ചെറുനാരങ്ങയുടെ ഗുണം

ചെറുനാരങ്ങയുടെ ഗുണം

ആന്തരികാവയവങ്ങള്‍ ശുദ്ധീകരിക്കാനും ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാനും അമ്ലഫലങ്ങള്‍ക്കുള്ള കഴിവ് ചെറുതല്ല

ദാഹശമിനിയായി വ്യാപകമായി ഉപയോഗിക്കുന്ന ചെറുനാരങ്ങ തെക്കനേഷ്യയില്‍ നിന്നുള്ള ഫലമാണ്. ഇവയ്ക്ക് ഒട്ടേറെ ആരോഗ്യകരമായ ഗുണഗണങ്ങളുണ്ടെന്നു മാത്രമല്ല, ഇവ പോഷകസമൃദ്ധവുമാണ്.  പരമ്പരാഗത ചികില്‍സകളില്‍ ചെറുനാരങ്ങയ്ക്കും നാരകത്തിനും നീണ്ട കാലത്തെ ചരിത്രമുണ്ട്. ഇവ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ്. നാരങ്ങ നീരും നാരങ്ങാസര്‍ബത്തും കുടിക്കുന്നതു കൊണ്ട് ശരീരത്തിന് നിരവധി നേട്ടങ്ങളുണ്ടാകുമെന്നതു കാലങ്ങളായി തെളിഞ്ഞ സത്യം.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇവയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്നതു തന്നെ. ഇവ കോശങ്ങളെ സംരക്ഷിക്കുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റാണ്. മത്രമല്ല വിറ്റാമിന്‍ സി ആഹാരത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുകയും രോഗപ്രതിരോധ വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മുറിവുണക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നതും ശരീരത്തില്‍ സര്‍വ്വധാരാളമായി കണ്ടുവരുന്നതുമായ കൊളാജന്‍ എന്ന മാംസ്യം ഉല്‍പ്പാദിപ്പിക്കുന്നതിനും ശരീരം വിറ്റാമിന്‍ സി ഉപയോഗിക്കുന്നു. സര്‍വ്വോപരി വിറ്റാമിന്‍ സി രോഗപ്രതിരോധശേഷിയും കൂട്ടുന്നു.

ചെറുനാരങ്ങയില്‍ ധാരാളം ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ഉപാപചയ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതടക്കം നിരവധി ആരോഗ്യസംബന്ധിയായ ഗുണങ്ങളുള്ള ഫൈറ്റോകെകെമിക്കലുകളാണവ. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും കോശപഠങ്ങളിലും നിന്ന് ഫ്‌ളേവനോയ്ഡുകള്‍ക്ക് ഉപാപചയപ്രശ്‌നങ്ങള്‍ ശമിപ്പിക്കാനും കാന്‍സര്‍ പ്രതിരോധത്തിനും നാഡികളെ സംരക്ഷിക്കാനുമുള്ള കഴിവുണ്ട്. എങ്കിലും മനുഷ്യരില്‍ ഇവയുടെ പ്രഭാവം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

ചെറുനാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പ്രമേഹം, അര്‍ബുദം, സ്മൃതിഭ്രംശം തുടങ്ങിയ ആജീവനാന്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. ഇത്തരം രോഗാവസ്ഥ വരുന്നത് തടയാനും ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും. ഇത്തരം അസുഖങ്ങള്‍ വരുന്നത് പല തരം കോശങ്ങള്‍ നശിക്കുന്നതു മൂലമാണ്. ഈ കോശങ്ങളെ സജീവമാക്കി രോഗങ്ങള്‍ തടയാനും പ്രതിരോധിക്കാനും നാരങ്ങാനീര് സേവ കൊണ്ട് കഴിയുന്നു.

ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. നാരങ്ങാനീര് സ്ഥിരമായി ഉപയോഗിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കാനും മേദസ് ദഹിപ്പിക്കാനും ഉത്തമമാണ്. തൂക്കം കുറയ്ക്കാനുള്ള പല ആഹാരക്രമങ്ങളിലും ചെറുനാരങ്ങ മുഖ്യഘടകമാണ്. അവയിലടങ്ങിയ ജലാംശവും നാരുകളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കലോറി ഉപഭോഗവും പതിവ് വ്യായാമവും മറ്റ് ജീവിതശൈലി മെച്ചപ്പെടുത്തലുകളും മൂലം ഭാരനിയന്ത്രണം സാധ്യമാക്കാം.

ചെറുനാരങ്ങയില്‍ അടങ്ങിയ സിട്രിക് ആസിഡ് മറ്റു പല ഭക്ഷണസാധനങ്ങളെയും അപേക്ഷിച്ച് താരതമ്യേന വീര്യമുള്ള അമ്ലമാണ്. സിട്രിക്ക് അമ്ലം അടങ്ങിയത് കൊണ്ട് നല്ല വിശപ്പും ആഹാരത്തിനു രുചിയുമുണ്ടാക്കുന്നു. മോണരോഗങ്ങള്‍, ദന്തക്ഷയം വായ്‌നാറ്റം പല്ലുകള്‍ക്കുള്ള തേയ്മാനം, പല്ലുകളില്‍ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ്, വായിലുണ്ടാകുന്ന വ്രണങ്ങള്‍ എന്നീ രോഗങ്ങള്‍ക്ക് ചെറുനാരങ്ങാനീര് ഫലപ്രദമാണ്.

പാചകത്തില്‍ ഒരു പ്രധാന ഘടകമാണ് ചെറുനാരങ്ങ. ഇവയുടെ ചെറിയ പുളിപ്പ് കറികള്‍ക്കും പാനീയങ്ങള്‍ക്കും പ്രത്യേക രുചി നല്‍കുന്നു. ഇവയുടെ തൊലിയും സവിശേഷമായ കയ്പുള്ള സുഗന്ധം ഉണ്ടാക്കും. സാലഡ് വറുത്ത മല്‍സ്യം, മാസം എന്നിവയ്‌ക്കൊപ്പവും പാചകം ചെയ്യുമ്പോള്‍ മാംസത്തിന് മൃദുത്വം കിട്ടാനും ചെറുനാരങ്ങാനീര് ഉപയോഗിക്കാറുണ്ട്.

ചൂടുള്ളതും തണുത്തതും ആയ പാനീയങ്ങളുണ്ടാക്കാന്‍ ചെറുനാരങ്ങ നല്ലൊരു ചേരുവയാണ്. ഉദാഹരണത്തിന്, കനത്ത ചൂടുസമയത്ത് നാരങ്ങാ വെള്ളമോ ജ്യൂസോ ഉണ്ടാക്കാമെന്നതുപോല ലെമണ്‍ചായയും ഉണ്ടാക്കാം. ഉയര്‍ന്ന അമ്ലഗുണമുള്ളതിനാന്‍ ബാക്റ്റീരിയയെ കൊല്ലുന്നതിനും ഇവ ഫലപ്രദമാണ്. ഇന്ന് ബ്ലീച്ച് മുതല്‍ തറ ശുദ്ധീകരിക്കാനുള്ള ക്ലീനര്‍ വരെ നിരവധി സിട്രസ് അധിഷ്ഠിത ക്ലീനിംഗ് ഉല്‍പന്നങ്ങളുടെ ഒരു ശ്രേണി തന്നെ വിപണിയില്‍ ലഭ്യമാണ്.

Comments

comments

Categories: Health
Tags: Lemon