ഒരേയൊരു രാജാവ്…

ഒരേയൊരു രാജാവ്…

ഹിന്ദി ഹൃദയഭൂമിയിലും വംഗദേശത്തും കന്നടഭൂമിയിലും ശിവജിയുടെ തട്ടകത്തിലുമെല്ലാം ഒരു പോലെ മോദി സുനാമി ആഞ്ഞടിച്ചുവെന്നതാണ് ശ്രദ്ധേയം. നമോ 2.0 വ്യത്യസ്തമാകുന്നത് ഈ വിജയം വലിയൊരു പരിധി വരെയും നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തില്‍ അധിഷ്ഠിണെന്ന തിനാലാണ്. പ്രതിപക്ഷത്തിന്റെ പോലും അജണ്ട നിശ്ചയിക്കുന്ന തലത്തിലുള്ള തെരഞ്ഞെടുപ്പ് ചാതുര്യമാണ് ബിജെപിയുടെ ഏറ്റവും തലയെടുപ്പുള്ള നേതാവ് പ്രകടമാക്കിയത്

  • ബിജെപിക്ക് സീറ്റ് കുറഞ്ഞെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മോദിക്ക് ഏല്‍ക്കേണ്ടി വരുമായിരുന്നു
  • വിമര്‍ശനങ്ങള്‍ക്കപ്പുറത്ത്, സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്ക് മോദി ധൈര്യം കാട്ടി
  • സമ്പദ് വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണമെന്ന വലിയ പ്രക്രിയയുടെ വേഗം കൂട്ടി
  • വൈദ്യുതി, പാചകവാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഗ്രാമീണ മേഖലയില്‍ വലിയ മാറ്റത്തിന് കാരണമായി
  • മോദിക്കെതിരെയുള്ള നെഗറ്റീവ് കാംപെയ്‌നിംഗ് 2014 തെരഞ്ഞെടുപ്പിലേത് പോലെ തന്നെ തനിക്ക് പോസിറ്റീവാക്കി മാറ്റാന്‍ അദ്ദേഹത്തിനായി

2014ല്‍ ബിജെപിക്ക് ലഭിച്ച പകുതിയോളം വോട്ടുകള്‍ക്ക് കാരണം ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ വികാരമായിരുന്നു, നല്ലൊരു ശതമാനം വോട്ടുകള്‍ക്ക് കാരണം മോദിയുടെ വ്യക്തിപ്രഭാവവും. ആര്‍എസ്എസിന്റെ സംഘടനാതലത്തിലുള്ള സജീവമായ ഇടപെടലും സമാനതകളില്ലാത്ത പങ്കുവഹിച്ചു. എന്നാല്‍ ഇത്തവണത്തെ കഥയങ്ങ് മാറി. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ട് മുമ്പ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ മാധവ്ദാസ് നാലപ്പാട്ട് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. 2019ല്‍ ബിജെപിക്ക് ലഭിക്കുന്ന 70 ശതമാനത്തോളം വോട്ടുകള്‍ക്ക് കാരണം മോദി ഫാക്റ്ററായിരിക്കും. 20 ശതമാനം ബിജെപിയോടുള്ള കൂറിന്റെ ഫലമായി കരുതാം. 10 ശതമാനം സ്ഥാനാര്‍ത്ഥികളോടുള്ള പ്രതിപത്തിയും. ഈ നിരീക്ഷണം അത്ര വലിയ അതിശയോക്തിയായി കാണേണ്ടതില്ലെന്നാണ് ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

അത്യുയരത്തില്‍….

അതിവേഗം, അത്യുയരത്തില്‍, അതിശക്തം…ഇങ്ങനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തെ. ഇന്ദിരാ ഗാന്ധിക്ക് ശേഷം സ്വന്തം തോളിലേറ്റി ഇത്രയും ശക്തമായി ഒരു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ സാധിച്ചത് മോദിക്ക് മാത്രം.

അടിയന്തരാവസ്ഥയെ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പിലായിരുന്നു ആര്‍എസ്എസ് അതിന്റെ സംഘടനാസംവിധാനം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി ആദ്യമായി പ്രത്യക്ഷരാഷ്ട്രീയ ഇടപെടല്‍ നടത്തിയത്. അതിന് ശേഷം അത് കണ്ടത് 2014ല്‍ ആയിരുന്നു. മോദിയുടെ വ്യക്തിപ്രഭാവം മികച്ച രീതിയില്‍ നിലനിന്നിരുന്നെങ്കില്‍ പോലും വിവിധ തട്ടുകളിലുള്ള സംഘത്തിന്റെ സക്രിയവും സമഗ്രവുമായ ഇടപെടല്‍ വലിയ തോതില്‍ ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യം രാഷ്ട്രത്തിനായി അത്തരമൊരു ഇടപെടല്‍ നടത്താന്‍ അനിവാര്യമായിരുന്നു എന്നാണ് ഇതിനെ കുറിച്ച് സംഘപരിവാറിനെ കുറിച്ച് പഠനം നടത്തുന്ന പല നിരീക്ഷകരും പറഞ്ഞത്. എന്നാല്‍ ഇത്തവണ അതിന് സമാനമായ ഒരു ഇടപെടലിനുള്ള സാഹചര്യം കുറവാണെന്നും വിലയിരുത്തപ്പെട്ടു. അതുകൊണ്ടു തന്നെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടുതലും മോദി കേന്ദ്രീകൃതമായിരുന്നു.

ബിജെപിക്ക് സീറ്റ് കുറഞ്ഞാലും എന്‍ഡിഎക്ക് ഭരണം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും എല്ലാം അത് മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെയുള്ള വിലയിരുത്തലുകളായി മാറാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ടായിരുന്നു. എന്തിന്, ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ നിതിന്‍ ഗഡ്ക്കരിയെ പ്രധാനമന്ത്രിയാക്കാനാണ് ആര്‍എസ്എസ് നീക്കമെന്ന് വരെയുള്ള പല റിപ്പോര്‍ട്ടുകളും വന്നു. അതുകൊണ്ടുതന്നെ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെയും കടത്തിവെട്ടിയുള്ള ഇത്തവണത്തെ മിന്നുന്ന പ്രകടനം മോദിക്കു നല്‍കുന്നത് ഇരട്ടിമധുരമാണ്.

പല തരത്തിലുള്ള വെല്ലുവിളികളെ ഒരുപോലെ അതിജീവിച്ചാണ് മോദി ബിജെപിയെ രാജകീയമായി വീണ്ടും അധികാരത്തിലെത്തിക്കുന്നത്. മോദി മുക്ത ഇന്ത്യക്കായി അത്രമാത്രം വലിയ മുന്നേറ്റം സൃഷ്ടിക്കുന്നുവെന്ന പ്രതീതിയാണ് പ്രതിപക്ഷമുണ്ടാക്കിയെടുത്തത്. മോദിയെ ഏത് വിധേനെയും തടയുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് കാംപെയ്ന്‍. മോദിയുമായി തെറ്റിയ ചന്ദ്രബാബു നായിഡു ഏത് വിധേനെയും മോദി ഭരണത്തിന് തടയിടാന്‍ അരയും തലയും മുറുക്കി രാജ്യത്തങ്ങോളം ഓടിനടന്നു. ഒടുവില്‍ നായിഡുവിന്റെ കാലിനടിയിലെ മണ്ണൊലിച്ചുപോയെന്നത് വേറെക്കാര്യം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ വിജയത്തിനും മോദി മുക്ത ഇന്ത്യക്കുമായി അതിഗംഭീര റാലികളുമായി രാജ് താക്കറെ നിറഞ്ഞു നിന്നു. ഒടുവില്‍ മറാത്ത മണ്ണില്‍ കണ്ടത് ബിജെപിയുടെ തേരോട്ടം തന്നെ. ഇതിന് പുറമെയായിരുന്നു നോട്ട് അസാധുവാക്കലും ജിഎസ്ടിയും സാമ്പത്തിക തളര്‍ച്ചയും തൊഴിലില്ലായ്മയുമെല്ലാം പറഞ്ഞുള്ള വിമര്‍ശനങ്ങള്‍. പബ്ലിസിറ്റി പ്രിയനെന്നുള്ള ട്രോളുകള്‍ വേറെയും. എന്നാല്‍ നെഗറ്റീവ് പ്ബ്ലിസിറ്റിയെ എല്ലാം തനിക്ക് അനുകൂലമാക്കി മാറ്റുന്ന അസാധാരണമായ ബ്രാന്‍ഡിംഗ് മികവിലൂടെയാണ് തന്നോളം ജനകീയനായ നേതാവ് സമകാലീന ഇന്ത്യയില്‍ വേറെയില്ലെന്ന് മോദി ബോധ്യപ്പെടുത്തുന്നത്.

എന്താണ് മോദിക്ക് തുണയായത്

സാധാരണക്കാരുടെ വികാരങ്ങള്‍ക്കനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കപ്പുറത്ത് ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിടാന്‍ മോദിക്ക് സാധിച്ചുവെന്നത് കാണാതിരുന്നുകൂടാ. ഇതിന്റെ പേരില്‍ പരിഹാസ്യനാക്കപ്പെട്ടെങ്കിലും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റെങ്കിലും അതിന് മോദി തയാറായി എന്നത് വലിയൊരു പരീക്ഷണം തന്നെയായിരുന്നു. സമ്പദ് വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണമെന്ന സങ്കീര്‍ണമായ പ്രക്രിയയ്ക്ക് തുടക്കമിടുന്നതിന് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് സാധിച്ചു.

ചരക്കുസേവനനികുതിയുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെങ്കിലും രാജ്യം ഒറ്റ നികുതിയെന്ന സംവിധാനത്തിലേക്ക് വലിയ പരിക്കുകളില്ലാതെ കയറിയെന്നത് ശ്രദ്ധേയമാണ്. ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളുടെ ലോകബാങ്ക് പട്ടികയില്‍ വലിയ കുതിപ്പ് തന്നെയുണ്ടാക്കാന്‍ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ന് 77 ആണ് ഈസ്ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം.

Comments

comments

Categories: FK Special
Tags: Modi