മൈലാഞ്ചി ചോപ്പില്‍ ലാലേട്ടന്റെ 333 ഭാവങ്ങള്‍ വരച്ചിട്ട ആരാധകന്‍

മൈലാഞ്ചി ചോപ്പില്‍ ലാലേട്ടന്റെ 333 ഭാവങ്ങള്‍ വരച്ചിട്ട ആരാധകന്‍

താരാരാധനക്ക് കൂട്ടായി കല കൂടി ചേര്‍ന്നാലോ ഇതിനൊക്കെ ഒരു പരിധിയില്ലേ ? എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ ലാലേട്ടനോടുള്ള സ്‌നേഹവും ബഹുമാനവും എല്ലാം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് നിഖില്‍ വര്‍ണ എന്ന കലാകാരന്‍ പറയും, ഇല്ല, തന്റെ കയ്യിലെ കലക്കും മോഹന്‍ലാല്‍ എന്ന കലാകാരനോടുള്ള സ്‌നേഹത്തിനും മുന്നില്‍ യാതൊരു പരിധികളും പരിമിതികളുമില്ല. സ്ഫടികത്തിലെ ആടു തോമ, കിരീടത്തിലെ സേതുമാധവന്‍, ഭരതത്തിലെ ഗോപി, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, പുലിമുരുകന്‍.. എന്നിങ്ങനെ 333 മോഹന്‍ലാല്‍ ചിത്രങ്ങള്‍ വരച്ച് മഹാനടന് പിറന്നാള്‍ സമ്മാനം ഒരുക്കിയ ഡോ. നിഖില്‍ വര്‍ണ എന്ന കലാകാരന്‍ ഇതല്ലാതെ വേറെന്ത് പറയാനാണ്.

മലയാളികളുടെ നടന്ന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ തുടക്കമിട്ട ചിത്രപ്രദര്‍ശനം നാളെ അവസാനിക്കും എന്നിരിക്കെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഈ കലാകാരനെത്തേടിയെത്തിയിരിക്കുന്നത് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ദര്‍ബാര്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ച മോഹന്‍ലാല്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എട്ടുമാസം വേണ്ടിവന്നു. ആദ്യകാല ചിത്രങ്ങളിലെ മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ഉള്‍പ്പെടെ നിഖില്‍ വര്‍ണയുടെ ക്യാന്‍വാസില്‍ ഇടംപിടിച്ചിട്ടുണ്ട്. ജൂട്ടില്‍ ഹെന്ന മാധ്യമമാക്കിയാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് എന്നതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത.

വളരെ ചെറുപ്പത്തില്‍ തുടങ്ങിയതാണ് മോഹന്‍ലാലിനോടുള്ള ആരാധന. ആദ്യം പോര്‍ട്രയ്റ്റ് ചെയ്ത മുഖവും ലാലേട്ടന്റേത് തന്നെയാണ്. അതിനുശേഷം ഇന്നുവരെ മറ്റൊരു താരത്തിന്റെയും പോര്‍ട്രയ്റ്റ് വരയ്ക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതും ഈ കലാകാരന് അഭിനയ പ്രതിഭയോടുള്ള സ്‌നേഹം വ്യക്തമാക്കുന്നു.
പരിസ്ഥിതി സൗഹൃദമായി, മൈലാഞ്ചിച്ചായം കൊണ്ട് ജ്യുട്ടിലാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്; മുള കൊണ്ടുള്ള ചട്ടക്കൂടും ഉണ്ട് . ചില ചിത്രങ്ങള്‍ തൊട്ടു നോക്കി ആസ്വദിക്കാമെന്നതിനാല്‍ കാഴ്ചയില്ലാത്തവരേയും ചിത്രങ്ങള്‍ ആകര്‍ഷിക്കുന്നു.. പ്രദര്‍ശനത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം ഓട്ടിസം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിന് ചെലവഴിക്കാനാണ് തീരുമാനം.

സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി ജോലിനോക്കുന്ന നിഖിലിന്റെ നാലാമത്തെ ചിത്രപ്രദര്‍ശനമാണിത്. യോഗയില്‍ പിഎച്ച്ഡി നേടിയ വ്യക്തി കൂടിയാണ് ഈ കലാകാരന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെയുള്ള മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Comments

comments

Categories: FK Special
Tags: art, Mohanlal