ഓഹരി വിപണിയില്‍ ആദ്യം കുതിപ്പ്, പിന്നെ കിതപ്പ്

ഓഹരി വിപണിയില്‍ ആദ്യം കുതിപ്പ്, പിന്നെ കിതപ്പ്

സെന്‍സക്‌സും നിഫ്റ്റിയും കുതിക്കുമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍

മുംബൈ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായ ഇന്നലെ ആഭ്യന്ത ഓഹരി വിപണി പ്രതീക്ഷിച്ചപോലെ തന്നെ ആദ്യം ഉണര്‍ന്നെങ്കിലും പിന്നീട് ആവേശം കൈവിട്ടു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരുന്നു. ഇന്നലെ രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ 11,901.30 ആയിരുന്ന ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10.45 ന്് 12,034.75 എന്ന ഉയരത്തിലെത്തിയശേഷം ഇടിഞ്ഞു.

80.85 പോയന്റ് (0.69%) ഇടിഞ്ഞ് 11657.05 ലാണ് നിഫ്റ്റി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 39,853.93 ല്‍ വ്യാപാരം ആരംഭിച്ച ബിഎസ്ഇ സെന്‍സെക്‌സ് ആകട്ടെ പ്രവചനങ്ങള്‍ പോലെ തന്നെ 40,100.91 ല്‍ എത്തിയിരുന്നുവെങ്കിലും പിന്നീട് 298.82 പോയന്റ് (0.76 %) ഇടിഞ്ഞ് 38,811.39 ല്‍ ക്ലോസ് ചെയ്യ്തു.17 ാം പൊതു തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവരുന്നതിന് മുന്‍പ് വിപണി ക്ലോസ് ചെയ്‌തെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വിജയം ഉറപ്പിച്ചിരുന്നു.

എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതു മുതല്‍ വലിയ നേട്ടമാണ് ആഭ്യന്തര ഓഹരി വിപണിയില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫലം എന്‍ഡിഎക്ക് അനുകൂലമാകുന്ന പക്ഷം വിപണി ഇനിയും പുരോഗതി പ്രാപിക്കുമെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. ഈ കലണ്ടര്‍ വര്‍ഷം വിപണി എട്ട് ശതമാനം ഉയര്‍ച്ച നേടുമെന്നും ഡിസംബറോടെ നിഫ്റ്റി50 ഇന്‍ഡെക്‌സ് 12,500 ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിലയന്‍സ് സെക്യൂരിറ്റീസ് ഗവേഷണ വിഭാഗം തലവന്‍ നവീന്‍ കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നും ഓഹരി വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താറുണ്ടെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് ആദ്യമായി 25,000ത്തില്‍ എത്തിയിരുന്നു.

2009ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രണ്ടാം ഘട്ടം വിജയിച്ചപ്പോഴും ഓഹരി വിപണി ചരിത്രം സൃഷ്ടിച്ചിരുന്നു. ഫലം വന്ന മേയ് 18 ഒരു ശനിയാഴ്ച്ചയായിരുന്നു. അടുത്ത ട്രേഡിംഗ് സെഷനില്‍ സെന്‍സെക്‌സ് 2000 പോയിന്റിലധികം(17 ശതമാനം) ഉയര്‍ന്ന് 14284 എന്ന നിലയിലെത്തി. 2004 ലെ തെരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ സെന്‍സെക്‌സ് 0.77 ശതമാനം നേട്ടമുണ്ടാക്കി.

1980 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ പത്ത് തെരഞ്ഞെടുപ്പുകളില്‍ എട്ടെണ്ണവും നടന്ന വര്‍ഷങ്ങളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് സമ്മാനിച്ചതെന്ന് കാണാം. 2014 കലണ്ടര്‍ വര്‍ഷം ഏകദേശം 30 ശതമാനവും 2009 വര്‍ഷം 81 ശതമാനവും 2004 ല്‍ 13 ശതമാനവും 1999 ല്‍ 64 ശതമാനവും എന്ന കണക്കില്‍ സൂചിക ആവേഗം വീണ്ടെടുത്തിട്ടുണ്ട്. ഈ പ്രവണതയ്ക്കു വിരുദ്ധമായി 1998, 1996 വര്‍ഷങ്ങളിലാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടായത്. ഈ വര്‍ഷങ്ങളില്‍ യഥാക്രമം 17 %, 0.8 % ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്.

അതേസമയം 2020 ആകുമ്പോഴേക്കും സെന്‍സെക്‌സ് 45,000 കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  പൊതുതെരഞ്ഞെടുപ്പിന്റെ ഫലം പോസിറ്റീവാണെന്നും നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ തിരക്കുകൂട്ടേണ്ട കാര്യമില്ലെന്നും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ യു ആര്‍ ഭട്ട് വ്യക്തമാക്കി. നിലവിലെ വിപണി സാഹചര്യത്തില്‍ ഓഹരി വാങ്ങുന്നതിന് നിക്ഷേപകര്‍ തിടുക്കം കാണിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ചില ഓഹരികള്‍ ചെറിയ കാലയളവില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കും. ഇപ്പോള്‍ കാത്തിരുന്ന സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാകും നിക്ഷേപകര്‍ക്ക് ഉത്തമം. വരുന്ന ബജറ്റ് സമ്പദ് വ്യവസ്ഥയെയും നയങ്ങളെയു കുറിച്ച് കൂടുതല്‍ ഗൗരവമായ നിരീക്ഷണങ്ങള്‍ നല്‍കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം വിപണിയിലെ പ്രതീക്ഷകള്‍ക്കും മീതെ പോയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

Categories: Business & Economy, Slider