ്ഞ സമയത്തിനുള്ളിലാണ്. തൃപ്തി ഹാന്‍ഡിക്രാഫ്റ്റ്‌സ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാണ്. വെബ്‌സൈറ്റ് വഴിയുള്ള വില്‍പ്പനക്ക് പുറമെ മൊബീല്‍ ആപ്പ് മുഖാന്തിരവും വില്‍പന നടക്കുന്നു. ഓര്‍ഡര്‍ ലഭിച്ചാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിന്റെ ഏതുഭാഗത്തും ഉല്‍പ്പന്ന വിതരണം നടത്തും എന്ന വാക്കാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയുടെ മുഖമുദ്ര.

സംരംഭകത്വത്തില്‍ ഒരിക്കലും ആണ്‍പെണ്‍ വ്യത്യസമില്ല. എന്നാല്‍, പതിവില്ലാത്ത ചില കാര്യങ്ങള്‍ ഈ മേഖലയില്‍ നടക്കുമ്പോള്‍ അത് നല്ലൊരു നാളേക്കുള്ള ശുഭകരമായ മാറ്റമാകുന്നു. ഇത്തരത്തില്‍ സമീപകാലത്ത് കേരളത്തിന്റെ സംരംഭകാന്തരീക്ഷത്തില്‍ വന്ന ഒരു മാറ്റമാണ് കൂടുതല്‍ ഭിന്നലിംഗക്കാര്‍ ബിസിനസിലെ നിക്ഷേപാവസരങ്ങള്‍ വിനിയോഗിക്കാന്‍ തുടങ്ങി എന്നത്. കുടുംബശ്രീ വഴിയും നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ക്ക് ജോലി നല്‍കി വരുന്നു. ഇതിനെല്ലാം പുറമെ ഹോട്ടലുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ജ്യൂസ് പാര്‍ലറുകള്‍ എന്നിവ നടത്തിയും നിരവധി ട്രാന്‍സ്‌ജെന്‍ഡറുകള്‍ സംരംഭകത്വത്തില്‍ സജീവമാകുകയാണ്. ഇക്കൂട്ടത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു സംരംഭകയാണ് കാസര്‍ഗോഡ് സ്വദേശിനിയായ തൃപ്തി ഷെട്ടി. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തില്‍ നിന്നും കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡന്‍ സംരംഭകയെന്ന ഖ്യാതിയിലേക്ക് തൃപ്തി എത്തിക്കഴിഞ്ഞിട്ട് നാലുവര്‍ഷങ്ങള്‍ പിന്നിടുന്നു.

ഭിന്നലിംഗക്കാരായ ആളുകളെ അംഗീകരിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ സമീപനം ഇപ്പോള്‍ മാറിവരികയാണ് എന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് തൃപ്തി ഷെട്ടിയുടെ കഥ. ഒരു കാലത്ത് സ്ത്രീകള്‍ക്ക് അസാധ്യമെന്ന് പറഞ്ഞു വിലക്കിയിരുന്ന കാര്യങ്ങള്‍ പിന്നീട് പുരുഷനോട് തുല്യത പ്രഖ്യാപിച്ച് സ്ത്രീകള്‍ നേടിയെടുത്ത പോലെ തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും പരിണാമം. ഇന്ന് പാടത്ത് പണി മുതല്‍ പര്‍വ്വതാരോഹണം വരെയുള്ള കാര്യങ്ങളില്‍ സ്ത്രീ സാന്നിധ്യമുണ്ട്. അത്‌പോലെ തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെയും പരിണാമം. പൈലറ്റ് ആയി വിമാനം പറത്താനും അഭിഭാഷകയാകാനും ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ എല്ലാം വന്നു തുടങ്ങുന്നതിനും ഏറെ മുന്‍പായിരുന്നു തൃപ്തി ഷെട്ടി തന്റെ സ്വത്വം തിരിച്ചറിഞ്ഞത്. അതിനാല്‍ തന്നെ ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതിനേടിയ വിജയമാണ് തൃപ്തിയുടേത് എന്ന് പറയാം.

പൂര്‍വ്വാശ്രമത്തിലെ കിരണ്‍

ഏറെ വിഷമത്തോടെ മാത്രമേ ആണ്‍ശരീരത്തിലുള്ള തന്റെ ജീവിതത്തെക്കുറിച്ച് തൃപ്തിക്ക് ഓര്‍ക്കുവാന്‍ കഴിയൂ. പെണ്ണിന്റെ മനസും ആണ്‍ശരീരവുമായി കാസര്‍ഗോട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കിരണ്‍ എന്ന യുവാവ് തൃപ്തി ഷെട്ടി എന്ന ട്രാന്‍സ്‌വുമണിന്റെ വേഷം സ്വീകരിച്ചതിന് പിന്നില്‍ യാതനകളുടെ ഒരു കഥയുണ്ട്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്താണ് തൃപ്തിയുടെ ജനനം. സ്‌കൂള്‍ പഠനകാലയളവില്‍ നാടകങ്ങളില്‍ സ്ത്രീവേഷം കെട്ടാന്‍ ആഗ്രഹിച്ചിരുന്ന ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാല്‍ വിസമ്മതിച്ചിരുന്ന ആ ബാല്യം തൃപ്തി ഇന്നും ഓര്‍ക്കുന്നു. ആ കാലഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരു വിഭാഗം ഉണ്ടെന്നോ, താന്‍ ആ വിഭാഗത്തില്‍പെടുന്ന ആളാണെന്നു തൃപ്തി മനസ്സിലാക്കിയിരുന്നില്ല. പെണ്‍കുട്ടികളെ പോലെ അണിഞ്ഞൊരുങ്ങി നടക്കാനും നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ഇഷ്ടപ്പെട്ടിരുന്ന തൃപ്തിയുടെ ബാല്യം അവഗണകളുടെയും കാളിയാക്കലിന്റേതും കൂടിയായിരുന്നു.

ചെറുപ്പത്തിലുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഡോക്റ്റര്‍ വിശ്രമം നിര്‍ദേശിച്ചതോടെ പഠിപ്പ് നിന്നു. പുറത്തിറങ്ങിയാല്‍ സ്ത്രീ രൂപത്തിലേക്ക് മാറാന്‍ ഇഷ്ടപ്പെടുന്ന മകനെ വീടിനുള്ളില്‍ തന്നെ ഇരുത്താനാണ് മാതാപിതാക്കളും ആഗ്രഹിച്ചത്. അങ്ങനെ എട്ടാം ക്ലാസില്‍ കിരണിന്റെ പഠനം നിലച്ചു. പരിക്ക് ഭേതമായതോടെ ഇനി വിദ്യാലയത്തിലേക്ക് ഒരു തിരിച്ചു പോക്ക് ഇല്ലെന്ന് മനസിലാക്കി തന്നാല്‍ കഴിയും വിധത്തിലുള്ള ചെറിയ ജോലികള്‍ ചെയ്ത് കുടുംബത്തെ സഹായിക്കാന്‍ കിരണ്‍ തീരുമാനിച്ചു. വീട്ടിലെ കഷ്ടതകള്‍ക്ക് നടുവില്‍ തന്റെ ഉള്ളിലെ സ്ത്രീ സാന്നിധ്യം കിരണ്‍ മറച്ചു വച്ചു. നാട്ടില്‍ പലജോലികളും ചെയ്തശേഷം മാംഗ്ലൂര്‍ സിറ്റിയില്‍ എത്തിച്ചേര്‍ന്നപ്പോഴാണ്, താന്‍ ഒരു ഒറ്റപ്പെട്ട വ്യക്തിയല്ലന്നെന്നും തന്നെ പോലെ വ്യത്യസ്തരായ , ആണായി ജനിച്ചിട്ടും പെണ്ണായി ജീവിക്കുന്ന നിരവധിയാളുകള്‍ ഉണ്ടെന്നും കിരണ്‍ മനസിലാക്കിയത്.

പിന്നീട് തന്റെ സ്വത്വം തേടി നാടുവിടുകയായിരുന്നു കിരണ്‍. 2004 ല്‍ കണ്ണൂരിലേക്ക് ചേക്കേറിയ കിരണ്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കേരളത്തിലെ ആദ്യത്തെ സംഘടന തുടങ്ങുന്നത് അവിടെനിന്നാണ്. പിന്നീട് അവിടെ നിന്നും മുംബൈ നഗരത്തിലേക്ക് പറന്നു. അവിടെ തന്നെ പോലെ നിരവധിയാളുകളെ കിരണ്‍ കണ്ടു. കേരളത്തില്‍ ജനങ്ങള്‍ സ്വീകരിക്കുന്ന സമീപനമായിരുന്നില്ല മുംബൈ നഗരത്തിനു ട്രാന്‍സ്‌ജെന്‍ഡറുകളോട് ഉണ്ടായിരുന്നത്. മുംബൈ നഗരത്തില്‍ നല്ല ജോലി വാങ്ങിത്തരാം എന്നുള്ള വാഗ്ദാനം വിശ്വസിച്ചാണ് പരിചയത്തിലുള്ള ഒരു വ്യക്തിക്കൊപ്പം മുംബൈ നഗരത്തില്‍ എത്തുന്നത്. എന്നാല്‍ അവിടെ എത്തിയതോടെ ആ വ്യക്തി മുങ്ങി. അതോടെ ജീവിതം വീണ്ടും അനിശ്ചിതത്വത്തിലായി. എന്നാല്‍ കേരളത്തിലെ പോലെ ഒരു ജോലിയും ലഭിക്കാത്ത അവസ്ഥ മുംബൈ നഗരത്തില്‍ ഉണ്ടായിരുന്നില്ല. ചെറിയ രീതിയില്‍ പലവിധ ജോലികള്‍ ചെയ്തു. എന്നാല്‍ പലപ്പോഴാക്കി സ്വരുക്കൂട്ടി വച്ച സമ്പാദ്യമടങ്ങിയ പേഴ്‌സ് മോഷണം പോയതോടെ അമ്മയുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ നഷ്ടമായി. അങ്ങനെ വീടുമായുള്ള ബന്ധം പൂര്‍ണമായി ഇല്ലാതായി. പിന്നീട് മറ്റുസ്ഥലങ്ങളില്‍ ജോലിചെയ്ത് സമ്പാദിച്ച 1500 രൂപയുമായി നാട്ടിലെത്തിയപ്പോള്‍ കേള്‍ക്കുന്നത് അമ്മയുടെ മരണവാര്‍ത്തയായിരുന്നു. തുടര്‍ന്ന് നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാതെവരികയും 2006 ല്‍ ഹിജഡകളുടെ വിഭാഗത്തില്‍ ചേരുകയും ചെയ്തു.

നരകതുല്യമായ ജീവിതമാണ് അവിടെ അനുഭവിക്കേണ്ടി വന്നത്. ചെന്നൈ , മുംബൈ നഗരങ്ങളില്‍ ആളുകള്‍ ഹിജഡകളെ തീര്‍ത്തും അവഗണനയോടെയാണ് കണ്ടിരുന്നത്. തന്റെ ഉള്ളിലെ സ്വത്വം ഒരു പെണ്ണിന്റേതാണെന്നും അതിനാല്‍ ഏത് വിധേനയും ഒരു സ്ത്രീ ആയി മാറണമെന്നുമുള്ള തീരുമാനം എടുക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി വലിയ ഒരു തുക വേണ്ടി വന്നു. ഇത് കണ്ടെത്തുന്നതിനായി ഭിക്ഷയാചിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് ശസ്ത്രക്രിയയിലൂടെ കിരണ്‍ തൃപ്തിയായി മാറുന്നത്. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണെന്ന് തൃപ്തി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്ത്രീ ആയി മാറി നാട്ടില്‍ തിരിച്ചെത്തിയപ്പോളാണ് പിതാവ് മരണപ്പെട്ട വിവരം അറിയുന്നത്. അതോടെ പൂര്‍ണമായും ബന്ധുക്കളില്‍ നിന്നും തൃപ്തി ഒറ്റപ്പെട്ടു.

പപ്പടവടയിലെ കാഷ് കൗണ്ടറില്‍

മറ്റുള്ളവരെക്കൊണ്ട് നല്ലത് പറയിപ്പിക്കണം, സ്ത്രീ ആയി തന്നെ ജീവിക്കണം ഇതായിരുന്നു തൃപ്തിയുടെ ആഗ്രഹം. ഈ ആഗ്രഹത്തിന്റെ ഭാഗമായാണ് തൃപ്തി കൊച്ചിയില്‍ എത്തുന്നത്. പലവിധ ജോലികള്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഇംതിരെ പറയുന്നു തല ചായ്ക്കാന്‍ ഒരു ഇടം കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും ദുര്‍ഘടം. ആ സമയത്താണ് വനിതാ സംരഭകയായ മിനു പൗളിന്‍ തൃപ്തിയുടെ രക്ഷക്കായി എത്തുന്നത്. കൊച്ചിയിലെ പപ്പടവട എന്ന റെസ്റ്റോറന്റില്‍ ബില്ലിംഗ് വിഭാഗത്തില്‍ തൃപ്തിക്ക് മിനു ജോലി നല്‍കി. അതിന് വേണ്ട പരിശീനവും മിനു തന്നെയാണ് നല്‍കിയത്. മിനു എന്ന സംരംഭകയില്‍ നിന്നുമാണ് തൃപ്തിയുടെ മനസ്സില്‍ സംരംഭകത്വ മോഹങ്ങള്‍ ചേക്കേറുന്നത്. മറ്റുള്ളവര്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാകാതെ ഒരു തൊഴില്‍ ദാതാവാകുക എന്ന ആഗ്രഹം തൃപ്തി മനസ്സിലിട്ടു വളര്‍ത്താന്‍ തുടങ്ങി.

തുടര്‍ന്ന് പപ്പടവടയില്‍ നിന്നും പിരിഞ്ഞ ശേഷം,ഡോ. ആനിയുടെ സഹായത്തോടെ ജുവലറി മേക്കിംഗ് പഠിച്ചു. ആദ്യമായി കൊച്ചിയിലെത്തിയപ്പോള്‍ അജ്ഞാതരില്‍ നിന്നും ആക്രമണം നേരിട്ട തുപ്തിയെ ചികില്‌സിച്ചത് ഡോ. ആനിയായിരുന്നു.

തൃപ്തി ഷെട്ടി എന്ന സംരംഭക ജനിക്കുന്നു

ഹാന്‍ഡിക്രാഫ്റ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ പഠിക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാല്‍ . വളരെ വേഗത്തില്‍ തൃപ്തി ആ മേഖലയില്‍ പ്രാവീണ്യം നേടി. പതിനേഴ് ദിവസങ്ങള്‍കൊണ്ട് നിരവധി ആഭരണങ്ങള്‍ നിര്‍മിക്കുകയും കലൂര്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ തൃപ്തീസ് ഹാന്‍ഡ്‌മെയ്ഡ് ജുവലറി എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. ഇതായിരുന്നു തൃപ്തിയെ തൃപ്തി ഷെട്ടി എന്ന സംരംഭകയുടെ വേഷത്തിലേക്ക് എത്തിച്ച ഘടകം. ഹാന്‍ഡിക്രാഫ്റ്റ്, സെമി പ്രോസസ് സ്‌റ്റോണ്‍, ഹാന്‍ഡ്‌മെയ്ഡ് ജ്വല്ലേഴ്‌സ്, പെയ്ന്റിംഗ് എന്നിവ ഉള്‍പ്പെടുത്തി നിരവധി എക്‌സിബിഷനുകള്‍ തൃപ്തി പിന്നീട് സംഘടിപ്പിച്ചു. എന്നാല്‍ എക്‌സിബിഷനുകളിലൂടെ മാത്രം ലഭിക്കുന്ന വരുമാനം സ്ഥിരം വരുമാനം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന് മനസിലാക്കിയ ത്യപ്തി ഷെട്ടി ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ കീഴിലുള്ള കൈരളിയില്‍ കലാകാരിയായി അംഗത്വം നേടി, തന്റെ സ്ഥാപനം ഒരു രെജിസ്റ്റേഡ് കമ്പനിയാക്കി മാറ്റുകയും ചെയ്തു.

തുടര്‍ന്ന് www.thripthi.in എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ച തന്റെ ഉല്‍പ്പന്നങ്ങള്‍ അതിലൂടെ വില്‍ക്കാന്‍ ആരംഭിച്ചു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ആധുനിക മാധ്യമങ്ങളിലൂടെയുള്ള മാര്‍ക്കറ്റിംഗ്, മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ എന്നിവയിലൂടെ തുപ്തിയുടെ സ്ഥാപനം അംഗീകരിക്കപ്പെട്ടു. ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ഹാന്‍ഡിക്രാഫ്റ്റ് ആഭരണങ്ങള്‍ക്ക് നിരവധി ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ തൃപ്തി എന്ന സംരംഭകയെ സംരംഭക കേരളം അംഗീകരിച്ചു. പ്രതിമാസം 35000 രൂപക്ക് മേല്‍ വരുമാനം നേടിക്കൊണ്ടായിരുന്നു തൃപ്തിയുടെ തുടക്കം. കേരളത്തില്‍ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭക എന്ന പേരില്‍ ബിസിനസ് സ്‌കൂളുകള്‍ തൃപ്തിയെ പ്രഭാഷണങ്ങള്‍ക്കായി വിളിച്ചു. കേരളത്തില്‍ മുദ്ര ലോണ്‍ ലഭിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയും തൃപ്തിയാണ്.

മൊബീല്‍ ആപ്പുമായി എത്തുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

മൊബീല്‍ ആപ്പുമായി ബിസിനസ് രംഗത്ത് സജീവമാകുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകയാണ് തൃപ്തി ഷെട്ടി. ‘തൃപ്തി ഹാന്‍ഡിക്രാഫ്റ്റ്‌സ്’ എന്ന പേരിലുള്ള ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മേയ് 13 മുതലാണ് ലഭ്യമായി തുടങ്ങിയത്. വെബ്‌സൈറ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ച വില്‍പ്പന ലഭിച്ചില്ല എന്ന തോന്നലില്‍ നിന്നാണ് ആപ്പ് രംഗത്തിറക്കാന്‍ തൃപ്തി തീരുമാനിച്ചത്.എന്നാല്‍ ആപ്പ് വഴി തൃപ്തി തന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല വില്‍ക്കുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ഏതൊരു വ്യക്തിയുടെയും ഉല്‍പ്പന്നങ്ങള്‍ ഈ ആപ്പിലൂടെ വില്‍പ്പനക്ക് എത്തിക്കും. മാത്രമല്ല, ആപ്പിലൂടെ നടക്കുന്ന വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന ലാഭത്തില്‍ നിന്നും നിശ്ചിത ശതമാനം തുക ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വികസനത്തിനായും തൃപ്തി വിനിയോഗിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റി ഒത്തൊരുമിച്ചാല്‍ ആപ്പിന് മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് തൃപ്തിയുടെ പ്രതീക്ഷ.കേരള ഗവണ്‍മെന്റിന്റെ ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഹാന്‍ഡിക്രാഫ്റ്റിന് വേണ്ടി ഒരു സ്റ്റാള്‍ അനുവധിക്കണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ച് വരികയാണ് ഈ സംരംഭക.

Categories: FK Special, Slider