ടാറ്റ മോട്ടോഴ്‌സ് ജെ ആന്‍ഡ് കെ ബാങ്കുമായി കൈകോര്‍ക്കുന്നു

ടാറ്റ മോട്ടോഴ്‌സ് ജെ ആന്‍ഡ് കെ ബാങ്കുമായി കൈകോര്‍ക്കുന്നു

ടാറ്റയുടെ വാണിജ്യ വാഹനങ്ങള്‍ മികച്ച പലിശനിരക്കില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ജെ ആന്‍ഡ് കെ ബാങ്കുമായുള്ള സഹകരണം

മുംബൈ: രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ജെ ആന്‍ഡ് കെ ബാങ്കുമായി സഹകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരുകമ്പനികളും ഒപ്പിട്ടു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോകതാക്കള്‍ക്ക് മികച്ച ഉല്‍പ്പന്ന സേവന നേട്ടങ്ങള്‍ ലഭ്യമാകുമെന്ന് ടാറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ മുഴുവന്‍ വാണിജ്യ, യാത്ര വാഹനങ്ങള്‍, കാര്‍ഗോ വാഹനങ്ങള്‍ എന്നിവ ഏറ്റവും മികച്ച റീട്ടെയ്ല്‍ ഫിനാന്‍സ് സൗകര്യത്തോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാന്‍ ഈ സഹകരണം വഴിവെക്കും.

1938ല്‍ സ്ഥാപിതമായ ജെ ആന്‍ഡ് കെ ബാങ്കിന് രാജ്യത്തുടനീളം ആയിരത്തില്‍ പരം ശാഖകളാണ് ഉള്ളത്. ജമ്മു കശ്മീരിലെ പ്രമുഖ ബാങ്ക് കൂടിയാണ് ജെ ആന്‍ഡ് കെ ബാങ്ക്. ‘ഡിജിറ്റല്‍ ഇന്ത്യ’ കാമ്പയിനോടെ ജെ ആന്‍ഡ് കെ ബാങ്കിന്റെ ഒട്ടേറെ ഉല്‍പ്പന്ന സേവനങ്ങള്‍ ഉപഭോക്തൃ കേന്ദ്രീകൃത സാങ്കേതിക പ്ലാറ്റ്‌ഫോമിലേക്കു മാറിക്കഴിഞ്ഞു. ഇതോടെ റീട്ടെയ്ല്‍ ബാങ്കിംഗ് രംഗത്ത് കമ്പനിക്ക് മികച്ച രീതിയില്‍ മുന്നേറാന്‍ സാധിച്ചിട്ടുണ്ട്.

മഹത്തായ പാരമ്പര്യമുള്ള രണ്ട് സ്ഥാപനങ്ങള്‍ ഉപഭോക്തൃ നേട്ടത്തിനായി കൈകോര്‍ക്കുന്ന കൂട്ടുകെട്ടിന്റെ തുടക്കമാണിത്-ടാറ്റാ സിയുബിയു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ആര്‍ ടി വാസന്‍ പറഞ്ഞു.

ടാറ്റ മോട്ടോഴ്‌സുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജെ ആന്‍ഡ് കെ ചെയര്‍മാനും സിഇഒ യുമായ പര്‍വേസ് അഹമ്മദ് വ്യക്തമാക്കി.

റീട്ടെയ്ല്‍ ബാങ്കിംഗ് മേഖലയില്‍ ത്വരിതഗതിയിലുള്ള വളര്‍ച്ച കൈവരിക്കാന്‍ ടാറ്റ മോട്ടോഴ്‌സുമായുള്ള പങ്കാളിത്തം സഹായകരമാകും. മാത്രമല്ല ജെ ആന്‍ഡ് കെ ബാങ്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനും ഈ പങ്കാളിത്തം വഴിവെക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ടണ്ണില്‍ താഴെ മുതല്‍ 55 ടണ്ണില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കാര്‍ഗോ വാഹനങ്ങള്‍, വിവിധ ശ്രേണിയിലുള്ള യാത്ര വാഹനങ്ങള്‍ എന്നിവ ടാറ്റ വിപണിയിലെത്തിക്കുന്നുണ്ട്. രാജ്യത്തുടനീളം 3798 സെയില്‍സ്, സര്‍വീസ് ടച്ച് പോയിന്റുകളും ടാറ്റയ്ക്കുണ്ട്. ട്രക്കുകളുടെ വിപണിയില്‍ ടാറ്റയ്ക്ക് 81 ശതമാനം വിപണി വിഹിതമാണുള്ളത്. ഈ പുതിയ പങ്കാളിത്തത്തോടെ അത് വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK News
Tags: Tata motors