പ്ലാസ്റ്റിക് സ്‌ട്രോയും കോട്ടണ്‍ ബഡ്‌സും ഇംഗ്ലണ്ടില്‍ നിരോധിക്കുന്നു

പ്ലാസ്റ്റിക് സ്‌ട്രോയും കോട്ടണ്‍ ബഡ്‌സും ഇംഗ്ലണ്ടില്‍ നിരോധിക്കുന്നു

ലണ്ടന്‍: പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് നിര്‍മിതബഡ്‌സ്, ചായയും കാപ്പിയും ഉള്‍പ്പെടുന്ന ഡ്രിങ്ക്‌സ് ഇളക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഡ്രിങ്ക് സ്റ്റിറര്‍ (drink stirrers) എന്നിവ ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിലേറെയായി ഇവ നിരോധിക്കുന്നതിനെ കുറിച്ചു സര്‍ക്കാര്‍ ആലോചിച്ചു വരികയായിരുന്നു. നിരോധനം നടപ്പിലാകുന്നതോടെ, ചവറും മറ്റ് പാരിസ്ഥിതിക ആഘാതങ്ങളും കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രജിസ്റ്റേഡ് ഫാര്‍മസികളില്‍ പ്ലാസ്റ്റിക് സ്‌ട്രോ വില്‍പ്പന നടത്താന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ റെസ്റ്റോറന്റ്, പബ്ബുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌ട്രോ നിരോധിക്കും.

യുകെയില്‍ ഓരോ വര്‍ഷവും ഏകദേശം അഞ്ച് ബില്യന്‍ പ്ലാസ്റ്റിക് സ്‌ട്രോകളും രണ്ട് ബില്യന്‍ പ്ലാസ്റ്റിക് നിര്‍മിത ബഡ്‌സുകളും ഉപയോഗിക്കുന്നതായിട്ടാണു കണക്കാക്കുന്നത്. ഉപയോഗ ശേഷം ഇവയില്‍ ഭൂരിഭാഗവും ടോയ്‌ലെറ്റുകളില്‍ നിക്ഷേപിക്കുകയാണു പതിവ്. അതുമല്ലെങ്കില്‍ ചവറുകളായി രൂപപ്പെടുകയും ചെയ്യുന്നു. യുകെയില്‍ അടുത്തിടെ നടന്ന സര്‍വേയില്‍ കണ്ടെത്തിയത് പ്ലാസ്റ്റിക് മാലിന്യം സമുദ്രങ്ങളിലും പുഴകളിലുമൊക്കെ നിറഞ്ഞുകവിഞ്ഞതായിട്ടാണ്. ഇതു വന്യജീവികള്‍ക്കു ഭീഷണിയാവുകയും ചെയ്യുകയാണ്. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ ഇതര മാര്‍ഗങ്ങള്‍ ലഭ്യമാണെന്നു സമീപകാലത്തു യൂറോപ്യന്‍ യൂണിയനില്‍ (ഇയു) അഭിപ്രായമുയര്‍ന്നിരുന്നു. ഡ്രിങ്ക്‌സുകള്‍ സ്‌ട്രോ ഇല്ലാതെയോ, പേപ്പര്‍ സ്‌ട്രോ, ജീര്‍ണിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചോ ഡ്രിങ്ക്‌സ് വിളമ്പാവുന്നതുമാണ്. അതു പോലെ ബഡ്‌സിന്റെ (ചെവി തോണ്ടി) നിര്‍മാണത്തിലും ജീര്‍ണിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാമെന്നും ഇയു അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്ത് സര്‍ക്കാര്‍ നിയോഗിച്ച കണ്‍സല്‍ട്ടന്‍സി സര്‍വേയില്‍ കണ്ടെത്തിയത്, 80 ശതമാനം ആളുകളും പ്ലാസ്റ്റിക് സ്‌ട്രോയുടെ വിതരണം, വില്‍പ്പന എന്നിവയുടെ നിരോധനം നല്ലതാണെന്നായിരുന്നു. പത്ത് പേരില്‍ ഒന്‍പത് പേരും ഡ്രിങ്ക് സ്റ്റിററിന്റെ നിരോധനത്തെ പിന്തുണയ്ക്കുന്നതായും അറിയിച്ചു.

Comments

comments

Categories: FK News