ഇന്ത്യ ‘വോട്ട്ബാങ്ക് രാഷ്ട്രീയം’ കൈവിട്ടു: ജുന്‍ജുന്‍വാല

ഇന്ത്യ ‘വോട്ട്ബാങ്ക് രാഷ്ട്രീയം’ കൈവിട്ടു: ജുന്‍ജുന്‍വാല

2020-2030 കാലഘട്ടത്തില്‍ ഇന്ത്യ വളരെ ഉയര്‍ന്ന വളര്‍ച്ച കാഴ്ച്ചവെക്കുമെന്ന് നിക്ഷേപ മാന്ത്രികന്‍. മോദിയുടെ വിജയം കപടമതേതര രാഷ്ട്രീയത്തിനെതിരെയുള്ളതെന്നും ജുന്‍ജുന്‍വാല

ന്യൂഡെല്‍ഹി: വോട്ട് ബാങ്ക്, കപട മതേതരത്വം, ജാതീയത എന്നിവയിലൂന്നിയ രാഷ്ട്രീയത്തില്‍ നിന്ന് പക്വമായ രാഷ്ട്രീയവീക്ഷണത്തിലേക്ക് മാറിയെന്നതിനു തെളിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ വീണ്ടും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല. ഇറ്റിനൗ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഗുണകരമായ സാമ്പത്തിക നയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം സമ്പന്നമായ ഒരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ സഹായിക്കുമെന്നും ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന നിക്ഷേപകന്‍ അഭിപ്രായപ്പെട്ടു.

ആദ്യ തവണ അധികാരത്തിലെത്തിയതുപോലെയല്ല രണ്ടാം വട്ടം എന്‍ഡിഎ അധികാരത്തിലെത്തുന്നത്. ഈ ജനവിധി എന്താണോ ശരി, എന്താണോ യാഥാര്‍ത്ഥ്യം അത് നടപ്പിലാക്കാനും ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാനും എന്‍ഡിഎയെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ ഭൂനിയമങ്ങള്‍, തൊഴിലാളി നിയമങ്ങള്‍, സ്വകാര്യവല്‍ക്കരണം എന്നിവയ്ക്കു പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഓട്ടോ വ്യവസായം പോലുള്ള മേഖലകളില്‍ കാണുന്ന മാന്ദ്യം താല്‍കാലികമാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്റെ വളര്‍ച്ചയെ ദീര്‍ഘകാലത്തേക്ക് മാന്ദ്യത്തിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അടുത്ത വര്‍ഷം ബോംബൈ ഓഹരി വിപണിയില്‍ നിന്ന് വലിയ നേട്ടം കൊയ്യാനാകും. ആഗോലതലത്തില്‍ നിന്നും വര്‍ധിച്ച നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് അടുത്ത ദശാബ്ദം ഇന്ത്യ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Categories: FK News, Slider